അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജ് പൊളിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആ വില്ലന്‍ വേഷം ചെയ്തത്: അര്‍ജുന്‍ അശോകന്‍
Entertainment
അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജ് പൊളിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആ വില്ലന്‍ വേഷം ചെയ്തത്: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd January 2025, 9:05 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ പറവയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

തന്റെ കരിയറില്‍ ഇംപാക്ടുകള്‍ ഉണ്ടാക്കിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയില്‍ നല്ലൊരു വേഷമായിരുന്നെന്നും കൂടുതല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞത് പറവക്ക് ശേഷമാണെന്നും അര്‍ജുന്‍ പറഞ്ഞു. പിന്നീട് ജൂണിലെയും ബി.ടെക്കിലെയും വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെന്നും ചിലര്‍ക്ക് താന്‍ അടുത്ത വീട്ടിലെ പയ്യനായി തോന്നിയെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീടാണ് വരത്തനിലെ ജോണിമോന്‍ എന്ന കഥാപാത്രം വന്നതെന്ന് അര്‍ജുന്‍ പറഞ്ഞു. താന്‍ പണ്ട് അമല്‍ നീരദിനോട് ചാന്‍സ് ചോദിച്ച് കത്തുകള്‍ അയച്ചെങ്കിലും അതിനൊന്നും മറുപടി ഇല്ലായിരുന്നെന്ന് അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നെഗറ്റീവ് റോളുകള്‍ ചെയ്യുമോ എന്ന് അമല്‍ നീരദിന് സംശയമുണ്ടായിരുന്നെന്നും അത് തന്നോട് പങ്കുവെച്ചെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

അമല്‍ നീരദിന്റെ ഒരു ഫ്രെയിമിലെങ്കിലും വരണമെന്ന് വലിയ ആഗ്രഹമായിരുന്നെന്ന് താന്‍ അമല്‍ നീരദിനോട് പറഞ്ഞെന്ന് അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. അതുവരെ തന്നെ കാണുമ്പോള്‍ പാവമെന്ന് തോന്നിയിരുന്ന പ്രേക്ഷകര്‍ക്ക് തന്നോട് വെറുപ്പ് തോന്നിയ കഥാപാത്രമാണ് വരത്തിനിലേതെന്നും അര്‍ജുന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.

‘കുറച്ച് സിനിമകള്‍ ചെയ്‌തെങ്കിലും ആളുകള്‍ക്ക് എന്നെ കണക്ടായത് പറവ എന്ന പടത്തിലാണ്. ആദ്യമൊന്നും മെച്ചുരിറ്റി ഇല്ലാത്ത, പിന്നീട് ജീവിതത്തെ സീരിയസായി കാണുന്ന ക്യാരക്ടറായിരുന്നു അത്. പിന്നീട് ബി.ടെക്ക് കൂടെ റിലീസായപ്പോള്‍ ആളുകള്‍ക്ക് എന്നെ കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചു. പക്ഷേ, അപ്പോഴേക്ക് ഒരു പാവത്താന്‍ പയ്യന്‍ എന്ന ഇമേജ് എനിക്ക് വീണു.

അടുത്ത വീട്ടിലെ പയ്യനെപ്പോലെ തോന്നിക്കുന്ന വേഷങ്ങള്‍ ചെയ്ത് നിന്നപ്പോഴാണ് അമലേട്ടന്‍ എന്നെ വരത്തനിലേക്ക് വിളിച്ചത്. പണ്ട് ഞാന്‍ ചാന്‍സ് ചോദിച്ച് അദ്ദേഹത്തിന് കത്തൊക്കെ അയച്ചിരുന്നു. പുള്ളി അത് കണ്ടിട്ടുണ്ടോ എന്നറിയില്ല. വരത്തനിലേക്ക് വിളിച്ചപ്പോള്‍ ‘നെഗറ്റീവ് റോളാണ്, നീ ഇത് ചെയ്യുമോ’ എന്ന് അമലേട്ടന്‍ ചോദിച്ചു. ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് വരത്തനിലെ ജോണി മോന്‍ എന്റെയടുത്തേക്ക് വന്നത്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

Content Highlight: Arjun Ashokan explains why he chose villain character in Varathan movie