അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ വെബ് സീരിസായിരുന്നു കേരള ക്രൈം ഫയല്‍സ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കപ്പുറം സീരീസിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി സ്ട്രീമിങ് തുടരുകയാണ്. ആദ്യ സീസണില്‍ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നെങ്കില്‍, അമ്പിളി രാജുവെന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സീസണ്‍ 2 മുന്നോട്ടുപോകുന്നത്. രണ്ടാം സീസണില്‍ നായകന്‍ അര്‍ജുന്‍ രാധാകൃഷ്ണനായിരുന്നു.
ഇപ്പോള്‍ കേരള ക്രൈം ഫയല്‍സിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. സംവിധായകന്‍ അഹമ്മദ് കബീര്‍ സീരീസിലേക്ക് വിളിച്ചപ്പോള്‍ ആദ്യ ഭാഗം താന്‍ കാണാത്തതില്‍ മാപ്പ് പറഞ്ഞെന്ന് അര്‍ജുന്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കണ്ണൂര്‍ സ്‌ക്വാഡ് കണ്ടാണ് സംവിധായകനായ അഹമ്മദ് കബീര്‍ ആദ്യമായി എന്നെ വിളിക്കുന്നത്. അമീര്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് അഭിനന്ദിച്ചു. പിന്നീട് ഇന്‍സ്റ്റ വഴി ഞങ്ങള്‍ മെസേജിങ് ഒക്കെയുണ്ടായിരുന്നു. ഒരുദിവസം വിളിച്ചിട്ട് തന്റെ പുതിയൊരു സിനിമയില്‍ ഒരു വേഷമുണ്ട്, ചെയ്യാന്‍ സാധിക്കുമോ എന്ന് തിരക്കി.
കേരള ക്രൈം ഫയല്‍സിന്റെ സീസണ്‍ 2 ആണെന്ന് പറഞ്ഞപ്പോള്‍ ഞാനും ആവേശത്തിലായി. സീസണ്‍ വണ്‍ കാണാത്തതിന് ഞാനാദ്യം ക്ഷമ ചോദിക്കുകയാണ് ചെയ്തത്. അതൊന്നും പ്രശ്നമില്ലെന്നും ഇത് തികച്ചും പുതിയൊരു സിനിമയാണെന്നും അഹമ്മദ് പറഞ്ഞു. വില്ലന്‍വേഷമായിരിക്കും എന്നാണ് ഞാനാദ്യം വിചാരിച്ചത്.
എന്നാല്‍, പ്രധാന പൊലീസ് വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ബാഹുല്‍ രമേശാണ് തിരക്കഥ എന്ന് പറഞ്ഞു. അന്ന് ‘കിഷ്‌കിന്ധാ കാണ്ഡം’ ഇറങ്ങിയിട്ടില്ല. കഥാപാത്രത്തെക്കുറിച്ചും അഹമ്മദും ബാഹുലും വളരെ ഡീറ്റെലായി തന്നെ പറഞ്ഞുതന്നിരുന്നു.
അതിമാനുഷനല്ലാത്ത സാധാരണ ഒരു പൊലീസുകാരനാണെന്നും കാക്കി അണിയുമ്പോള്‍ നമുക്കൊരു ‘വൗ’ ഫീല്‍ വരുമെന്നും അത് വേണ്ടെന്നും പറഞ്ഞു. നോബിള്‍ എന്നാണ് ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. വോളിബോള്‍ കളിക്കാരനായ ഒരു പൊലീസുകാരന്‍. സീരിസ് കണ്ട് ഒരുപാടുപേര്‍ വിളിച്ച് മികച്ച അഭിപ്രായം പങ്കിട്ടു. സന്തോഷം,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.