കളത്തിലിറങ്ങുന്നതിന് മുന്നേ തകര്‍പ്പന്‍ നേട്ടം തൂക്കി മെസിയും സംഘവും; താഴെ ഇറക്കിയത് ഫ്രാന്‍സിനെ!
Football
കളത്തിലിറങ്ങുന്നതിന് മുന്നേ തകര്‍പ്പന്‍ നേട്ടം തൂക്കി മെസിയും സംഘവും; താഴെ ഇറക്കിയത് ഫ്രാന്‍സിനെ!
ശ്രീരാഗ് പാറക്കല്‍
Friday, 12th June 2026, 8:53 am

ലോക ഫുട്ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്. ജൂണ്‍ 15ന് അള്‍ജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

മത്സരത്തിന് ഇറങ്ങുന്നതിന് മുന്നേ ഒരു തകര്‍പ്പന്‍ നേട്ടവും അര്‍ജന്റീന സ്വന്തമാക്കിയിരിക്കുകയാണ്. ഫിഫ റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്താനാണ് അര്‍ജന്റീനയ്ക്ക് സാധിച്ചത്. 2025 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് നിലവിലെ ലോക ചാമ്പ്യന്‍മാകരായ അര്‍ജന്റീന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ വിജയിച്ചതിന് പിന്നാലെയാണ് അര്‍ജന്റീന രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് ചേക്കേറിയത്. രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സ്‌പെയ്‌നിന് സാധിച്ചു.

ഫ്രാന്‍സ് രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി മൂന്നാം സ്ഥാനത്തായി. ഐവറി കോസ്റ്റിനോട് സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫ്രാന്‍സിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഇംഗ്ലണ്ടും പോര്‍ച്ചുഗലും ഫ്രാന്‍സിന് തൊട്ട് പിന്നാലെയുണ്ട്. ബ്രസീല്‍, മൊറോക്കോ, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി എന്നിവര്‍ ആദ്യ 10ല്‍ ഇടം പിടിച്ചു.

ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ റാങ്കിങ്ങും നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം രണ്ടോ അതിലധികമോ ടീമുകള്‍ക്ക് ഒരേ പോയിന്റ് വന്നാല്‍ അന്തിമ ടൈ ബ്രേക്കറായി റാങ്കിങ് പരിഗണിക്കും.

Content Highlight: Argentina top On FIFA rankings


ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ