അർജന്റീനയിൽ കളിക്കാതെ അർജന്റീനക്കായി കളിക്കുന്ന ആദ്യ താരം; ചരിത്രം അരികെ
Football
അർജന്റീനയിൽ കളിക്കാതെ അർജന്റീനക്കായി കളിക്കുന്ന ആദ്യ താരം; ചരിത്രം അരികെ
Sudev A
Wednesday, 3rd June 2026, 10:57 am

2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. 2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് നിലവിലെ ചാമ്പ്യന്മാര്‍ 2026 ലോകകപ്പിനൊരുങ്ങുന്നത്. ലോകകപ്പില്‍ അര്‍ജന്റൈന്‍ യുവതാരം നിക്കോ പാസിന് ഒരു അപൂര്‍വ നേട്ടം കൈവരിക്കാനുള്ള അവസരമുണ്ട്.

അര്‍ജന്റീനയിലെ ഒരു ക്ലബ്ബിന്റെയോ അക്കാദമിയുടെയോ ഭാഗമാവാതെ ആദ്യമായി അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പ് കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമാവാനുള്ള അവസരമാണ് പാസിനുള്ളത്.

2016ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ അക്കാദമയിലൂടെയാണ് പാസ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2023 സീസണിലാണ് താരം റയല്‍ മാഡ്രിഡിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2024ല്‍ റയല്‍ വിട്ട് താരം ഇറ്റാലിയന്‍ ക്ലബ്ബായ കോമോ എഫ്.സിയിലേക്ക് ചേക്കേറുകയായിരുന്നു.

ദേശീയ ടീമില്‍ അര്‍ജന്റീനക്ക് വേണ്ടിയും സ്‌പെയ്‌നിന് വേണ്ടിയും കളിക്കാന്‍ പാസിന് അനുമതി ലഭിച്ചിരുന്നു. താരം സ്‌പെയ്‌നിനെ മറികടന്ന് അര്‍ജന്റീനക്കായി ബൂട്ട് കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. 2024ല്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെയാണ് താരം അര്‍ജന്റീനക്കായി കളത്തിലിറങ്ങിയത്. തന്റെ ആദ്യ ലോകകപ്പില്‍ 21കാരനായ പാസ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

നിക്കോ പാസ്

അതേസമയം 2026 ലോകകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് അര്‍ജന്റീന ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. താരതമ്യേന ദുര്‍ബലരായ എതിരാളികളുള്ള ഈ ഗ്രൂപ്പില്‍ നിന്നും അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന് ഉറപ്പാണ്.

2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുണ്ട്.

1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം അര്‍ജന്റൈന്‍ ടീമിന് ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനിക്കും ഇറ്റലിക്കുമൊപ്പമെത്താനും മെസിക്കും സംഘത്തിനും സാധിക്കും.

2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുല്ലി, ജുവാന്‍ മുസോ

ഡിഫന്‍ഡര്‍മാര്‍: ലിയോനാര്‍ഡോ ബലേര്‍ഡി, ഗോണ്‍സാലോ മോണ്ടിയേല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാകുണ്ടോ മദീന, നഹുവല്‍ മൊലിന.

മിഡ്ഫീല്‍ഡര്‍മാര്‍: ലിയാന്‍ഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍കോ, ജിയോവാനി ലോ സെല്‍സോ, എക്സിക്വല്‍ പലാസിയോസ്, അലക്സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്.

ഫോര്‍വേഡുകള്‍: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജിയുലിയാനോ സിമിയോണി, നിക്കോളാസ് പാസ്, ജോസ് മാനുവല്‍ ലോപ്പസ്, ലൗട്ടാരോ മാര്‍ട്ടിനെസ്.

 

Content Highlight: Argentina player Nico Paz set to create a rare record in fifa world cup

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.