ആ അഞ്ജലി മേനോൻ ചിത്രത്തിലെ കഥാപാത്രം ചെയ്യേണ്ടത് ഞാനായിരുന്നു: അർജുൻ അശോകൻ
Entertainment
ആ അഞ്ജലി മേനോൻ ചിത്രത്തിലെ കഥാപാത്രം ചെയ്യേണ്ടത് ഞാനായിരുന്നു: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th May 2024, 1:28 pm

ഇന്ന് മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യനായ താര പുത്രനാണ് അർജുൻ അശോകൻ. ചെറിയ ക്യാരറ്റർ റോളുകളിലൂടെ തന്റെ സിനിമ ആരംഭിച്ച അർജുൻ അശോകൻ ഇന്ന് മലയാളത്തിൽ തിരക്കുള്ള ഒരു യുവനടനാണ്.

തുടക്കകാലത്ത് സിനിമകളുടെ ഓഡിഷനെല്ലാം പോകുമായിരുന്നുവെന്ന് പറയുകയാണ് അർജുൻ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത പൃഥ്വിരാജ് – നസ്രിയ ചിത്രത്തിൽ ഒരു റോൾ തനിക്ക് കിട്ടിയിരുന്നുവെന്നും എന്നാൽ അത് ചെയ്യാൻ അന്ന് ചമ്മൽ തോന്നിയത് കൊണ്ട് ഒഴിവായെന്നും അർജുൻ അശോകൻ പറയുന്നു.

എന്നാൽ തുറമുഖം എന്ന ചിത്രത്തിന്റെ ഓഡിഷനിൽ താൻ പെട്ടെന്ന് സെലക്ട് ആയെന്നും കൊച്ചി സ്ലാങ് ആയതിനാൽ ആ വേഷം എളുപ്പമായിരുന്നുവെന്നും അർജുൻ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ.

‘കുറച്ച് സിനിമകളിൽ അഭിനയിച്ചു എന്ന് കരുതി ഓഡിഷന് പോവുന്നതിൽ പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം നമ്മൾ അഭിനയിച്ച പടം അവർ കണ്ടിട്ടുണ്ടോ എന്ന് നമുക്ക് അറിയിലല്ലോ.

അവർ പറയുന്ന തരത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമോ എന്നറിയാൻ വേണ്ടിയാണ് അങ്ങനെ ചെയ്യിപ്പിക്കുന്നത്.

അഞ്ജലി മേനോന്റെ ‘കൂടെ’യിലേക്ക് എന്നെ അഭിനയിക്കാൻ വിളിച്ചിരുന്നു. പക്ഷെ എനിക്കത് ചെയ്യാൻ ഒട്ടും കംഫർട്ട് അല്ലായിരുന്നു. ഞാനത് അഞ്ജലി മാഡത്തോട് പറയുകയും ചെയ്തു. ആ കഥാപാത്രം ഏതാണെന്നൊന്നും ഞാൻ പറയില്ല.

എന്നാൽ രാജീവ് സാറിന്റെ തുറമുഖത്തിൽ എന്നെ ഓഡിഷന് വിളിച്ചു. നോക്കുമ്പോൾ എനിക്കത് കംഫർട്ടബിൾ ആയിരുന്നു. കാരണം കൊച്ചി സ്ലാങ് ആണ്. അതെനിക്ക് പറ്റുന്നതാണ്. അത് പൊളിയായിട്ട് ചെയ്ത് എനിക്ക് ആ ചിത്രത്തിൽ അവസരം കിട്ടി. ഇപ്പോഴാണെങ്കിൽ ഞാൻ അതെല്ലാം ചെയ്യും. ചമ്മലൊക്കെ മാറി. ഒരു കുഴപ്പവുമില്ല,’അർജുൻ അശോകൻ പറയുന്നു.

Content Highlight: Arjun Ashokan Talk About Koode Movie