ന്യൂദല്‍ഹി: മാലേഗാവ് സ്‌ഫോടനക്കേസില്‍ കേണല്‍ പുരോഹിതിന് ജാമ്യം കിട്ടാനിടയായ വിധിയില്‍ എന്‍.ഐ.എയും ബി.ജെ.പി സര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്. സ്വന്തം ആള്‍ക്കാരെ രക്ഷപ്പെടുത്താനായി ബി.ജെ.പി നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തിയതെന്നും അന്വേഷണം അപര്യാപ്തമായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് മീം അഫ്‌സല്‍ പറഞ്ഞു.
പുരോഹിതിന് ജാമ്യം കിട്ടിയത് കണ്ട് ഞെട്ടി. പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടാണ് എന്‍.ഐ.എ സമര്‍പ്പിച്ചത്. ഗുജറാത്ത് കേസിലും ഇതുപോലെ സ്വന്തം ആള്‍ക്കാരെ രക്ഷിക്കാന്‍ ബി.ജെ.പി ശ്രമിച്ചിട്ടുണ്ട്. മീം അഫ്‌സല്‍ പറഞ്ഞു.
2014ല്‍ മോദി അധികാരത്തില്‍ വന്ന ശേഷം മുതലാണ് എന്‍.ഐ.എയുടെ കേസ് അന്വേഷണം കുറഞ്ഞുപോയത്. കേസിലെ സാക്ഷികള്‍ക്കകം എതിര്‍പ്പ് നേരിടേണ്ടി വരികയും പലര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവായ രാജു വാഗ്മറെ പറഞ്ഞു.
ഇന്നലെയാണ് സുപ്രീംകോടതി പുരോഹിതിന് ജാമ്യം അനുവദിച്ചത്. പുരോഹിതിന് വേണ്ടി ഹാജരായിരുന്നത് മുതിര്‍ന്ന അഭിഭാകനായ ഹരീഷ് സാല്‍വെയായിരുന്നു.
ആര്‍മി ഇന്റലിജന്‍സ് ഓഫീസറായിരുന്ന പുരോഹിതിന്റെ ജാമ്യം ബോംബെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
