ആയതിനാല്‍ നമുക്കു മുത്തങ്ങയെ കുറിച്ച് ഇനിയും സംസാരിക്കേണ്ടതുണ്ട്
Opinion
ആയതിനാല്‍ നമുക്കു മുത്തങ്ങയെ കുറിച്ച് ഇനിയും സംസാരിക്കേണ്ടതുണ്ട്
ന്യൂസ് ഡെസ്‌ക്
Saturday, 24th June 2017, 6:00 pm

ഒരു സംഭവം (incident) നടന്നു കഴിഞ്ഞാലുണ്ടാകുന്ന ചര്‍ച്ചകളുടെ പൊതുസ്വഭാവം ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നാറുണ്ട്. നടന്നു കഴിഞ്ഞിരിക്കുന്ന ഇന്‍സിഡെന്റിനെ കുറിച്ച് സംസാരിക്കുക എന്നതില്‍ കവിഞ്ഞ് എന്തുകൊണ്ട് അത്തരമൊരു സംഭവമുണ്ടായി എന്നുള്ള ചര്‍ച്ച കാര്യമായി ഉണ്ടാകാറില്ല.

കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള കാര്യകാരണങ്ങള്‍ മാധ്യമങ്ങള്‍ എഴുതാതിരിക്കുന്നതിനെ കുറിച്ചു ചിന്തിക്കണമെന്ന് ഒരിക്കല്‍ പി. സായ്‌നാഥ് പറയുകയുണ്ടായി. അതുപോലെ തന്നെയാണു ചിലര്‍ മുത്തങ്ങ സമരത്തെ കുറിച്ചു സംസാരിക്കുമ്പോഴും കാണിക്കുന്ന വൈഭവം.


Also Read: താമസിക്കാന്‍ വീടില്ല; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ജോലി വിടുന്നു; ചിലര്‍ ലൈംഗികവൃത്തിയിലേക്ക് തന്നെ മടങ്ങിയെന്നും വെളിപ്പെടുത്തല്‍


മുത്തങ്ങയില്‍ എന്തു സംഭവിച്ചുവെന്നേ അവര്‍ പറയൂ. ആദിവാസി, റിപ്പബ്ലിക്ക് ഉണ്ടാക്കാന്‍ പോയെന്നും സംരക്ഷിത വനംഭൂമി കയ്യേറിയെന്നും അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കും. അതിനായി ചെറിപിക്കിങ്ങും (cherry picking) നടത്തും. ആദിവാസികളെ ചിലതീവ്രവാദികള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നു കവിടി നിരത്തി പറയും. എന്നാല്‍ എന്തുകൊണ്ടു മുത്തങ്ങ സംഭവിച്ചുവെന്നുള്ള കാര്യത്തില്‍ നിശബ്ദത പുലര്‍ത്തും.

ആദ്യമേ പറയട്ടെ, ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ സമരം നടത്തിയത് ബിര്‍ളയ്ക്ക് യൂക്കാലി കൃഷി ചെയ്യാന്‍ പാട്ടത്തിനു നല്‍കിയ ഭൂമിയിലായിരുന്നു. അതും പാട്ടകാലാവധി കഴിഞ്ഞു കിടന്നിരുന്ന ഭൂമിയിലായിരുന്നു സമരം നടന്നത്. വനഭൂമി ബിര്‍ളയ്ക്ക് യൂക്കാലി കൃഷി ചെയ്യാന്‍ നല്‍കിയപ്പോള്‍ ഇല്ലാതിരുന്ന വൈക്ലബ്യം ആദിവാസി സമരം ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിന്റെ ചേതോവികാരം മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യാം. കര്‍ഷകതൊഴിലാളിയെ കുറിച്ച് നിശബ്ദതപാലിച്ചു കര്‍ഷകന്റെ കാര്യത്തില്‍ “മാത്രം” വേവലാതിപ്പെടുന്നതിലെ കാര്യകാരണങ്ങളും മറ്റൊരു അവസരത്തില്‍ പരിശോധിക്കാം.

മുത്തങ്ങ സമരം നടന്ന ഭൂമി ആദിവാസികള്‍ക്ക് കൊളോണിയല്‍ കാലത്തുണ്ടാക്കിയ നിയമത്തില്‍ പോലും നടപ്പവകാശമുള്ള ഭൂമിയായിരുന്നു. 1942-ല്‍ ബ്രിട്ടീഷുകാര്‍ ഈ ഭൂമി അവരുടെ കസ്റ്റഡിയില്‍ കൊണ്ടുവന്നപ്പോള്‍ ആദിവാസികള്‍ക്ക് അവിടെ പാട്ടക്കാര്‍ എന്ന നിലയില്‍ അവകാശം നല്‍കിയിരുന്നു. Tenancy at will എന്നായിരുന്നു ആക്റ്റില്‍ പറഞ്ഞിരുന്നത്. ട്രഡീഷണല്‍ റൈറ്റ്‌സ് ഉള്ള ഏരിയായായിരുന്നു സമര സ്ഥലം.

സ്വാതന്ത്ര്യാനന്തരം അതു റിസര്‍വ് ഫോറസ്റ്റ് ആയി കണക്കാക്കപെട്ടിരുന്നുവെങ്കിലും പലഭാഗങ്ങളും നോണ്‍ റിസവര്‍വ് ഫോറസ്റ്റ് ആയിരുന്നു. 1971-72 കാലത്താണ് പ്രൈവറ്റ് ഫോറെസ്റ്റ് വെസ്റ്റ് ചെയ്യുന്നത്. അങ്ങിനെ ദേശസാത്കരിച്ചപ്പോള്‍ ചെയ്തപ്പോള്‍ 50,000 ഹെക്റ്റര്‍ ഭൂമി ആദിവാസിക്ക് നല്‍കുക എന്നുള്ള ഉദ്ദേശത്തോടു കൂടി മാധവമേനോന്‍ ഐ.എ.എസിനെ ചുമതലപെടുത്തിക്കൊണ്ടൊരു കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.


Must Read: ലോകകപ്പ് ക്രിക്കറ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു; ഇന്ത്യയ്ക്ക് മികച്ച തുടക്കം


കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 60% ഭൂമി ആദിവാസികള്‍ക്ക് പതിച്ചു കൊടുക്കണമായിരുന്നു. ആ അസൈന്മെന്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഭൂമി കൂടിയായിരുന്നു മുത്തങ്ങയിലെ മേജര്‍ സെക്ഷന്‍. ആദിവാസികള്‍ക്ക് ഈ ഭൂമി നല്‍കിയില്ലെന്ന് മാത്രമല്ല ഇതൊരു വന്യജീവി സങ്കേതമായി 1983-ല്‍ ഡിക്ലയര്‍ ചെയ്യുകയുമുണ്ടായി.

വന്യജീവി സങ്കേതമായി ഡിക്ലയര്‍ ചെയ്തതിനു ശേഷം ഇതേ ഭൂമി ബിര്‍ളക്ക് യൂക്കാലി പ്ലാന്റെഷന് വേണ്ടി ലീസിനു നല്‍കിയിരുന്നു. മുത്തങ്ങ സമരവുമായി ബന്ധപെട്ട് ഉണ്ടായ കേസില്‍ അതു വനംഭൂമിയാണെന്ന് തെളിയിക്കാന്‍ വനംവകുപ്പിന് സാധിക്കാത്തത് മൂലം രണ്ടു കേസുകള്‍ തള്ളിപ്പോകുകയും ചെയ്തു. വനത്തില്‍ അതിക്രമിച്ച് കയറി, കുടില്‍ കെട്ടി, തീയിട്ടു, മാന്‍വേട്ട നടത്തി എന്നിങ്ങനെയുള്ള കേസുകള്‍ തള്ളിപ്പോയത് എന്തുകൊണ്ടെന്ന് ഗൂഡാലോചന സിദ്ധാന്തക്കാര്‍ ഉത്തരം നല്‍കിയാല്‍ എളുപ്പമായിരുന്നു.

ആരുടെ നിയമങ്ങള്‍? ആര്‍ക്കു വേണ്ടി ഉണ്ടാക്കിയ നിയമങ്ങള്‍? അതില്‍ ആദിവാസി ഉണ്ടോ?

കാടും നാടുമെന്ന വേര്‍തിരിവില്ലാതെ ആദിവാസികള്‍ സ്വതന്ത്രരായി ജീവിച്ചിരുന്ന ഒരു ആവാസവ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ടൊരു നിയമം ഉണ്ടാക്കിക്കൊണ്ട് പറഞ്ഞു, കാട് സര്‍ക്കാര്‍ ഭൂമിയാണെന്ന്. അപ്പോള്‍ ആദിവാസി ആരായി? ട്രെസ്സ്പാസര്‍! tresspassers will be procecuted എന്നെഴുതിവെച്ചു ഭരണകൂടം. വെറുതെയിരിക്കുമ്പോള്‍ നിയമം ആദിവാസിയെ കുറ്റവാളിയാക്കി. എന്താണ് ആദിവാസികള്‍ ചെയ്ത കുറ്റം? കാട്ടില്‍ ജീവിക്കുകയും കാടിനെ ആശ്രയിച്ചു ജീവിക്കുകയും ചെയ്തവരെ നിയമം കുറ്റവാളികളായ ഗോത്രങ്ങള്‍ ആക്കി. അപ്പോള്‍ ആരുടെ നിയമമാണ് പ്രശ്‌നം?

അവിടെ നിറുത്തിയോ? കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഉണ്ടായ ഒരേ ഒരു നിയമം KST Act, 1975 [Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975] മാത്രമാണ്. നിയമമനുസരിച്ച് നിരവധി ആദിവാസികള്‍ തങ്ങളില്‍ നിന്നും തട്ടിയെടുക്കപെട്ട ഭൂമി തിരിച്ചുകിട്ടാന്‍ അപേക്ഷ നല്‍കിയെങ്കിലും പിന്നീട് വന്ന ഭരണകൂടങ്ങള്‍ ഒന്നും തന്നെ തുടര്‍നടപടികള്‍ എടുത്തില്ല.

മാത്രമല്ല കയ്യേറ്റത്തെ ഭാഗികമായി സാധൂകരിക്കുന്ന മറ്റൊരു ഭേദഗതി 1999-ലെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസിഭൂമിക്ക് അഞ്ച് ഏക്കര്‍ വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, അഞ്ച് ഏക്കറില്‍ കൂടുതല്‍ ഉള്ളവ തിരിച്ചുപിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദേശിച്ചിരുന്നത്.


Also Read: രജനീകാന്ത് സാമ്പത്തിക തട്ടിപ്പു നടത്തി; അതുകൊണ്ട് രാഷ്ട്രീയത്തിലേക്കു വരേണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


ഗൗരിയമ്മ ഒഴികെയുള്ള 139 പ്രതിനിധികളും ആദിവാസി ഭൂമി കയ്യേറ്റത്തെ ലെജിറ്റമൈസ് ചെയ്യുന്ന ആ ഭേദഗതിക്കൊപ്പം നിന്നു. മനസിലായോ? ആദിവാസിയുടെ കയ്യില്‍ നിന്നും കയ്യേറിയ ഭൂമിയില്‍ അഞ്ച് ഏക്കര്‍ കൈവശം വെക്കാന്‍ കയ്യേറ്റക്കാരന് അവകാശം നല്‍കുന്ന “റാഡിക്കലായ നിയമം” ഇങ്ങു പുരോഗമന കേരളത്തിന്റെ നിയമസഭയില്‍ നായനാര്‍ സര്‍ക്കാര്‍ പാസാക്കി.

ആദിവാസി പോളിറ്റിക്കലി കറക്റ്റ് ആകണമെന്ന് വലിയ വായയില്‍ പറയുന്നവര്‍ ആദിവാസി വിരുദ്ധ നിയമനിര്‍മ്മാണം നടത്തുന്നതില്‍ തങ്ങളുടെ പാര്‍ട്ടി കൂടി ഉള്‍പ്പെട്ടിരുന്നുവെന്നെങ്കിലും ആത്മവിമര്‍ശനം നടത്തുന്നത് കണ്ടിട്ടുണ്ടോ? അതുകൊണ്ടു തന്നെ സി.കെ ജാനുവെന്ന വ്യക്തിയെ അപനിര്‍മ്മിക്കാന്‍ ഉച്ചത്തില്‍ ശ്രമിച്ചതു കൊണ്ടു മാത്രം ചരിത്രത്തില്‍ നിങ്ങള്‍ നടത്തിയിട്ടുള്ള ആദിവാസി വഞ്ചന ഇല്ലാതാകുമെന്ന് കരുതേണ്ട. ഇതെല്ലാം ആരും മറക്കുമെന്നും കരുതേണ്ട. (സംഘപരിവാറിനെ ലെജിറ്റമൈസ് ചെയ്യുന്ന സി.കെ. ജാനുവിന്റെ നിലപാടിനെ കുറിച്ച് നേരത്തെ എഴുതിയിരുന്നത് ഇവിടെ വായിക്കാം: https://www.doolnews.com/aadivasi-struggle-in-kerala-brief-history-443.html)

മുത്തങ്ങയിലെആദിവാസി സമരം ചരിത്രത്തില്‍ എങ്ങിനെ പ്രവര്‍ത്തിച്ചു?

ആദിവാസിയെ തെറ്റിദ്ധരിപ്പിച്ചു ആദിവാസി റിപ്പബ്ലിക്ക് ഉണ്ടാക്കാന്‍ ഇറങ്ങിയെന്നാണ് ചിലരെങ്കിലും മുത്തങ്ങ സമരത്തെ പരിഹസിച്ചത്. നോക്കൂ, ആദിവാസി റിപബ്ലിക്ക് എന്നു തന്നെ കരുതാവുന്ന ആദിവാസി സ്വയംഭരണ മേഖലകള്‍ ഇന്ത്യന്‍ ഭരണഘടന അവകാശമായി (tribal rights) തന്നെ ആദിവാസികള്‍ക്ക് നല്‍കുന്നുണ്ട്. അവയാണ് പെസ ഗ്രാമസഭകള്‍ – THE PROVISIONS OF THE PANCHAYATS (EXTENSION TO THE SCHEDULED AREAS) ACT, 1996No.40 OF 1996 PESA.


Don”t Miss: ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി ‘നുണ’യാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്


അതിനിയും നടപ്പിലാക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണു പുരോഗമന കേരളം. (പട്ടയം കൊടുക്കാന്‍ ഭൂമിയുണ്ട്; പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ ഭൂമിയില്ല! – https://www.doolnews.com/dinil-on-land-pesa-act-and-tribes-kerala-765.html) പെസ ഗ്രാമസഭകള്‍ക്ക് ഉള്ളിടത്തു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു പോലും നേരിട്ട് ഇടപെടാനുള്ള അധികാരമില്ല. ആദിവാസികളില്‍ നിന്നും തെരഞ്ഞെടുക്കപെട്ട ജനപ്രതിനിധികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇത്തരം ഗ്രാമസഭകള്‍ പ്രവര്‍ത്തിക്കുക.

പൊലീസ് പോലും പ്രവര്‍ത്തിക്കേണ്ടത് ഈ ഗ്രാമസഭകളുടെ നിര്‍ദ്ദേശാനുസരണം ആയിരിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേദാന്തയെന്ന മൈനിംഗ് ഭീമന് വേണ്ടി നിയാംഗിരി കുന്നുകള്‍ വിട്ടുകൊടുത്തപ്പോള്‍ ചെറുത്തു നിന്നതും അവരെ അവിടെ നിന്നും തുരത്തിയതും ആദിവാസികളുടെ പെസ ഗ്രാമസഭകള്‍ ആയിരുന്നു. പെസഗ്രാമസഭകളുടെ ഈ തീരുമാനത്തെ സുപ്രീം കോടതി 2013-ല്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ വനനിയമം ഉണ്ടാക്കിയത് ആരാണ്? ഈ നിയമം വന്നതോടെ ആദിവാസി കാട്ടിലേക്ക് അതിക്രമിച്ചു കടന്നവരായി! ചരിത്രത്തിലെ ഇടപെടലിലൂടെ കാലമത്രയും ആദിവാസി വിരുദ്ധമായി നിലനിന്ന വനനിയമത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് മുത്തങ്ങ സമരം ചെയ്തത്. അതിനായി അവര്‍ നല്‍കിയ വിലയും വലുതായിരുന്നു. സമരപ്രവര്‍ത്തകനായിരുന്ന ജോഗിയുടെ ജീവന്‍ നഷ്ടമായി (ആന്റണിയുടെ പോലീസ്).


In Case You Missed: കൊച്ചി മെട്രോയിലെ ‘പാമ്പ്’; പ്രചരിക്കുന്നത് ബധിരനും മൂകനുമായ വ്യക്തിയുടെ ചിത്രം


ജയിലുകളില്‍ വെച്ച് അനേകം ആദിവാസികള്‍ ഭരണകൂടത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. വര്‍ഷം 14 കഴിഞ്ഞിട്ടും മുത്തങ്ങ സമരവുമായി ബന്ധപെട്ട കേസുകളുമായി അവരിന്നും കേരള ഹൈകോടതിയില്‍ എത്തുന്നുണ്ട്. നമ്മുടെ സിവില്‍/ക്രിമിനല്‍ നിയമങ്ങള്‍ കീഴാള ജനവിഭാഗങ്ങളെ പരിഗണിക്കാതിരിക്കുകയും അവര്‍ക്കെതിരെ നിയമങ്ങള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ അതിനെതിരെ പ്രക്ഷോഭം നയിക്കുവാന്‍ അവര്‍ തന്നെ മുന്നിട്ടിറങ്ങി.

ഈ സമരത്തിലൂടെ ആദിവാസികള്‍ പറയാന്‍ ശ്രമിച്ചതു തങ്ങള്‍ക്കു വനത്തില്‍ ഉള്ള അവകാശത്തെ കുറിച്ചാണ്. 2003-ല്‍ നടന്ന ആദിവാസി പ്രക്ഷോഭത്തിനും മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുത്തങ്ങ സമരം ഉന്നയിച്ച പല ചോദ്യങ്ങളില്‍ ഒന്നായ ആദിവാസിക്ക് വനങ്ങളില്‍ ഉള്ള അവകാശത്തെ സംബന്ധിച്ചു വ്യക്തത വരുത്തുന്ന പുതിയൊരു നിയമം (വനവകാശനിയമം – https://forestrightsact.com/what-is-this-act-about/) ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത്.


Also Read: ബലാത്സംഗക്കേസില്‍ നടപടിയെടുക്കാന്‍ തനിക്കു വഴങ്ങണമെന്ന് പൊലീസ് പറഞ്ഞെന്ന് വെളിപ്പെടുത്തിയ യുവതിയെ യു.പി പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു


ഈ നിയമം പാസാക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ച സി.ആര്‍. ബിജോയ് പറഞ്ഞ ഒരു കാര്യമുണ്ട്. Rights are the result of people”s struggle engaging with the political and administrative stuctures of power. This is especially so when the rights favor the oppressed against the oppressors. FRA is a people-centric law democratising the forest governance by legally requiring substanctial forest to the transfrred to communities, in effect a transfer of power. ഇതുതന്നെയാണ് മുത്തങ്ങ സമരത്തിന്റെ ചരിത്രത്തിലുള്ള ഇടപെടലും പ്രസക്തിയും.അതുണ്ടായത് guilt -driven ആയുള്ള ആക്ടിവിസങ്ങളില്‍ നിന്നല്ല. കൃത്യമായി കീഴാളപക്ഷത്തു നിന്നും ഉരുത്തിരിഞ്ഞു വന്ന അവകാശസമരമായിരുന്നു മുത്തങ്ങ സമരം.

ഇന്ത്യന്‍നിയമം എന്ന അളവുകോല്‍ (benchmark)

നിയമത്തെയും അതു നടപ്പിലാക്കുന്ന ഭരണകൂടങ്ങളെയും നിഷ്‌കളങ്കമായി സമീപിക്കുവാന്‍ കഴിയുമോ? ഇന്ത്യയില്‍ നിയമം എല്ലാ തലത്തിലും ഒരേ പോലെ പ്രവര്‍ത്തിക്കുന്ന ഒന്നാണോ? കേരളത്തില്‍എല്ലാ സാമൂഹ്യ വിഭാഗങ്ങള്‍ക്കും ഒരേ പോലെ നീതി ഉറപ്പാക്കും വിധമാണോ നിയമം പ്രവര്‍ത്തിക്കുന്നത്? മൂന്നാറില്‍റവന്യൂ ഭൂമിയും CHR വനഭൂമിയും കയ്യേറിയവര്‍ക്കെതിരെ നിയമം എന്തു നടപടിയെടുത്തു? തിരുവന്തപുരം പട്ടണത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഫ്‌ലാറ്റ് പണിതു മറിച്ചു വിറ്റ ലക്ഷി നായര്‍ക്കെതിരെ ഇതേ നിയമം പ്രവര്‍ത്തിച്ചോ? കേരളത്തിന്റെ പൊതുസ്വത്ത് ആകേണ്ട കോവളം കൊട്ടാരം രവിപിള്ളയ്ക്കു നല്‍കുന്നതിനായി എങ്ങിനെയാണ് ഭരണകൂടം നിയമത്തെ വളച്ചൊടിച്ചതെന്നു നിങ്ങള്‍ കാണുന്നില്ലേ? യൂസഫലിക്ക് റവന്യൂ ഭൂമി നല്‍കുമ്പോള്‍ നിയമം നിശബ്ദത പാലിച്ചത് എന്തുകൊണ്ടായിരിക്കും?

അനുഭവപരമായ ഒരു കാര്യം കൂടി പങ്കുവെക്കുന്നു: ആട്ടിന്‍കാട്ടം പോലെയല്ല കൂര്‍ക്കപ്പെരി. അടിപൊളി ടെസ്റ്റ് ആണു. ഇടിച്ചമുളകും (crushed redchilli) ചെറുള്ളിയും കാച്ചിയെടുത്തതു കൂട്ടിയുണ്ടാക്കുന്ന കൂര്‍ക്കപ്പെരിയുടെ രുചി അറിയാത്തവര്‍ ഉണ്ടെങ്കില്‍ തൃശ്ശൂര്‍ക്കാരോട് ചോദിച്ചു മനസിലാക്കണം. കൂര്‍ക്കപ്പേരി കാണുമ്പോള്‍ ആട്ടിന്‍കാട്ടമാണെന്നു മനസിലാക്കുന്നവര്‍ അവരവരുടെ ചിന്തകള്‍ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു വെക്കുന്നതായി കണക്കാക്കിയാല്‍ മതി.


Don”t Miss: ബലാത്സംഗക്കേസില്‍ നടപടിയെടുക്കാന്‍ തനിക്കു വഴങ്ങണമെന്ന് പൊലീസ് പറഞ്ഞെന്ന് വെളിപ്പെടുത്തിയ യുവതിയെ യു.പി പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു


സെക്രട്ടേറിയെറ്റിനു മുന്നില്‍ വെച്ച് 2014-ല്‍ നടന്ന നില്‍പ്പ് സമരത്തിനു മാവോയിസ്റ്റ് ബന്ധമുണ്ടെന്നു മെട്രോ വാര്‍ത്തയിലെ പോലീസ് ഏജന്റുകള്‍ എഴുതി പിടിപ്പിച്ചപ്പോള്‍ ഈയുള്ളവന്‍ ഇതിന്റെ സത്യാവസ്ഥ ചോദിച്ചു. ഇന്നത്തെ ഒരു പുരോഗമന വ്യക്തിത്വം അന്ന് എന്നോട് പറഞ്ഞതു പോലീസ് നല്‍കിയ സ്റ്റോറിയല്ലേ, സത്യമാകുമല്ലോയെന്നാണ്!

ഭരണകൂടം സൃഷ്ടിക്കുന്ന പ്രോപ്പഗാണ്ടകളെ ക്രിട്ടിക്കലായി അപഗ്രഥിക്കാനുള്ള കഴിവില്ലെങ്കിലും ജീവിക്കാനായി സമരം ചെയ്യുന്നവരെ ക്രിട്ടിക്കലായി സമീപിക്കാനാണ് പലരും സ്വന്തം കഴിവ് ഉപയോഗിക്കുന്നത്. ഭരണകൂടത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിനു പകരം കാതലായ ചോദ്യം ഉന്നയിക്കുന്നവരെ സംശയത്തിനുമുന്നില്‍ നിര്‍ത്തുക. അങ്ങിനെയുള്ളവര്‍ക്ക് കൂര്‍ക്കപ്പേരി കണ്ടാലും ആട്ടിന്‍കാട്ടമായി തോന്നും. രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ഒബ്ജക്റ്റിവിറ്റിയാണു ചിന്തിക്കുന്നവര്‍ക്ക് വേണ്ടത്.

ബ്രഹ്ത് – വിമര്‍ശനാത്മകമനോഭാവത്തെക്കുറിച്ച്
—————————————————–
നിഷ്ഫലമാണു വിമര്‍ശനാത്മക മനോഭാവമെന്ന് പലരും കരുതുന്നു.
തങ്ങളുടെ വിമര്‍ശനത്തിന് പ്രാപ്യമാണു ഭരണകൂടം എന്നവര്‍ കരുതുന്നതുകൊണ്ടാണങ്ങനെ.
ഇവിടെ പക്ഷേ നിഷ്ഫലമായ മനോഭാവമെന്നാല്‍ ദുര്‍ബലമായ മനോഭാവമെന്നേ വരുന്നുള്ളു.
വിമര്‍ശനത്തിനായുധം കൊടുത്തു നോക്കൂ, ഭരണകൂടങ്ങളെ തട്ടിനിരത്താനതു മതി.
ഒരു പുഴയ്ക്കു കനാലു വെട്ടുക,
ഒരു ഫലവൃക്ഷം പതി വെച്ചെടുക്കുക,
ഒരാള്‍ക്കു വിദ്യാഭ്യാസം കൊടുക്കുക,
ഒരു ഭരണകൂടത്തെ മാറ്റിത്തീര്‍ക്കുക,
സഫലമായ വിമര്‍ശനത്തിനു നിദര്‍ശനങ്ങളാണിതൊക്കെ
അതേ സമയം തന്നെ കലയുടെയും.