ആധാര്‍: ചരിത്രമാകുന്ന വിയോജന വിധിന്യായം
Opinion
ആധാര്‍: ചരിത്രമാകുന്ന വിയോജന വിധിന്യായം
എഡിറ്റര്‍
Wednesday, 26th September 2018, 7:39 pm

പി ബി ജിജീഷ്

“ലോകത്തൊരിടത്തും സ്വതന്ത്ര ജനതയ്ക്കെതിരെയുള്ള ഇത്തരമൊരു നിയമം ഞാന്‍ കണ്ടിട്ടില്ല… വിരലടയാളം നല്‍കേണ്ടി വരിക എന്നത് അസാധാരണമായ ഒരു കാര്യമായിരുന്നു. ഞാന്‍ ഒരു ഹെന്റി എന്ന പൊലീസ് ഓഫീസറോട് ഇതേക്കുറിച്ചു ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചു. സാധാരണഗതിയില്‍ ക്രിമിനലുകളില്‍ നിന്ന് മാത്രമാണ് വിരലടയാളം ശേഖരിക്കേണ്ടിയിരുന്നത്.

അതുകൊണ്ട് തന്നെ നിര്‍ബന്ധിതമായി വിരലടയാളം ശേഖരിക്കുന്ന പരിപാടി എന്നെ ഞെട്ടിച്ചു കളഞ്ഞു. 16 വയസിനു താഴെ പ്രായമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിരലടയാളങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി ശേഖരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ശരിയാം വണ്ണം മനസിലാക്കിയാല്‍, ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ അഭിമാനമാണ് എന്ന് നമുക്ക് കാണാം.

നമ്മളെ മാത്രമല്ല നമ്മുടെ മാതൃഭൂമിയെയും ഈ നിയമം അപമാനിക്കുന്നു. നിഷ്‌കളങ്കരായ മനുഷ്യരെ അവമതിക്കുന്നതിലാണ് അപമാനം. നമ്മള്‍ നിരപരാധികളാണ്, നമ്മുടെ രാജ്യത്തെ ഒരു പൗരനെയങ്കിലും അപമാനിക്കുക എന്നത് രാജ്യത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. തിടുക്കവും എടുത്തുചാട്ടവും അക്ഷമയും കോപവും, ഈ അതിക്രമത്തില്‍ നിന്ന് നമ്മെ സഹായിക്കില്ല. അവധാനതയോടെ, എത്ര വലിയ ബുദ്ധിമുട്ടുകളും സഹിക്കാന്‍ തയ്യാറായി, ഒത്തൊരുമിച്ചൊരു പ്രതിരോധമുയര്‍ത്തിയാല്‍ തീര്‍ച്ചയായും ദൈവം നമ്മെ സഹായിക്കും.”

മഹാത്മാ ഗാന്ധി

ളുകളുടെ വിരലടയാളം ശേഖരിക്കുന്ന 1906-ലെ ട്രാന്‍സ്വാള്‍ അമെന്‍ഡ്‌മെന്റ് ആക്റ്റിനോടുള്ള ഗാന്ധിജിയുടെ പ്രതികരണം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. “കരിനിയമം” എന്നാണ് ഗാന്ധി അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതാ, ആധാര്‍ ഇല്ലാത്തതുമൂലം ആര്‍ക്കും ഒരു ആനുകൂല്യവും നിഷേധിക്കപ്പെടരുത് എന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധി വന്നിട്ട് 1142 ദിവസം പിന്നിടുമ്പോള്‍ സമാനമോ അതിലേറെ മോശമോ ആയ ഒരു നിയമം ഇന്ത്യയുടെ സുപ്രീംകോടതി ഭരണഘടനാപരമാണ് എന്ന് പറഞ്ഞിരിക്കുന്നു.

ചരിത്രം നമ്മെ ചിലത് ഓര്‍മിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥാക്കാലം, ഗവണ്മെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ ആളുകളെ അറസ്റ്റു ചെയ്ത കരുതല്‍ തടങ്കലുകളില്‍ പാര്‍പ്പിക്കുന്നു. ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പറയാനും എല്ലാമുള്ള അവകാശം കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ആളുകള്‍ രാജ്യത്തെ പല ഹൈക്കോടതികളെയും സമീപിക്കുന്നു. കരുതല്‍ തടങ്കല്‍ അന്യായമാണെന്നും വിധി വരുന്നു. കേസ് സ്പ്രീംകോടതിയിലേക്ക്.

പി.എന്‍ ഭഗവത് ഉള്‍പ്പടെയുള്ള മഹാരഥന്മാര്‍ അടങ്ങുന്ന 5 അംഗ ഭരണഘടനാ ബെഞ്ച് ഗവണ്മെന്റ് നടപടികളെ ശരിവയ്ക്കുന്നു. ജനങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള (ജീവിക്കാനുള്ള അവകാശം) സംരക്ഷണത്തിനുപോലും അവകാശമില്ല എന്ന് 4 ജഡ്ജിമാര്‍ വിധി പറയുന്നു. ഒരു ജഡ്ജി ജയിലുകളില്‍ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ള “സുഖ സൗകര്യങ്ങളെക്കുറിച്ചു” വാചാലനാകുന്നു. പക്ഷേ, ഒരാള്‍ മാത്രം നട്ടെല്ലുയര്‍ത്തി നിവര്‍ന്നു നിന്ന് രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞു. ജസ്റ്റിസ്. എച്ച് ആര്‍ ഖന്ന. അതുകാരണം അദ്ദേഹത്തിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാന്‍ കഴിഞ്ഞില്ല. ഗവണ്മെന്റ് അദ്ദേഹത്തെ തഴഞ്ഞു. പിന്നീട് അദ്ദേഹം രാജിവെച്ചു.

ഇന്ത്യയുടെ നിയമ ചരിത്രം പഠിക്കുന്നവര്‍ക്ക് പക്ഷെ അദ്ദേഹം ഒരു പ്രകാശഗോപുരമാണ്. ഇന്നത്തെ ആധാര്‍ വിധി വായിക്കുമ്പോള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം നാം കാണുന്നു. 4 പേര് ഗവണ്മെന്റിനൊപ്പം. ഒരാള്‍, ഒരേയൊരാള്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ഭരണഘടനാ ധാര്‍മികതയ്ക്കൊപ്പം നിലകൊണ്ടു.

എട്ട് വര്‍ങ്ങള്‍ക്കു മുന്‍പ് ഇതേപോലൊരു സെപ്തംബര്‍ മാസത്തിലാണ് മഹാരാഷ്ട്രയിലെ തെംബ്‌ളി ഗ്രാമത്തിലെ രഞ്ചന സോനാവാനേ എന്ന ആദിവാസി സ്ത്രീയ്ക്ക് ആദ്യത്തെ ആധാര്‍ ലെറ്റര്‍ നല്‍കിക്കൊണ്ട് ആധാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ മുന്‍പേജില്‍ കൊടുത്ത തലക്കെട്ട് “രഞ്ചന ഇനി ഒരു 12 അക്ക നമ്പര്‍” എന്നാണ്.

തലക്കെട്ടെഴുതിയ ലേഖകനോ വായനക്കാരോ ഒരു മനുഷ്യന്‍ ഒരു സംഖ്യ മാത്രമായിത്തീരുന്നതിലെ നൈതീക പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് ചിന്തിക്കുന്ന മനുഷ്യര്‍ അത് മനസിലാക്കി. പദ്ധതി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

2012 ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹരജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീംകോടതി വാദം കേള്‍ക്കെയാണ്, കേസു തോല്‍ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍ വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം.

ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. ആധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ്. അങ്ങനെയാണ് ഭരണഘടനാ ബഞ്ച് രൂപീകരിക്കപ്പെട്ടത്.

സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്.

2015 ആഗസ്ത് 24-ലെ സ്വകാര്യത ഒരു അവകാശമാണെന്ന സുപ്രീംകോടതി 9 അംഗ ബഞ്ചിന്റെ അസന്നിഗ്ധവും സമഗ്രവും ഐകകണ്ഠവുമായ വിധി ആധാര്‍ കേസിലെ ഒരു നാഴികക്കല്ലായിരുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളെ, ആര്‍ക്കും യാതൊരു ഉത്തരവാദിത്തങ്ങളും ഇല്ലാത്ത ഏതോ ഒരു യന്ത്ര സംവിധാനത്തിന്റെ, സോഫ്റ്റ്വെയറിന്റെ, ദയാദാക്ഷിണ്യങ്ങള്‍ക്കു വിട്ടുകൊടുക്കുന്നതിനെ സുപ്രീംകോടതിയ്ക്ക് അനുകൂലിക്കാനാകും എന്ന് എനിക്ക് മനസിലാകുന്നില്ല. ലോകത്തില്‍ സമാനമായ പദ്ധതികള്‍ പരിശോധിച്ച സുപ്രീംകോടതികളൊന്നും അങ്ങിനെ ചെയ്തിട്ടില്ല. ഉദാഹരണത്തിന് ഫ്രഞ്ച് ബയോമെട്രിക്ക് ഐ.ഡി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നാണ് അവിടുത്തെ പരമോന്നത നീതീപീഠം വിധിച്ചത്.

ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഇവിടെ നിയമം പോലുമില്ലാതെ, പാര്‍ലമെന്റ് അറിയാതെ, എന്തിന് ഒരു വിശദമായ പദ്ധതി റിപ്പോര്‍ട്ടോ ഫീല്‍ഡ് സ്റ്റഡിയോ ഒന്നും ഇല്ലാതെ ആരംഭിച്ച പരിപാടിയാണിത്. 2011-ല്‍ പാര്‍ലമെന്ററി സമിതി ആധാര്‍ പാടില്ല എന്ന് പറഞ്ഞതാണ്.

എന്നിട്ടും ഭരണഘടനാവിരുദ്ധമായി ആധാര്‍ മുന്നോട്ടുപോയി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ട് ജനനം മുതല്‍ മരണം വരെയല്ല മരണശേഷം ശ്മശാനത്തില്‍ കയറ്റാന്‍ പോലും ആധാര്‍ വേണമെന്ന അവസ്ഥയുണ്ടാക്കി.

2016-ല്‍ ഒരു ധനബില്ലാക്കി പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് ആധാര്‍ നിയമം നോട്ടിഫൈ ചെയ്തു. ആധാര്‍ കൊണ്ടുണ്ടായ ലാഭത്തെക്കുറിച് കള്ളക്കണക്കുണ്ടാക്കി. (CAG തന്നെ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്). ഗവണ്‍മെന്റ് പ്രോപ്പഗാണ്ട മെഷിനറി നികുതിപ്പണം കൊണ്ട് അമ്മാനമാടി. ആളുകളെ കൊലയ്ക്കുകൊടുത്തു (കഴിഞ്ഞ വര്‍ഷം ഉണ്ടായ 42 പട്ടിണി മരണങ്ങളില്‍ 25-ഉം ആധാറുമായി ബന്ധപ്പെട്ടാണ്). ഒരു പൗരത്വരേഖയല്ലാത്ത ആധാര്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടും വോട്ടര്‍ ഐ.ഡിയും വരെ കൊടുത്തു രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി. ബയോമെട്രിക്ക് ബാങ്കിംഗ് തട്ടിപ്പുകള്‍ വഴി പാവങ്ങളെ കബളിപ്പിച്ചു.

മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യന്‍ നിയമസംവിധാനം അനുശാസിക്കുന്ന എല്ലാ പരീക്ഷണങ്ങളിലും ആധാര്‍ പരാജയപ്പെടും എന്നാണ് ഞാന്‍ കരുതിയത്. ആര്‍ട്ടിക്കിള്‍ 14, 19, 21 എല്ലാം. സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, അതിന്റെ ഭാഗമായ സ്വകാര്യത, അഭിമാനം, വിവരസംരക്ഷണം, തിരിച്ചറിയപ്പെടാനുള്ള അവകാശം എല്ലാറ്റിനെയും അപ്രസക്തമാക്കുന്നതാണ് ഈ പദ്ധതി. പക്ഷേ, ഭരണഘടനാ ബെഞ്ചിലെ 5-ല്‍ നാല് അംഗങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടില്ല.

വിധിന്യായത്തിന്റെ മഹത്വം പേജുകളുടെ എണ്ണത്തിനൊത്തു വര്‍ധിക്കുമെന്ന അബദ്ധധാരണ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ധാര്‍മികതയെ തന്നെ പുനര്‍ നിര്‍ണയിക്കുന്നതാണ് ന്യായീകരണ വിധിന്യായം. 1448 പേജുണ്ട് ആകെ. സാന്ദര്‍ഭികമായി പറയട്ടെ ഭരണഘടനാശില്പികള്‍ ഒപ്പിട്ട ഭരണഘടനയുടെ ഫോട്ടോലിത്തോഗ്രാഫിക്ക് പകര്‍പ്പില്‍ 497 പേജുകളേ ഒള്ളൂ.

ഇത്രയും പേജുകള്‍ വായിച്ചെടുക്കുന്നതുതന്നെ ശ്രമകരമാണ്. സങ്കീര്‍ണതകളും വൈരുദ്ധ്യങ്ങളും ഏറെയുണ്ട് വിധിന്യായത്തില്‍. എന്നിരുന്നാലും പ്രാഥമികമായി നാം മനസിലാക്കുന്നത് ഇപ്രകാരമാണ്.

ആധാര്‍ ഭരണഘടനാ വിരുദ്ധമല്ല എന്ന് അഞ്ചില്‍ നാല് ജഡ്ജിമാരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ ചില വകുപ്പുകള്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ അവശ്യപ്പെടാനാകില്ല എന്ന തരത്തില്‍ നിയമത്തിന്റെ 57 -ആം വകുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ബാങ്കുകള്‍ മൊബൈല്‍ കമ്പനികള്‍ തുടങ്ങി ഇനി ഒരിടത്തും e-KYC എന്ന പരിപാടി ഉണ്ടാകില്ല.

മൊബൈല്‍ കമ്പനികള്‍ ഇതിനോടകം ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ നശിപ്പിക്കണം.

കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ല. SSA, CBSE, NEET ഒന്നിനും ആധാര്‍ നിര്‍ബന്ധമല്ല. കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് രക്ഷിതാക്കളുടെ സമ്മതം അനിവാര്യം.

നിയമത്തിന്റെ പിന്‍ബലത്തോടെ ഗവണ്മെന്റിന് ആധാര്‍ ആവശ്യപ്പെടാം.

ആധാറിന്റെ മെറ്റാ-ഡാറ്റ (ആധാര്‍ നമ്മള്‍ ഉപയോഗിച്ച സ്ഥലം സമയം തുടങ്ങിയ വിവരങ്ങള്‍) ശേഖരിക്കാന്‍ കഴിയില്ല എന്ന തരത്തില്‍ സെക്ഷന്‍ 2 പരിമിതപ്പെടുത്തിയിരിക്കുന്നു.

സെലക്ഷന്‍ 33 (ഡി) റദ്ദാക്കിയിരുന്നു. ദേശസുരക്ഷാ എന്ന പേരില്‍ ആധാര്‍ വിവരങ്ങള്‍ പൊലീസുമായും മറ്റും പങ്കുവയ്ക്കാന്‍ കഴിയില്ല.

ആധാറുമായി ബന്ധപ്പെട്ട പരാതികളുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കിയ സെക്ഷന്‍ 47 ഭാഗം ഭരണഘടനാ വിരുദ്ധമാണ്.

പാന്‍-ആധാര്‍ ബാന്ധവം നിര്‍ബന്ധമാക്കിയ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ.എ ഭരണഘടനാപരമാണ്.

സെക്ഷന്‍ 2 പരിമിതപ്പെടുത്തി അനധികൃത കുടിയേറ്റക്കാരെ ആധാര്‍ എന്റോള്‍മെന്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ആധാര്‍ ആക്ട് ഒരു ധന ബില്ലായി കണക്കാക്കി പാസാക്കിയത് ഭരണഘടനാവിരുദ്ധമല്ല.

ഇതിനെയൊക്കെ തകിടം മറിക്കുന്നതാണ് ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ ഗംഭീര വിയോജന വിധിന്യായം. ഈ നൂറ്റാണ്ടിന്റെ വിയോജന വിധിന്യായം…

വിധി വായിക്കുമ്പോള്‍, ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമേ കേസിന്റെ വാദം കേട്ടിരുന്നൊള്ളോ എന്ന് തോന്നും. ചീഫ് ജസ്റ്റിസ് മിശ്രയും ആധാറിന്റെ പഴയ ബെഞ്ചിന്റെ ഭാഗമല്ലാതിരുന്ന മറ്റു ജഡ്ജിമാരും വിഷയം പഠിക്കുക എന്നതിലുപരി എങ്ങനെയും ആധാര്‍ സംരക്ഷിച്ചെടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് വാദം കേട്ടത് എന്നുപോലും സംശയം തോന്നാം.

വിയോജന വിധിന്യായത്തിലെ കണ്ടെത്തലുകള്‍ ശ്രദ്ധിക്കാം:

ആധാര്‍ നിയമം ധന ബില്‍ ആയി പാസ്സാക്കാന്‍ അനുവദിച്ച സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം കൊണ്ട് തന്നെ ആധാര്‍ ഭരണഘടനാവിരുദ്ധമാണ്.

വിരലടയാളം പോലുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ ഒരിക്കല്‍ നഷ്ട്ടപ്പെട്ടുപോയാല്‍ പിന്നെ തിരിച്ചെടുക്കാനോ മാറ്റാനോ കഴിയാത്തതാണ് അതുകൊണ്ടുതന്നെ അവ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണ്.

ഭരണഘടനാ ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ഏതെങ്കിലും അല്‍ഗോരിതത്തിന്റെ, സോഫ്റ്റ്‌വെയറിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനാകില്ല.

ആധാര്‍ ആക്ടില്‍ പറഞ്ഞിരിക്കുന്നതും ഗവണ്മെന്റ് അറിയിച്ചതുമായ സുരക്ഷാക്രമങ്ങളും മുന്‍കരുതലുകളും അപര്യാപ്തമാണ്.

ആധാര്‍ ഉപയോഗിച്ചുള്ള സര്‍വെയിലന്‍സിന്റെ സാധ്യതകള്‍ തള്ളക്കളയാനാകില്ല

സ്വകാര്യ വിദേശ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍കൊണ്ട് രാജ്യസുരക്ഷയും പൗരന്റെ മൗലീകാവകാശങ്ങളും സംരക്ഷിക്കാനാകില്ല.

ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖയല്ല.

അതുകൊണ്ടുതന്നെ സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 7 ഭരണഘടനാവിരുദ്ധമാണ്.

2009-ല്‍ ആരംഭിച്ച ആധാര്‍ പദ്ധതിയ്ക്ക് ഒരു നിയമം ഉണ്ടാകുന്നത് 2016 -ല്‍ ആണ്. ഉദ്ഘാടന ഘട്ടം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആധാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരത നല്‍കുന്ന സെക്ഷന്‍ 59 നിലനില്‍ക്കുന്നതല്ല.

2009 -ലെ നോട്ടിഫിക്കേഷന്‍ പോലും സത്യത്തില്‍ ബയോമെട്രിക്ക് വിവരങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.

ബാങ്ക് -ടെലികോം മേഖലകളില്‍ ആധാര്‍ നിര്‍ബന്ധമാക്കിയ പി.എം.എല്‍. ചട്ടങ്ങള്‍ നിയമവിരുദ്ധമാണ്. ബാങ്കുകളും ടെലിക്കോം കമ്പനികളും ഇതിനോടകം ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചു കളയണം.

2009-ല്‍ ആരംഭിച്ച ആധാര്‍ പദ്ധതി പൂര്‍ണമായിത്തന്നെ ഭരണഘടനാവിരുദ്ധമാണ്.

ഗവണ്‍മെന്റിന് ഒരു വര്‍ഷം സാവകാശം അനുവദിക്കാം, അതിനുളില്‍ ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചു കളയുകയോ അല്ലെങ്കില്‍ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യേണ്ടതാണ്.

എന്തായാലും നിയമപോരാട്ടം ഇവിടെ അവസാനിക്കില്ല എന്നുറപ്പാണ്. അപ്പീലുമായി മുന്നോട്ടു പോകുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഹേബിയസ് കോര്‍പ്പസ് കേസില്‍ എച്ച്.ആര്‍ ഖന്നയായിരുന്നു ശരി എന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ മനസിലാക്കാന്‍ നാം ഇനിയും എത്രകാലമെടുക്കും? 2022-ല്‍ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും എന്ന വസ്തുത കൗതുകകരമാണ്.

പോസിറ്റീവ് നോട്ട്:

“നാലു ജഡ്ജിമാര്‍ ആധാര്‍ ആക്ടിനെ പല തരത്തിലും പരിമിതപ്പെടുത്തി. ഒരാള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ല എന്ന് വന്നതോടെ ആധാറിനനുകൂലമായി ഒഴുകിക്കൊണ്ടിരുന്ന കോര്‍പ്പറേറ്റ് പണവും ലോബിയിംഗും നിലക്കുമെന്നു കരുതാം. ഇനിയും ചോദ്യം ചെയ്യപ്പെടും. ഗവണ്‍മെന്റ് ഒറ്റയ്ക്ക് പ്രതിരോധിക്കേണ്ടിവരും.”

WATCH THIS VIDEO: