അത്തരത്തിലൊരു കഥാപാത്രം ഒരു ആര്‍ട്ടിസ്റ്റിന് കിട്ടുന്നത് അപൂര്‍വമാണ്, വലിയ രീതിയില്‍ അത് ആഘോഷിക്കപ്പെട്ടു: ആര്‍ഷ ബൈജു
Entertainment
അത്തരത്തിലൊരു കഥാപാത്രം ഒരു ആര്‍ട്ടിസ്റ്റിന് കിട്ടുന്നത് അപൂര്‍വമാണ്, വലിയ രീതിയില്‍ അത് ആഘോഷിക്കപ്പെട്ടു: ആര്‍ഷ ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 12:09 pm

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആര്‍ഷ ബൈജു. കരിക്കിന്റെ ആവറേജ് അമ്പിളി എന്ന വെബ് സീരീസിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ ആര്‍ഷക്ക് സാധിച്ചു. വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് താരത്തിന്റെ കരിയറിലെ ബ്രേക്ക് ത്രൂവായി മാറി. തിയേറ്ററുകളില്‍ ചരിത്രവിജയം നേടിയ തുടരും എന്ന ചിത്രത്തിലും ആര്‍ഷയുടെ സാന്നിധ്യമുണ്ട്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലെ നായിക കഥാപാത്രം ആര്‍ഷക്ക് ഒരുപാട് പ്രശംസ നേടിക്കൊടുത്തിരുന്നു. ഡാര്‍ക്ക് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ആര്‍ഷയുടെ മീനാക്ഷി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് ആര്‍ഷ ബൈജു.

ആവറേജ് അമ്പിളിക്ക് ശേഷമാണ് താന്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ ഭാഗമായതെന്ന് ആര്‍ഷ പറഞ്ഞു. എല്ലാ കഥാപാത്രങ്ങളും ആസ്വദിച്ച് ചെയ്തതാണെങ്കിലും മുകുന്ദനുണ്ണിയിലേത് കുറച്ചുകൂടി പ്രിയപ്പെട്ടതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അത്തരത്തിലൊരു കഥാപാത്രം ഒരു ആര്‍ട്ടിസ്റ്റിന് ലഭിക്കുന്നത് അപൂര്‍വമായിട്ടാണെന്നും ആര്‍ഷ പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു ആര്‍ഷ ബൈജു.

‘ആവറേജ് അമ്പിളിക്ക് ശേഷം ഞാന്‍ ചെയ്ത സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റസ്. എല്ലാ കഥാപാത്രങ്ങളും ആസ്വദിച്ച് ചെയ്തതാണെങ്കിലും മുകുന്ദനുണ്ണിയിലേത് കുറച്ചുകൂടി പ്രിയപ്പെട്ടതാണ്. അത്തരത്തിലൊരു കഥാപാത്രം ഒരു ആര്‍ട്ടിസ്റ്റിന് ലഭിക്കുന്നത് അപൂര്‍വമാണ്. പ്രത്യേകിച്ച്, അവസാനത്തെ സീനൊക്കെയെടുക്കാന്‍ ആവേശത്തോടെ കാത്തിരുന്നിട്ടുണ്ട്. മികച്ച പ്രതികരണമാണ് ആ കഥാപാത്രത്തിന് ലഭിച്ചത്.

അവസാനം തെറിപറയുന്ന സീനൊക്കെ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. അതിന്റെ ഏറ്റവും വലിയ തെളിവാണ് പിന്നീട് അത്തരത്തിലുള്ള പല കഥാപാത്രങ്ങളിലേക്കും എന്നെ വിളിച്ചത്. ആവറേജ് അമ്പിളിക്ക് ശേഷവും അത്തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതിലെ ചില സിനിമകള്‍ നടക്കാതെ പോയി. ഒരു പുതുമുഖ താരം അത്തരത്തിലൊരു കഥാപാത്രം ചെയ്യില്ലെന്ന് പറഞ്ഞാണ് പലരും വിളിച്ചത്’ ആര്‍ഷ ബൈജു പറഞ്ഞു.

നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റസ്. വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ടു നിന്നു. ജീവിതത്തില്‍ ജയിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ കഥയാണ് ചിത്രം പറഞ്ഞത്.

Content Highlight: Arsha Baiju about her character in Mukundan Unni Associates movie