മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ പറവയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
പറവക്ക് ശേഷം ഇറങ്ങിയ ജൂണ്‍, ബി.ടെക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ അര്‍ജുന്‍ തന്റെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചു. തന്റെ കരിയറിലെ ബ്രേക്ക് എന്ന് പറയാന്‍ കഴിയുന്നത് പറവയിലെ കഥാപാത്രം ആണെന്ന് അര്‍ജുന്‍ അശോകന്‍ പറയുന്നു. പറവയിലൂടെ തനിക്ക് സിനിമാക്കാരുടെ ഇടയില്‍ നിന്നും അല്ലാതെയും ഏറെ അഭിനന്ദങ്ങള്‍ ലഭിച്ചെന്ന് അര്‍ജുന്‍ പറഞ്ഞു.
ആ കഥാപാത്രം നന്നായി ചെയ്യാന്‍ കഴിഞ്ഞതിന് സംവിധായകന്‍ സൗബിന്‍ ഷാഹിറിനോടാണ് നന്ദി പറയേണ്ടതെന്നും അതിന് ശേഷം ചെയ്ത ബി.ടെക്ക് സിനിമയിലെ ആസാദ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് ചിത്രങ്ങളിലൂടെ ആളുകള്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയെന്നും ആളുകള്‍ തന്നെ തിരിച്ചറിയുന്നുണ്ടോയെന്ന് അറിയാനായി ദിവസം നാല് തവണവരെ തിയേറ്ററില്‍ പോയി സിനിമ കാണുമായിരുന്നു എന്നും അര്‍ജുന്‍ പറഞ്ഞു.
സ്‌ക്രീനില്‍ തന്നെ കാണുമ്പോള്‍ ആളുകള്‍ ആദ്യമായി കയ്യടിച്ചത് ജൂണ്‍ എന്ന സിനിമയിലാണെന്നും ജീവിതത്തില്‍ ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.
‘എന്റെ കരിയറിലെ ബ്രേക്ക് എന്ന് പറയാവുന്നത് പറവയിലെ കഥാപാത്രം തന്നെയാണ്. സിനിമക്കാര്‍ക്കിടയിലും അല്ലാതെയും ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി. ആ കഥാപാത്രം നന്നായി ചെയ്യാന്‍ പറ്റിയതിന് സൗബിനിക്കയോടാണ് ആദ്യം നന്ദി പറയേണ്ടത്. ബി.ടെക്കിലെ ആസാദ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
അതോടെ ആളുകളൊക്കെ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അന്നൊക്കെ മൂന്നും നാലും തവണ സിനിമ തിയേറ്ററില്‍ പോയികാണും. ആളുകളുടെ അഭിപ്രായം കേള്‍ക്കാനും ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ എന്ന് അറിയാനുമൊക്കെ കൗതുകമായിരുന്നു. സ്‌ക്രീനില്‍ എന്നെ കാണിക്കുമ്പോള്‍ ആളുകള്‍ ആദ്യമായി കൈയടിച്ചത് ജൂണ്‍ സിനിമയിലാണ്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമാണ് അത്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
Content Highlight: Arjun Ashokan talks about Parava movie and June movie