2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. മെക്സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിനൊരുങ്ങുന്നത്. മറ്റൊരു ലോകകപ്പിനിറങ്ങുമ്പോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ടീമിനും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടം ഇപ്പോഴും അര്‍ജന്റീനക്ക് സ്വന്തമാണ്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റിയില്‍ പങ്കെടുത്തതും വിജയം നേടിയ ടീമും അര്‍ജന്റീനയാണ്. ഏഴ് പെനാല്‍റ്റി ഷൂട്ട് ഔട്ടിന്റെ ഭാഗമായ അര്‍ജന്റീന ആറെണ്ണത്തിലും വിജയം കൈവരിച്ചു. അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വീഴ്ത്തിയത് ജര്‍മനി മാത്രമാണ്. 2006 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-2നായിരുന്നു ജര്‍മനിയുടെ വിജയം. ഇതിന് മുമ്പും ശേഷവും ഒരു ടീമിനും ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ പെനാല്‍റ്റിയില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല.

1978 മുതലാണ് ഫിഫ പെനാല്‍റ്റി ഷൂട്ട് ഔട്ടുകള്‍ കൊണ്ടുവന്നത്. ഇതിന് ശേഷമുള്ള ആകെ ഷൂട്ട് ഔട്ടുകളില്‍ 20 ശതമാനവും അര്‍ജന്റീന ഭാഗമായി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് വിജയവും പെനാല്‍റ്റിയിലൂടെയായിരുന്നു.

അർജന്റീന ഫുട്ബോൾ ടീം

അതേസമയം 2026 ലോകകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് അര്‍ജന്റീന ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. താരതമ്യേന ദുര്‍ബലരായ എതിരാളികളുള്ള ഈ ഗ്രൂപ്പില്‍ നിന്നും അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന് ഉറപ്പാണ്.

2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുണ്ട്.

1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം അര്‍ജന്റൈന്‍ ടീമിന് ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനിക്കും ഇറ്റലിക്കുമൊപ്പമെത്താനും അര്‍ജന്റീനക്ക് സാധിക്കും.

 

Content Highlight: Argentina team great record in penalty shoot out in world cup