ആ മമ്മൂട്ടി ചിത്രത്തില്‍ മഴ ഷൂട്ട് ചെയ്യുന്ന സീന്‍, പമ്പ് ഓണാക്കിയതും നായികയുടെ ദേഹത്ത് വെള്ളത്തിന്റെ കൂടെ മീന്‍ മുള്ളടക്കം വീണു: ആര്‍ട്ട് ഡയറക്ടര്‍ എം. ബാവ
മലയാളത്തിലെ മികച്ച ആര്‍ട് ഡയറക്ടര്‍മാരില്‍ ഒരാളാണ് എം. ബാവ. നിരവധി ചിത്രങ്ങളില്‍ തന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ബാവക്ക് സാധിച്ചു. കന്മദം, അയാള്‍ കഥയെഴുതുകയാണ്, സി.ഐ.ഡി. മൂസ തുടങ്ങിയ ചിത്രങ്ങളില്‍ ബാവ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആമേന്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
ഒരിടവേളക്ക് ശേഷം ബാവ കലാസംവിധായകനായെത്തിയ ചിത്രമായിരുന്നു അഴകിയ രാവണന്‍. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബാവ. ചിത്രത്തില്‍ ‘പ്രണയമണിത്തൂവല്‍’ എന്ന പാട്ട് ഷൂട്ട് ചെയ്തത് മറക്കാനാകാത്ത അനുഭവമാണെന്ന് ബാവ പറഞ്ഞു.
ലൊക്കേഷനില്‍ തന്നെ ചെറിയൊരു കുളം ഉണ്ടെന്നും അവിടെ നിന്നാണ് മഴക്ക് വേണ്ടി വെള്ളം പമ്പ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്ട് ഷൂട്ട് ചെയ്യാനായി എല്ലാം സെറ്റ് ചെയ്ത് വെച്ചെന്നും പമ്പ് ഓണാക്കിയപ്പോള്‍ വെള്ളത്തിലുണ്ടായിരുന്ന വേസ്റ്റുകളും നായികയുടെ ദേഹത്തേക്ക് തെറിച്ചെന്നും ബാവ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെറിയൊരു ബ്രേക്കിന് ശേഷം മലയാളത്തില്‍ ഞാന്‍ ചെയ്ത സിനിമയായിരുന്നു അഴകിയ രാവണന്‍. കമല്‍ സാറായിരുന്നു ആ പടത്തിന്റെ സംവിധായകന്‍. ആലപ്പുഴയിലെ ഒരു വീട്ടിലായിരുന്നു ഷൂട്ട്. ആ പടത്തിലെ ഒരു സംഭവം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ‘പ്രണയമണിത്തൂവല്‍’ എന്ന പാട്ട് ഫുള്‍ മഴയത്താണ് ഷൂട്ട്. സിനിമക്കുള്ളിലെ സിനിമയില്‍ ഷൂട്ട് ചെയ്യുന്ന പാട്ടാണ് അത്.
ആ പാട്ടിന് വേണ്ടി മഴ സെറ്റ് ചെയ്യണം. ആ വീടിന്റെ അടുത്ത് ചെറിയൊരു കുളമുണ്ട്. അതില്‍ നിന്നാണ് വെള്ളമെടുത്തുകൊണ്ടിരുന്നത്. ഷൂട്ടിന്റെ ഇടക്ക് സെറ്റിലുള്ളവര്‍ ആ കുളത്തില്‍ ഫുഡ് വേസ്റ്റ് തള്ളിയിരുന്നു. ഞങ്ങളാരും ഇത് അറിഞ്ഞിരുന്നില്ല. പമ്പൊക്കെ സെറ്റ് ചെയ്തിട്ട് വെള്ളം അടിച്ചപ്പോഴേക്ക് ഭാനുപ്രിയയുടെ ദേഹത്തേക്ക് മീന്‍ മുള്ളും ഫുഡ് വേസ്റ്റും തെറിച്ചു.
പെട്ടെന്ന് കട്ട് വിളിച്ചു. എന്താണ് ശരിക്ക് സംഭവിച്ചതെന്ന് പിന്നീടാണ് മനസിലായത്. ഭാനുപ്രിയ വല്ലാത്ത അവസ്ഥയിലായി. പിന്നീട് ആളുകളെയൊക്കെ വിളിച്ച് കുളം ക്ലീന്‍ ചെയ്യിച്ചു. ആ പാട്ട് പിന്നീടൊരു ദിവസമാണ് ഷൂട്ട് ചെയ്തത്. ആ കുളത്തില്‍ വേസ്റ്റിടാന്‍ പാടില്ലെന്ന് സെറ്റിലെ എല്ലാവരോടും പ്രത്യേകം പറയുകയും ചെയ്തു,’ ബാവ പറയുന്നു.
Content Highlight: Art Director M Bawa shares the shooting experience of Azhakiya Ravanan movie