ആമേനിലെ പള്ളി കാണാന്‍ പൈസ കൊടുത്ത് അളുകള്‍ വന്നിരുന്നു: ആര്‍ട്ട് ഡയറക്ടര്‍ എം.ബാവ
Entertainment
ആമേനിലെ പള്ളി കാണാന്‍ പൈസ കൊടുത്ത് അളുകള്‍ വന്നിരുന്നു: ആര്‍ട്ട് ഡയറക്ടര്‍ എം.ബാവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 12:52 pm

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആമേന്‍.
പെല്ലിശ്ശേരിയുടെ കഥയെ ആസ്പദമാക്കി പി.എസ്. റഫീഖ് ആണ് ചിത്രം എഴുതിയത്. ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ മണി, സ്വാതി റെഡ്ഡി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

മനോഹരമായ ഒരു ദൃശ്യാനുഭവമാണ് ആമേന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്. സിനിമയുടെ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത് എം. ബാവയായിരുന്നു. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആമേന്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

താന്‍ ഏറ്റവും കൂടുതല്‍ സമയം എടുത്ത് ചെയ്ത വര്‍ക്ക് ആമേനാണെന്നും അതിലെ പള്ളിയുണ്ടാക്കാനാണ് ഒരുപാട് സമയം എടുത്തതെന്നും അദ്ദേഹം പറയുന്നു. പള്ളിയുള്ളത് ഒരു ചെറിയ സ്ഥലത്തായിരുന്നുവെന്നും പിന്നീട് വെള്ളത്തിലേക്ക് പ്ലാറ്റ് ഫോം എക്സന്റഡ് ചെയ്താണ് തങ്ങള്‍ പള്ളിയുടെ പണിയൊക്കെ തീര്‍ത്തതെന്നും എം. ബാവ പറയുന്നു.

സെറ്റാണെന്ന് അറിയാതെ പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിച്ചവരൊക്കെ ഉണ്ടായിരുന്നുവെന്നും പത്ത് രൂപയൊക്കെ കൊടുത്ത് ആളുകള്‍ പള്ളി കാണാന്‍ വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. അത് കാണാനായി ആളുകള്‍ വന്നിരുന്നുവെന്നത് സന്തോഷമുണ്ടാക്കുന്നതാണെന്നും എം.ബാവ പറയുന്നു. ക്ലബ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഏറ്റവും കൂടുതല്‍ സമയം എടുത്ത് ചെയ്ത വര്‍ക്ക് ആമേനാണ്. അതിലെ പള്ളിയുണ്ടാക്കാന്‍. അതങ്ങനെ ഒരു സിറ്റുവേഷനായിരുന്നു, മഴയുണ്ടായിരുന്നു. പിന്നെ അതൊരു ചെറിയ സ്ഥലമായിരുന്നു. പിന്നീട് വെള്ളത്തിലേക്ക് നമ്മള്‍ പ്ലാറ്റ് ഫോം എക്‌സന്റഡ് ചെയ്താണ് പള്ളിയുടെ പണിയൊക്കെ നടത്തിയത്. സെറ്റാണെന്ന് അറിയാതെ പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിച്ചവരൊക്കെ ഉണ്ട്. ആമേനിന്റെ ലൊക്കേഷനില്‍ ഞങ്ങള്‍ പോകുമ്പോള്‍ അവിടെ കാണുന്നത്, ഗെയ്‌റ്റൊക്കെ പണിതിട്ടുണ്ട്. പള്ളി കാണാന്‍ പത്ത് രൂപയാണ് എന്‍ട്രി അവര്‍ വാങ്ങിക്കുന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ പണിത പള്ളിയാണ് ഇതെന്ന്.

പള്ളികാണാന്‍ വേണ്ടി പത്ത് രൂപ കൊടുത്തിട്ട് അളുകള്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു സമയം ഉണ്ടായിരുന്നു. അത് സന്തോഷമുള്ള കാര്യമാണ്. കാരണം ബോംബയിലൊക്കെ ചില സെറ്റുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തുന്നുണ്ട്. അത് അത്രയും കോസ്റ്റിലി ആയിട്ട് ഇടുന്നതുകൊണ്ട് മാത്രം നിലനിര്‍ത്തുന്നതാണ്. ഇത് അങ്ങനെയല്ല. പൊളിക്കാന്‍ സമയമില്ലാഞ്ഞിട്ടും, പൊളിക്കണ്ടെന്ന് പറഞ്ഞിട്ടും ആണ് അവിടെ നിര്‍ത്തിയിട്ടുള്ളത്. അപ്പോള്‍ അത് കാണാന്‍ ആളുകള്‍ വരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്,’ എം.ബാവ പറയുന്നു.

Content Highlight: Art director M.Bava talks about Amen movie.