റായ്പൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ആദ്യപ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായി. പെണ്‍കുട്ടികളെ വഞ്ചിച്ച് വലയില്‍ കുടുക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നും വിഷയം നിലവില്‍ കോടതിയുടെ പരിഗണനയില്‍ ആണെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്താണ് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് ആദിവാസി പെണ്‍കുട്ടികളെ കൊണ്ടുപോയത്. നഴ്‌സിങ് പരിശീലനവും ജോലി അവസരങ്ങളും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇവരെ കൊണ്ടുപോയത്. നടന്നത് ഗുരുതരമായ മനുഷ്യക്കടത്തും മതപരിവര്‍ത്തനമാണെന്നും വിഷ്ണു ഡിയോ സായി എക്‌സില്‍കുറിച്ചു.
ഒരു പ്രദേശവാസിയാണ് പെണ്‍കുട്ടികളെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കന്യാസ്ത്രീകള്‍ക്ക് കൈമാറിയത്. ഈ വിഷയം വളരെ ഗൗരവമേറിയതാണെന്നും അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും വിഷ്ണു ഡിയോ സായി കൂട്ടിച്ചേര്‍ത്തു.
അതേസമയം കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിഷ്ണു ഡിയോ സായിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇവരെ തടഞ്ഞുവെച്ച് ടി.ടി.ആര്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സിസ്റ്റര്‍മാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചു. തുടര്‍ന്നാണ് റെയില്‍വെ പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
Content Highlight: Arrest of Malayali Nuns; Human trafficking and religious conversions happened says Chhattisgarh Chief Minister Vishnu Deo Sai