കല്ലേന്‍ പൊക്കുടന്‍ എന്ന പുലയന്റെ കണ്ടല്‍ ജീവിതം
Opinion
കല്ലേന്‍ പൊക്കുടന്‍ എന്ന പുലയന്റെ കണ്ടല്‍ ജീവിതം
ബച്ചു മാഹി
Thursday, 27th September 2018, 8:35 pm

ഇന്ന് കല്ലേന്‍ പൊക്കുടന്‍ എന്ന, കണ്ടല്‍ പൊക്കുടന്‍ എന്ന, പുലയന്‍ പൊക്കുടന്റെ ഓര്‍മ്മദിനമാണ്. ആ ഇതിഹാസം മറക്കുള്ളിലേക്ക് പിന്‍വാങ്ങിയിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം തികഞ്ഞു.

ഒരിക്കല്‍ ഒരു ഫേസ്ബുക്ക് സുഹൃത്തുമായി മെസഞ്ചര്‍ ചാറ്റ് ചെയ്യവേ എളുപ്പത്തിന് വേണ്ടി ഇംഗ്ലീഷ് ഉപയോഗിച്ചപ്പോള്‍ അവന്‍ ഒരല്‍പം സങ്കോചത്തോടെ പറഞ്ഞു: “എനിക്ക് അത്രയൊന്നും പഠിക്കാന്‍ പറ്റിയിട്ടില്ല; അതോണ്ട് ഇംഗ്ലീഷ് അത്ര വശമില്ല.”

അദ്ദേഹത്തിന് കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു: -“അത് ഇത്ര സങ്കോചത്തോടെ പറയേണ്ട കാര്യമൊന്നുമില്ല. ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും സ്‌ക്കൂളില്‍ പോയി പഠിക്കാന്‍ പറ്റാതിരുന്ന ഏറെക്കുറെ നിരക്ഷരനായ, നമുക്കിടയില്‍ ജീവിച്ചിരുന്ന ഒരു ദളിതന്‍ വിദേശ സര്‍വ്വകലാശാലകളില്‍ ഉള്‍പ്പെടെ ഗവേഷണവിഷയമായിട്ടുണ്ട്. പേര് കല്ലേന്‍ പൊക്കുടന്‍ – ഇന്ന് ജീവിച്ചിരിപ്പില്ല.”

 

പൊക്കുടന് ഔപചാരിക വിദ്യാഭാസം ഇല്ലെന്നത് ഒരു പോരായ്മയായല്ല, വിദ്യാഭ്യാസത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് പുതുക്കേണ്ടതിലേക്കാണ് ചെന്നെത്തിക്കുക. ഒരു ജീവിതത്തിന് എങ്ങനെ ഒരു സര്‍വ്വകലാശാലയാകാന്‍ കഴിയും, സ്വയമൊരു ഗ്രന്ഥശാലയാകാന്‍ കഴിയും, ഒരു വ്യക്തിക്ക് എങ്ങനെ ഒറ്റക്കൊരു പ്രസ്ഥാനമാകാന്‍ കഴിയും എന്നറിയണമെങ്കില്‍ കല്ലേന്‍ പൊക്കുടന്‍ എന്ന പുലയന്റെ ഏറെ അടരുകളുള്ള ജീവിതം മറിച്ചു നോക്കുക!

ALSO READ: ആധാര്‍: ചരിത്രമാകുന്ന വിയോജന വിധിന്യായം

മലയാളത്തില്‍ കണ്ടല്‍ എന്ന പദത്തിന് പര്യായം ആയിത്തീര്‍ന്ന പേരാണ് പൊക്കുടന്‍ എന്നത്. അഥവാ പൊക്കുടന്‍ ഇല്ലായിരുന്നെങ്കില്‍ നമ്മില്‍ പലരും, പ്രകൃതിയുടെ ശ്വാസകോശങ്ങള്‍ എന്നറിയപ്പെടുന്ന കണ്ടല്‍ക്കാടുകള്‍ എന്തെന്നോ പരിസ്ഥിതി സംരക്ഷണത്തില്‍ അതിന്റെ പ്രാധാന്യം എന്തെന്നോ പോലും മനസ്സിലാക്കാതെ പോയേനെ.

ചെറുപ്പത്തില്‍ തന്നെ കണ്ടല്‍ നടുന്നതിലും സംരക്ഷിക്കുന്നതിലും താല്പര്യം എടുത്തിരുന്ന പൊക്കുടന്‍ 1989-ല്‍ കണ്ണൂര്‍ പഴയങ്ങാടിയില്‍ മുട്ടുകണ്ടി ബണ്ടിന്റെ കരയില്‍ അഞ്ഞൂറ് കണ്ടല്‍ച്ചെടികള്‍ നട്ടുകൊണ്ട് കണ്ടല്‍ സംരക്ഷണം ഒരു മുദ്രാവാക്യമാക്കിയപ്പോള്‍ കേരളത്തിന്റെ തന്നെ പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ നാഴികക്കല്ലായി അത്. കേരളത്തില്‍ ഒരുലക്ഷത്തോളം കണ്ടല്‍ച്ചെടികള്‍ നട്ടിട്ടുണ്ട് പൊക്കുടന്‍.

കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തില്‍ 500 ഏക്കര്‍ സ്ഥലത്ത് കണ്ടല്‍ക്കാടുകള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ട് അദ്ദേഹം. കണ്ടല്‍ച്ചെടികള്‍ നശിപ്പിക്കുന്നത് ശിക്ഷാകരമാക്കി കോടതിവിധി സമ്പാദിക്കാന്‍ പൊക്കുടന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടത്തിന് കഴിഞ്ഞു.

പൊക്കുടന്‍ എന്ന പുലയന്‍

എന്തിനാണ് പൊക്കുടനെ ആവര്‍ത്തിച്ച് പുലയന്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്നായിരുന്നു ഇന്ന് പൊക്കുടനെക്കുറിച്ച് ഇട്ട ഒരു പോസ്റ്റില്‍ ഒരു സുഹൃത്തിന്റെ സംശയം. കൃത്യമായ ഉത്തരം ജാതിയുടെ രാഷ്ടീയ- സാമൂഹിക മാനങ്ങള്‍ എന്ന അതിവിശാലമായ ടോപ്പിക്കിലേക്ക് വഴിമാറും എന്നതിനാല്‍ ചുരുക്കിപ്പറയാം: പൊക്കുടന്‍ എന്ന ഇതിഹാസത്തെ തമസ്‌കരിക്കാന്‍ കേരളീയ വരേണ്യബോധത്തെ പ്രേരിപ്പിച്ചത് പുലയന്‍ എന്ന അദ്ദേഹത്തിന്റെ ജാതി തന്നെയാണ് എന്നതിനാലാണ് പുലയന്‍ എന്ന് ഊന്നിപ്പറയുന്നത്.

ALSO READ: റാഫേല്‍ വെളിപ്പെടുത്തല്‍: ബി.ജെ.പിയുടെ കപടരാജ്യ സ്‌നേഹത്തിന് നേരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്

“പൊലേന്റെ മോന്‍” കണ്ണൂര്‍ ജില്ലയില്‍ ഇന്നും മുട്ടന്‍ തെറിപ്പദമാണ്. അത്തരമൊരു ദേശത്ത് പുലയര്‍ക്കിടയില്‍ നിന്നാണ് ഈ താരകം ഉദിച്ചത്. പൊക്കിള്‍ വീര്‍ത്തവന്‍ എന്നാണ് പൊക്കുടന്‍ എന്ന പേരിനര്‍ത്ഥം. പുലയക്കുട്ടികള്‍ക്ക് ഇമ്മാതിരി കേള്‍ക്കുമ്പോള്‍ അസുഖകരമായ പേര് ഇടണം എന്നായിരുന്നു അക്കാലത്തെ ജാതിത്തിട്ടൂരം. അക്കാലത്ത് പുലയര്‍ അടിമപ്പണിക്കാര്‍ ആയതിനാല്‍ പഠിക്കാന്‍ അനുവാദമില്ല. കുഞ്ഞുന്നാളിലേ പണിക്ക് പോയിക്കൊള്ളണം. അങ്ങനെയാണ് പൊക്കുടന്‍ രണ്ടാം ക്ലാസില്‍ ആയിരിക്കെ പഠനം മതിയാക്കി പാടത്ത് പണിക്ക് പോയിത്തുടങ്ങുന്നത്.

 

പഴയ യൂഗോസ്ലാവ്യ, ജര്‍മ്മനി, ഹംഗറി, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സര്‍വ്വകലാശാലകളിലും പൊക്കുടന്റെ കണ്ടല്‍ക്കാടുകളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. യുനെസ്‌കോയുടെ പരിസ്ഥിതി വിഭാഗം കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകള്‍ പ്രത്യേകം പരാമര്‍ശിച്ചു. എന്നാല്‍ പൊക്കുടന്‍ എന്ന വ്യക്തിയെയോ അദ്ദേഹത്തിന്റെ സംഭവനകളെയോ നമ്മുടെ നാട്ടില്‍ അക്കാദമിക തലത്തില്‍, സാമൂഹിക- സാംസ്‌ക്കാരിക തലത്തില്‍ ഏറെയൊന്നും പ്രാധാന്യം കല്പിച്ചില്ല. ഒരിക്കല്‍ ആറാം ക്ളാസിലെ മലയാളപാഠപുസ്തകത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥയുടെ ഒരുഭാഗം അധ്യായം ആയി ചേര്‍ത്തെങ്കിലും പിന്നീട് എന്തുകൊണ്ടോ പിന്‍വലിച്ചു!

ഇന്ന് കല്ലേന്‍ പൊക്കുടന്‍ എന്ന പേര് പറഞ്ഞാല്‍ അതാര് എന്ന് ചോദിക്കുന്ന അനേകര്‍ കണ്ടേക്കും എന്നാണെങ്കില്‍ അതിനു ഒരു കാരണമേയുള്ളൂ: പൊക്കുടന്‍ പുലയനായിരുന്നു! ഇത്തരമൊരു പ്രൊഫെല്‍ ഉള്ള വ്യക്തി വല്ല സവര്‍ണ്ണജാതനും ആയിരുന്നെങ്കില്‍ എങ്ങനെയെല്ലാം ആഘോഷിക്കപ്പെടുമായിരുന്നു!

അക്കാരണം കൊണ്ടുതന്നെ പൊക്കുടന്‍ എന്ന ഇതിഹാസത്തെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ നമുക്കും പറയേണ്ടിവരും: പൊക്കുടന്‍ എന്ന പുലയന്‍ എന്ന്. അതുമൊരു പ്രതിരോധമാണ്. തമസ്‌ക്കരണത്തിനെതിരെയുള്ള രാഷ്ടീയപ്രതിരോധം.

ALSO READ:

പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ഏക അടര് മാത്രമല്ല പൊക്കുടന്‍. പതിനേഴാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായിട്ടുണ്ട്. ജന്മിത്വത്തിനെതിരെ, തന്റെ സമുദായത്തെ അടിമപ്പണിക്കാരായി നിലനിര്‍ത്തുന്ന വ്യവസ്ഥിതിക്കെതിരെ സമരം നയിച്ചിട്ടുണ്ട്, ജയില്‍വാസം നയിച്ചിട്ടുണ്ട്, ഒളിവില്‍ പോയിട്ടുണ്ട്…

പില്‍ക്കാലത്ത് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് പാര്‍ക്ക് പണിയാന്‍ ഒരുങ്ങിയ സി.പി.ഐ.എമ്മുമായി കൊമ്പ് കോര്‍ത്തിട്ടുമുണ്ട്. ആദിവാസി-ദളിത് ചൂഷണങ്ങള്‍ പ്രമേയമാക്കിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയില്‍ ഒരു കഥാപാത്രം ചെയ്തിട്ടുമുണ്ട് പൊക്കുടന്‍.

WATCH THIS VIDEO: