എല്ലാം എട്ട് മണി വരെ മാത്രം; പുതുവർഷാഘോഷത്തിൽ നിയന്ത്രണവുമായി അരീക്കോട് പൊലീസ്; വിവാദമായതോടെ പിൻവലിച്ചു
Kerala News
എല്ലാം എട്ട് മണി വരെ മാത്രം; പുതുവർഷാഘോഷത്തിൽ നിയന്ത്രണവുമായി അരീക്കോട് പൊലീസ്; വിവാദമായതോടെ പിൻവലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st December 2023, 3:03 pm

കോഴിക്കോട്: പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിയന്ത്രണങ്ങൾ വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് അരീക്കോട് പൊലീസ്. സ്റ്റേഷന്‍ പരിധിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും എട്ട് മണിയോടെ അവസാനിപ്പിക്കണമെന്ന പൊലീസിന്റെ ഉത്തരവിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു.

31/12/2023 തീയതി സ്റ്റേഷന്‍ പരിധിയിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടര്‍ഫ്, പടക്കകട അടക്കമുള്ളവയ്ക്ക് നിയന്ത്രണം ബാധകമാണെന്നാണ് അരീക്കോട് പൊലീസ് ഇന്‍സ്‌പെക്റ്ററുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

ഹോട്ടലുകളും കൂള്‍ബാറുകളും കൃത്യം എട്ട് മണിക്ക് അടക്കണം, റിസോര്‍ട്ടുകളില്‍ ഒരുതരത്തിലുള്ള ഡി.ജെ പരിപാടികളും ക്യാമ്പ് ഫയറുകളും അനുവദിക്കില്ല, എട്ട് മണിക്ക് ശേഷം പുതിയ സന്ദര്‍ശകരെ റിസോര്‍ട്ടുകളില്‍ സ്വീകരിക്കാന്‍ പാടില്ല, ടര്‍ഫ് മൈതാനങ്ങള്‍ കൃത്യം എട്ട് മണിക്ക് അടച്ചിരിക്കണം, അഞ്ച് മണിയോടെ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തുകയും പടക്കകടകള്‍ അടക്കുകയും വേണം തുടങ്ങിയവയായിരുന്നു പ്രസ്താവനയിലെ നിര്‍ദേശങ്ങള്‍.

നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്ത പക്ഷം കടയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ഏതെങ്കിലും തരത്തിലുള്ള പ്രശ്ങ്ങള്‍ക്ക് ഉത്തരവാദി സ്ഥാപനത്തിന്റെ ഉടമയായിരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കൂടാതെ ക്രിമിനല്‍ നടപടിക്രമം 149 പ്രകാരം അറിയിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി ജനങ്ങള്‍ പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

പൊലീസിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു.

സി.ആര്‍.പി.സി 149 കോഗ്‌നിസബിള്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സെക്ഷനാണെന്നും ഉത്തരവിലെ അഞ്ച് നിര്‍ദേശങ്ങളും കേരളത്തില്‍ ഗുരുതരമായ കോഗ്‌നിസബിള്‍ കുറ്റകൃത്യമാണെന്ന് നിയമനിര്‍മ്മാണം നടത്തിയതായി കേട്ടിട്ടില്ലെന്നും ഏത് നിയമത്തിലെ എന്ത് അധികാരം ഉപയോഗിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സമൂഹ മാധ്യമത്തില്‍ ചോദ്യമുയര്‍ന്നു.

2023ല്‍ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ആയ ഒരുപാട് കേരള പൊലീസ് ഉത്തരവുകളും ഇടപെടലുകളും കണ്ടിട്ടുണ്ടെന്നും ഒടുവിലത്തേത് അരീക്കോട് പൊലീസിന്റെ ഉത്തരവാണെന്നും വിമര്‍ശനം ഉയര്‍ന്നു.

Content Highlight: Arikot Police’s new year regulations are in controversy