2000ത്തില്‍ ഫാസില്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് അരുണ്‍ ചെറുകാവില്‍. ശേഷം 2002ല്‍ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയില്‍ ‘വട്ടയില പന്തലിട്ട്’ എന്ന ഗാനത്തിലും അരുണ്‍ അഭിനയിച്ചു.
പിന്നീട് 2004ല്‍ ജയരാജ് സംവിധാനം ചെയ്ത 4 ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ അരവിന്ദ് എന്ന കഥാപാത്രമായിട്ടായിരുന്നു അരുണ്‍ എത്തുന്നത്.
ഇപ്പോള്‍ താന്‍ 4 ദി പിപ്പീള്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അരുണ്‍ ചെറുകാവില്‍. അതിലേക്ക് ഏറ്റവും അവസാനം വന്നിട്ടുള്ള ആള്‍ താനാണെന്നാണ് നടന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ആദ്യ സിനിമ ഇറങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞിട്ടാണ് 4 ദി പീപ്പിള്‍ എന്ന പടം ഇറങ്ങുന്നത്. ആ സിനിമയില്‍ ഏറ്റവും അവസാനം വന്നിട്ടുള്ള ആളാണ് ഞാന്‍. അന്ന് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് നമ്മള്‍ ഫോട്ടോകളൊക്കെ ഓരോയിടത്തും എത്തിക്കുന്ന സമയമായിരുന്നു.
പെട്ടെന്ന് ഒരു ദിവസം സെവന്‍ ആര്‍ട്‌സിലെ മോഹന്‍ സാറിന്റെ കോള്‍ വരികയായിരുന്നു. ‘നിങ്ങളുടെ ഒരു ഫോട്ടോ ഇവിടെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. നാളെ ഒന്ന് പെട്ടെന്ന് വരാന്‍ പറ്റുമോ?’ എന്നാണ് ചോദിച്ചത്.
പനമ്പള്ളി നഗറിലായിരുന്നു എന്നോട് വരാന്‍ പറഞ്ഞത്. അവിടെയുള്ള കമ്പനിയുടെ പ്രൊഡക്ഷന്‍ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ പുറത്തൊരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അയാളെ പരിചയപ്പെട്ടു. ‘ജാസി എന്നാണ് പേര്. സംഗീത സംവിധായകനാണ്’ എന്നായിരുന്നു എന്നോട് പറഞ്ഞത്.
ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ട ശേഷം തൊട്ടടുത്തുള്ള ചെറിയ ചായകടയില്‍ പോയി ചായയൊക്കെ കുടിച്ച് വന്നു. പിന്നീട് ഓഫീസിന് അകത്ത് കയറിപ്പോള്‍ സിനിമയുടെ അസോസിയേറ്റിനെ പരിചയപ്പെട്ടു. ബ്ലെസി എന്നാണ് പേര് പറഞ്ഞത്.
ഇപ്പോഴത്തെ സംവിധായകനായ ബ്ലെസി ചേട്ടനായിരുന്നു അത്. പിന്നെ കൂടെ ഇക്ബാല്‍ കുറ്റിപ്പുറവും ഉണ്ടായിരുന്നു. അവര്‍ ആ സിനിമയിലെ തന്നെ കുറച്ച് ഡയലോഗുകള്‍ പറയിപ്പിച്ചു. പിന്നെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു.
കുറച്ച് കഴിഞ്ഞതും ‘നാളെ ജോയിന്‍ ചെയ്യണം’ എന്നാണ് എന്നോട് പറയുന്നത്. തൊട്ടടുത്ത ദിവസം തന്നെ ജോയിന്‍ ചെയ്യണമായിരുന്നു. 34 ദിവസം ഷൂട്ട് ഉണ്ടാകുമെന്നും പറഞ്ഞു. പിന്നീടാണ് നമ്മള്‍ ഏറെ താത്പര്യത്തോടെ കണ്ട സിനിമയുടെ ഛായാഗ്രാഹകന്‍ ആര്‍.ഡിയാണ് (ആര്‍.ഡി. രാജശേഖര്‍) ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതെന്ന് അറിയുന്നത്.
കാക്ക കാക്ക സിനിമ ആ സമയത്ത് വലിയ ഓളമുണ്ടാക്കി നില്‍ക്കുകയായിരുന്നു. പിന്നീട് ബോയ്‌സ് സിനിമയില്‍ അഭിനയിച്ച ഭരത് ഉണ്ടെന്ന് അറിഞ്ഞു. ആ പരിപാടി അതോടെ കുറച്ചു കൂടി വലുതായി. നരേനും കൂടെ ഉണ്ടായിരുന്നു. സുഹൃത്തുക്കളുടെ ഒരു കൂട്ടമായിരുന്നു അത്,’ അരുണ്‍ ചെറുകാവില്‍ പറയുന്നു.
Content Highlight: Arun Cherukavil Talks About 4 The People Movie