ആ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ അതില്‍ അസോസിയേറ്റ് ഡയറക്ടറാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ആളാണ് ബ്ലെസി സാര്‍: അരുണ്‍ ചെറുകാവില്‍
Entertainment
ആ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ അതില്‍ അസോസിയേറ്റ് ഡയറക്ടറാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ആളാണ് ബ്ലെസി സാര്‍: അരുണ്‍ ചെറുകാവില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 1:24 pm

ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അരുണ്‍ ചെറുകാവില്‍. ഫോര്‍ ദി പീപ്പിളിലെ കഥാപാത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും അരുണ്‍ തന്റെ സാന്നിധ്യമറിയിച്ചു. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന റോന്തിലും താരം ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ, ഇന്നും വലിയ ഫാന്‍ ഫോളോയിങ്ങുള്ള ഫോര്‍ ദി പീപ്പിളിനെക്കുറിച്ച് സംസാരിക്കുകയാണ് അരുണ്‍ ചെറുകാവില്‍. ആ സിനിമയിലേക്ക് ഏറ്റവും അവസാനം വിളിച്ചത് തന്നെയാണെന്ന് അരുണ്‍ പറഞ്ഞു. നിര്‍മാതാവ് സെവന്‍ ആര്‍ട്‌സ് മോഹന്‍ വഴിയാണ് ആ സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതെന്നും എറണാകുളത്ത് ഓഡിഷന് ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജയരാജിന്റെ ഓഫീസിലെത്തിയപ്പോള്‍ അവിടെ അദ്ദേഹം എത്തിയില്ലായിരുന്നെന്നും ഓഫീസിന്റെ പുറത്ത് കാത്തിരുന്നപ്പോള്‍ തന്റെ കൂടെ ജാസി ഗിഫ്റ്റും ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ സംഗീതസംവിധായനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയെന്നും തങ്ങള്‍ ഒരുമിച്ച് ചായ കുടിക്കാന്‍ പോയെന്നും അരുണ്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫോര്‍ ദി പീപ്പിളിലേക്ക് ഏറ്റവും അവസാനമെത്തിയ ആള്‍ ഞാനാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ചെയ്ത് കഴിഞ്ഞ് രണ്ടുമൂന്ന് വര്‍ഷത്തിന് ശേഷമാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. നിര്‍മാതാവ് സെവന്‍ ആര്‍ട്‌സ് മോഹന്‍ സാറാണ് എന്നെ ആ പടത്തിലേക്ക് സജസ്റ്റ് ചെയ്തത്. എറണാകുളത്ത് ജയരാജ് സാറിന്റെ ഓഫീസിലേക്ക് എത്താമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് പോയി.

അവിടെയെത്തിയപ്പോള്‍ അദ്ദേഹം വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓഫീസിന് പുറത്ത് കാത്തുനിന്നപ്പോള്‍ മറ്റൊരാള്‍ കൂടെ അവിടെയുണ്ടായിരുന്നു. ‘ഈ പടത്തിന്റെ സംഗീത സംവിധായകനാണ്. പേര് ജാസി’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അന്നാണ് ഞാന്‍ പുള്ളിയെ ആദ്യമായി കണ്ടത്. സിനിമയെക്കുറിച്ച് കൂടുതലൊന്നും എന്നോട് സംസാരിച്ചില്ല.

ഞങ്ങള്‍ എന്നിട്ട് ചായ കുടിക്കാന്‍ വേണ്ടി പോയി. ആ സമയത്ത് ജയരാജ് സാര്‍ വന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസിനുള്ളിലേക്ക് കയറി. അവിടെ അദ്ദേഹത്തിന്റെ അസോസിയേറ്റും ഉണ്ടായിരുന്നു. ബ്ലെസി സാറായിരുന്നു അത്. സിനിമയിലെ ഒന്നുരണ്ട് ഡയലോഗ് എന്നെക്കൊണ്ട് പറയിപ്പിച്ചു. കുറച്ച് കഴിഞ്ഞ് ജയരാജ് സാര്‍ എന്റെയടുത്ത് വന്നിട്ട് ‘എടാ നീ നാളെത്തന്നെ ഈ പടത്തില്‍ ജോയിന്‍ ചെയ്യണം’ എന്ന് പറഞ്ഞു. അങ്ങനെയാണ് ഫോര്‍ ദി പീപ്പിളില്‍ ഞാനെത്തിയത്,’ അരുണ്‍ ചെറുകാവില്‍ പറഞ്ഞു.

 

Content Highlight: Arun Cherukavil explains how he became the part of For The People movie