ആദ്യം കഥ പറയാന്‍ പോയത് രാജുവേട്ടന്റെയടുത്ത്, അതിനൊരു കാരണവുമുണ്ട്: അരുണ്‍ ചന്തു
Entertainment
ആദ്യം കഥ പറയാന്‍ പോയത് രാജുവേട്ടന്റെയടുത്ത്, അതിനൊരു കാരണവുമുണ്ട്: അരുണ്‍ ചന്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th July 2024, 2:15 pm

പരീക്ഷണ ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന ഏറ്റവും പുതിയ ചിത്രമാണ് ഗഗനചാരി. സാജന്‍ ബേക്കറി, സായാഹ്ന വാര്‍ത്തകള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മാരിക്കാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

അന്യഗ്രഹജീവികളുടെ കടന്നുവരവ് കാരണം ദുസ്സഹമായ 2040ലെ പോസ്റ്റ് അപ്പോകാലിപ്റ്റിക് കേരളത്തിലാണ് സിനിമയുടെ കഥ സെറ്റ് ചെയ്തിരിക്കുന്നത്. മോക്ക്യുമെന്ററി ഴോണറില്‍ രസകരമായി കഥ പറഞ്ഞിരിക്കുന്ന സിനിമ ആദ്യവാരം വളരെ കുറച്ച് സ്‌ക്രീനുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്. പിന്നീട് മൗത്ത് പബ്ലിസിറ്റി വഴി ചിത്രം കൂടുതല്‍ തിയേറ്ററുകളില്‍ വ്യാപിക്കുകയായിരുന്നു.

എന്നാല്‍ തന്റെ ആദ്യ സിനിമയായി പ്ലാന്‍ ചെയ്തത് ഗഗനചാരിയെക്കാള്‍ വലിയ ബജറ്റിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നുവെന്ന് സംവിധായകന്‍ അരുണ്‍ ചന്തു പറഞ്ഞു. സിയാറ്റിലുമായി കൊളാബറേറ്റ് ചെയ്തുകൊണ്ടുള്ള പ്രോജക്ടായിരുന്നു അതെന്നും അരുണ്‍ പറഞ്ഞു. എന്ന് നിന്റെ മൊയ്തീന്റെ ഷൂട്ട് നടക്കുന്ന സമയത്ത് അതിന്റെ ലൊക്കേഷനില്‍ പോയി പൃഥ്വിരാജിനോട് കഥ പറഞ്ഞുവെന്നും രാജുവിന് കഥ ഇഷ്ടമായെന്നും അരുണ്‍ പറഞ്ഞു.

എക്‌സ്പിരിമെന്റല്‍ സിനിമകള്‍ ചെയ്യാന്‍ ധൈര്യത്തോടെ സമീപിക്കാന്‍ കഴിയുന്ന മലയാളത്തിലെ ഒരേയൊരു സ്റ്റാര്‍ പൃഥ്വിയാണെന്നും അരുണ്‍ ചന്തു പറഞ്ഞു. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത കഥാപരിസരമാണെങ്കില്‍ അതിനെപ്പറ്റി കൂടുതലായി അറിയാന്‍ പൃഥ്വിക്ക് ക്യൂരിയോസിറ്റിയാണെന്നും അരുണ്‍ കൂട്ടിചേര്‍ത്തു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ ആദ്യ സിനിമയായി ഞാന്‍ ആലോചിച്ചത് ‘ബ്രോഡ്കാസ്റ്റ്’ എന്ന സിനിമയായിരുന്നു. അതൊരു സയന്‍സ് ഫിക്ഷന്‍ സ്‌പേസ് അഡ്വഞ്ചര്‍ സിനിമയായിരുന്നു. പൃഥ്വിരാജിനെയായിരുന്നു ഹീറോയായി പരിഗണിച്ചത്. എന്ന് നിന്റെ മൊയ്തീന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ജോമോന്‍ ടി. ജോണ്‍ വഴി ഞാന്‍ രാജുവേട്ടന്റെ അപ്പോയിന്റ്‌മെന്റ് വാങ്ങി. സിയാറ്റിലുമായി കൊളാബറേറ്റ് ചെയ്തുകൊണ്ടുള്ള പ്രൊജക്ടായിരുന്നു അത്.

കഥ കേട്ടപ്പോള്‍ രാജുവേട്ടനും ഇഷ്ടമായി. പരീക്ഷണ സിനിമകളും കൊണ്ട് ധൈര്യമായി അപ്പ്രോച്ച് ചെയ്യാന്‍ പറ്റുന്ന മലയാളത്തിലെ ഒരേയൊരു സ്റ്റാര്‍ പൃഥ്വിയാണ്. കാരണം, നമുക്ക് ഒട്ടും പരിചയമില്ലാത്ത കഥാപരിസരത്തെപ്പറ്റി സംസാരിക്കുമ്പോള്‍ അതിനെപ്പറ്റി പുള്ളി ആകാംക്ഷയോടെ കേട്ടിരിക്കും. അങ്ങനെയൊരു ക്വാളിറ്റി അധികം ആളുകള്‍ക്ക് ഉണ്ടാകില്ല,’ അരുണ്‍ ചന്തു പറഞ്ഞു.

Content Highlight: Arun Chandu saying that he approached Prithvi for his first movie