നിര്‍ഭയകേസില്‍ പ്രതികളെ തൂക്കിലേറ്റിയത് രാജ്യത്തിന്റെ പിന്തുണകൊണ്ട്, ബില്‍ക്കിസ് ബാനുവിനൊപ്പം രാജ്യം നില്‍ക്കാത്തത് അവരുടെ മതം കാരണവും: അരുന്ധതി റോയ്
national news
നിര്‍ഭയകേസില്‍ പ്രതികളെ തൂക്കിലേറ്റിയത് രാജ്യത്തിന്റെ പിന്തുണകൊണ്ട്, ബില്‍ക്കിസ് ബാനുവിനൊപ്പം രാജ്യം നില്‍ക്കാത്തത് അവരുടെ മതം കാരണവും: അരുന്ധതി റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st August 2022, 8:58 am

അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും മാന്‍ ബുക്കര്‍ അവാര്‍ഡ് ജേതാവുമായ അരുന്ധതി റോയ്. ബില്‍ക്കിസ് ബാനു കേസില്‍ സര്‍ക്കാര്‍ പ്രതികളുടെ പക്ഷത്താണെന്നും അതിന് കാരണം ഇരയുടെ ജാതിയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

നിര്‍ഭയ ബലാത്സംഗക്കേസുമായി ബന്ധിപ്പിച്ചായിരുന്നു അരുന്ധതിറോയിയുടെ പരാമര്‍ശം.

‘നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ തൂക്കിലേറ്റി. കാരണം രാജ്യം അന്ന് നിന്നത് ഇരക്കൊപ്പമായിരുന്നു.

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ പൂമാലയണിയിച്ച് സ്വീകരിക്കുകയാണ്. കാരണം ഭരണപക്ഷം പ്രതികളുടെ പക്ഷത്താണ്. രാജ്യം ഇരയെ നിന്ദിക്കുന്നത് അവരുടെ മതം കാരണമാണ്,’ അരുന്ധതി റോയ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കിസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ബില്‍ക്കിസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു.

ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നു. 2008 ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഇതില്‍ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഐക്യകണ്ഠേന ഉത്തരവിട്ടത്.

ആ സമിതിയില്‍ നിയോഗിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബി.ജെ.പിക്കാരാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനമെന്ന റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു. ബലാത്സംഗക്കേസില്‍ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് വിധിച്ചവരുടെയോ ശിക്ഷാ കാലവധിയില്‍ ഇളവ് വരുത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിഷേധിച്ചിരുന്നു.

‘ആസാദി കാ അമൃത് മഹോത്സവത്തില്‍ ഒരു അഞ്ചുമാസം ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്നു വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലുകയും ചെയ്ത പ്രതികള്‍ ജയില്‍ മോചിതരായിരിക്കുന്നു. ‘നാരി ശക്തി’യെ കുറിച്ച് കള്ളം പറയുന്നവര്‍ എന്ത് സന്ദേശമാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്നത്? പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വ്യത്യാസം രാജ്യം മുഴുവന്‍ കാണുന്നുണ്ട്’-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Arundhati Roy reacts to gujarat goverment’s decision to leave the gang rape culprits