ആറാം തമ്പുരാന്‍, അന്ന് ക്ലൈമാക്‌സ് ഷൂട്ടില്‍ നിറയെ പ്രശ്‌നങ്ങളായിരുന്നു: ആര്‍ട്ട് ഡയറക്ടര്‍ ബോബന്‍
Entertainment
ആറാം തമ്പുരാന്‍, അന്ന് ക്ലൈമാക്‌സ് ഷൂട്ടില്‍ നിറയെ പ്രശ്‌നങ്ങളായിരുന്നു: ആര്‍ട്ട് ഡയറക്ടര്‍ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th April 2025, 5:46 pm

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ആറാംതമ്പുരാന്‍ എന്ന മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ താരപരിവേഷം വേണ്ട രീതിയില്‍ ഉപയോഗിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോഡുകളും നേടിയിരുന്നു.

ബോബനായിരുന്നു ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. ഇപ്പോള്‍ ആറാം തമ്പുരാന്റെ ക്ലൈമാക്‌സ് സീക്വന്‍സുകള്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് ബോബന്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആറാം തമ്പുരാന്റെ സെറ്റിന്റെ കുറിച്ച് ചോദിച്ചാല്‍, ക്ലൈമാക്‌സിന്റെ ഷൂട്ടില്‍ നിറയെ പ്രശ്‌നങ്ങളായിരുന്നു. അതില്‍ ക്ലൈമാക്‌സ് ആദ്യം ഒരു സ്ഥലത്ത് പ്ലാന്‍ ചെയ്തു. വട്ടത്തറയും മറ്റും കണ്ട് സെറ്റ് ചെയ്തു.

അന്ന് അത്രയും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെയൊക്കെ വെച്ച് ഷൂട്ട് ചെയ്യാനായി പോയി. പക്ഷെ അവിടെ നാട്ടുകാരുമായി ചെറിയ പ്രശ്‌നമുണ്ടായി. അങ്ങനെ ഷൂട്ടിങ് മുടങ്ങി.

അവസാനം വേറെയൊരു സ്ഥലത്ത് കൊണ്ടുപോയി അതുപോലെ തന്നെ സെറ്റ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ആറാം തമ്പുരാന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നത്,’ ബോബന്‍ പറയുന്നു.

ആറാം തമ്പുരാന്‍:

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ആറാം തമ്പുരാന്‍. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായിക ഉണ്ണിമായയായി എത്തിയത്.

ഒപ്പം സായി കുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്, പ്രിയാരാമന്‍ തുടങ്ങിയ വലിയ താരനിരയായിരുന്നു ഒന്നിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വര്‍ഗ്ഗചിത്ര ആയിരുന്നു.


Content Highlight: Art Director Boban Talks About Aaraam Thampuraan Movie Climax Shooting