ഫുട്‌ബോള്‍ മൈതാനങ്ങളില്‍ വംശീയ അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ യുവേഫ സ്വീകരിക്കുന്ന കര്‍ശനമായ നിലപാടിന്റെ ഭാഗമായാണ് ഈ നടപടിയെന്നും സ്റ്റേഡിയങ്ങള്‍ ഭാഗികമായി അടച്ചിടുക, താരങ്ങള്‍ക്ക് ദീര്‍ഘകാല വിലക്ക് ഏര്‍പ്പെടുത്തുക, കനത്ത പിഴ ചുമത്തുക എന്നീ നടപടികളിലൂടെ ഇത്തരത്തിലുള്ള പ്രവണതകളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും യുവേഫ വ്യക്തമാക്കി. പ്രെസ്റ്റിയാനിക്കെതിരെയുള്ള നടപടി മറ്റ് താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും യുവേഫ അറിയിച്ചു.
അര്‍ജന്റൈന്‍ താരത്തിനെതിരെയുള്ള ആറ് മത്സരങ്ങളിലെ വിലക്ക് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നിലവില്‍ ഒരു മത്സരം താരം കളിച്ചിട്ടില്ല. ഇനി രണ്ട് മത്സരങ്ങള്‍ കൂടി താരം പുറത്തിരിക്കണം. പ്രെസ്റ്റിയാനിക്ക് ഉടനെ തന്നെ ആറ് മത്സരങ്ങള്‍ നഷ്ടമാവില്ല. പ്രൊബേഷന്‍ കാലയളവില്‍ സമാനമായ കുറ്റം ആവര്‍ത്തിക്കുകയാണെകില്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലെ വിലക്ക് കൂടി താരം നേരിടേണ്ടി വരും.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന റയല്‍ മാഡ്രിഡ്-ബെനിഫിക്ക മത്സരത്തിനിടെയാണ് സംഭവം നടന്നത്. ലിസ്ബണില്‍ നടന്ന മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം വിനീഷ്യസ് ജൂനിയര്‍ കോര്‍ണര്‍ ഫ്‌ലാഗിന് അടുത്ത് നിന്നും നടത്തിയ ഗോള്‍ സെലിബ്രേഷന്‍ ബെനിഫിക്ക താരങ്ങളെ ചൊടിപ്പിക്കുകയായിരുന്നു. ഇതിന് പിന്നലെ ഇരു ടീമുകളും തമ്മില്‍ വാക്പോര് ഉണ്ടാവുകയും ചെയ്തു.
തര്‍ക്കത്തിനിടയില്‍ പ്രെസ്റ്റിയാനി വംശീയമായി തന്നെ അധിക്ഷേപിച്ചുവെന്നും കുരങ്ങ് എന്ന് വിളിക്കുകയും ചെയ്തെന്നുമാണ് വിനീഷ്യസ് ആരോപിച്ചത്. ഇതിന് പിന്നാലെ മത്സരം 10 മിനിറ്റോളം നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ വംശീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നും വിനീഷ്യസ് വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് പ്രെസ്റ്റിയാനി ഈ സംഭവത്തിന് ശേഷം പ്രതികരിച്ചത്.
Content Highlight: Argentina’s Gianluca Prestiani banned for six matches by UEFA