തിരുവനന്തപുരം: പ്രതിഷേധ മാർച്ചിൽ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിന് പണം പിരിച്ച് നൽകിയെന്ന അവകാശവാദവുമായി അരിത ബാബു.
എന്നാൽ തനിക്ക് ഇത്ര വലിയ തുക നേതൃത്വത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് മേഘ രഞ്ജിത്ത് തന്നെ രംഗത്തെത്തി. ഇതോടെ സഹായം നല്‍കിയെന്ന് അറിയിച്ചുകൊണ്ട് അരിത ബാബു ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി.
രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ ഓരോ സമരങ്ങളിലും പങ്കാളിയാകുമ്പോള്‍ പൊതുജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ടെന്നും അതിനുള്ള മറുപടിയാണ് തന്റെ പാർട്ടിയെന്നും പറഞ്ഞായിരുന്നു അരിതയുടെ കുറിപ്പ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് 2024 ജനുവരി 15ന് ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്റ്ററേറ്റ് മാര്‍ച്ച് ചൂണ്ടിക്കാട്ടിയാണ് അരിതയുടെ പോസ്റ്റ്.
മാര്‍ച്ചില്‍ സാരമായി പരിക്കേറ്റ മേഘ രഞ്ജിത്തിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.സി. വേണുഗോപാലും സാമ്പത്തികമായും ചികിത്സാ സംബന്ധമായും സഹായം നല്‍കിയെന്നും പോസ്റ്റില്‍ പറയുന്നു.
കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം കേരളത്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന പോഷക സംഘടനകള്‍ വഴി ഏകദേശം എട്ട് ലക്ഷം രൂപ സമാഹരിച്ച് വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറിയെന്നും അരിത ബാബു അവകാശപ്പെടുന്നു.
എ.കെ. ആന്റണി, വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, ഹൈബി ഈഡന്‍, വി.ടി. ബല്‍റാം, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നിര തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് ഓരോ ദിനവും ഒഴുകിയെത്തുക തന്നെയാണ് ചെയ്തതെന്നും അരിത ബാബു പറഞ്ഞു.
എന്നാല്‍ അരിതക്കെതിരെ മേഘ രഞ്ജിത്ത് തന്നെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
ഈ പറഞ്ഞ തുക തനിക്ക് കൈമാറാതെ ഇടയ്ക്ക് നിന്ന് ആരാണ് കൈപ്പറ്റിയത്, അത് കൂടി പരസ്യമായി പറയണം. താനും കൂടി അറിയണമല്ലോ തന്റെ പേരില്‍ ആരാണ് വലിയൊരു തുക കൈപ്പറ്റിയതെന്നാണ് മേഘ രഞ്ജിത്ത് പ്രതികരിച്ചത്.
സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും അരിത ബാബുവിനെയും വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പോസ്റ്റ് ഡിലീറ്റ് ചെയ്യരുതെന്നും അവസാനം വിവാദം ഇടതുപക്ഷം മനഃപൂര്‍വം ഉണ്ടാക്കിയതാണെന്ന് പറയരുതെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
Content Highlight: Aritha Babu’s ‘Congress Help’ post in controversy