ഇനിയും ഇതാവര്‍ത്തിച്ചാല്‍ പിടിച്ച് അകത്തിടാന്‍ ഉത്തരവിടും; കങ്കണയോട് കോടതി
Defamation Case
ഇനിയും ഇതാവര്‍ത്തിച്ചാല്‍ പിടിച്ച് അകത്തിടാന്‍ ഉത്തരവിടും; കങ്കണയോട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th September 2021, 3:02 pm

മുംബൈ: ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതില്‍ നടി കങ്കണ റണാവത്തിന് താക്കീത്. അടുത്ത തവണയും കേസില്‍ വാദം കേള്‍ക്കുന്നതില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മുന്നറിയിപ്പ് നല്‍കി.

പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരക്കിലായിരുന്നുവെന്നും കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും പറഞ്ഞാണ് ചൊവ്വാഴ്ചയും നടി കോടതിയില്‍ എത്താതിരുന്നത്.

അതേസമയം പരാതിക്കാരനായ ജാവേദ് അക്തര്‍ ഭാര്യ ശബാന ആസ്മിയോടൊപ്പം കോടതിയിലെത്തി. കങ്കണയ്ക്ക് ഹാജരാകന്‍ ഒരു അവസരം കൂടി കൊടുക്കുന്നതിനെ ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.

കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങള്‍ പറഞ്ഞ് ഹാജരാകാതിരുന്നതിന് പിന്നിലെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കങ്കണ നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

2020 ലാണ് ജാവേദ് അക്തര്‍ കങ്കണയ്ക്കെതിരെ പരാതി നല്‍കിയത്. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ജാവേദ് അക്തര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Arrest warrant against Kangana Ranaut if she fails to appear, says court hearing Javed Akhtar defamation case