ന്യൂദല്‍ഹി: മലേഗാവ് സ്ഫോടന കേസില്‍ ജാമ്യം ലഭിച്ച കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ സസ്പെന്ഷന് സൈന്യം പിന്‍വലിക്കാന്‍ സാധ്യത. കേസില്‍ ജാമ്യം ലഭിച്ചതോടെ പുരോഹിതിന്റെ സസ്പെന്ഷന് സംബന്ധിച്ച് സൈന്യം പുന:പരിശോധന ആരംഭിച്ചെന്ന് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.
Also read മാലേഗാവ് കേസ്; എന്‍.ഐ.എ പ്രവര്‍ത്തിച്ചത് ബി.ജെ.പിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്: കോണ്‍ഗ്രസ്
ആര്‍മി ഇന്റലിജന്‍സ് ഓഫീസറായിരുന്ന കേണല്‍ പുരോഹിതിനെ 2008 സെപ്റ്റംബര്‍ 29 നു മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ ചെയ്തത്. സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
ജമ്മുകാശ്മീരില്‍ തീവ്രവാദ വിരുദ്ധ സേനയ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന പുരോഹിത് സൈന്യത്തിന്റെ രഹസ്യന്വേഷണ വിഭാഗത്തിനൊപ്പവുമുണ്ടായിരുന്നു. സര്‍വ്വീസിലിരിക്കെ തീവ്രവാദകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ ആദ്യ വ്യക്തിയുമാണ് കേണല്‍ പുരോഹിത്. ഒമ്പതുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷമാണ് ഇയാള്‍ സുപ്രീം കോടതി ജാമ്യത്തോടെ പുറത്തിറങ്ങുന്നത്.
മലേഗാവില്‍ സ്ഫോടനത്തിനുപയോഗിച്ച വസ്തു കൈമാറിയെന്ന കുറ്റത്തിനാണ് പുരോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ ഗൗരവമായ കുറ്റകൃത്യത്തിന് പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയെയാണ് ജ്യാമ്യം ലഭിച്ചെന്ന കാരണത്താല്‍ സൈന്യത്തില്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
Dont miss: ഗെയില്‍ വാതക പൈപ്പ്ലൈനിനെതിരായ സമരത്തിനു പിന്നില്‍ മുസ്ലിം തീവ്രവാദികളെന്ന് എ. വിജയരാഘവന്
കേസില്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പുരോഹിതിനെ സൈന്യത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്. മുംബൈ തീവ്രവാദ വിരുദ്ധ വിഭാഗവും എന്‍.ഐ.എയും സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
കേസിലെ പ്രധാന ഗൂഢാലോചനക്കാരന്‍ പുരോഹിതാണെന്ന വാദത്തില്‍ എന്‍.ഐ.എ ഉറച്ച് നില്‍ക്കുമ്പോഴാണ് ഇദ്ദേഹത്തെ സൈന്യത്തിലേക്ക് തിരിച്ചെടുക്കാന്‍ ആലോചനകള്‍ നടക്കുന്നത്.
