മെസിയുടെ രക്ഷകന്‍ തിരിച്ചെത്തുന്നു; ലോകകപ്പില്‍ അര്‍ജന്റീന ട്രിപ്പിള്‍ സ്‌ട്രോങ്ങ്
FIFA World Cup 2026
മെസിയുടെ രക്ഷകന്‍ തിരിച്ചെത്തുന്നു; ലോകകപ്പില്‍ അര്‍ജന്റീന ട്രിപ്പിള്‍ സ്‌ട്രോങ്ങ്
Sudev A
Friday, 12th June 2026, 10:42 pm

ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീനക്ക് ആശ്വാസ വാര്‍ത്ത. ടീമിന്റെ വിശ്വസ്ത ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് പരിക്കില്‍ നിന്നും മുക്തനായി ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങും. താരത്തിന്റെ തിരിച്ചുവരവ് ടീമിന് കൂടുതല്‍ കരുത്തുപകരുമെന്നുറപ്പാണ്.

വലത് കൈകക്കായിരുന്നു മാര്‍ട്ടിനസിന് പരിക്ക് പറ്റിയിരുന്നത്. യൂറോപ്പ ലീഗ് ഫൈനലിലാണ് താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് ലോകകപ്പ് നഷ്ടമാവുമോയെന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ നിലനിന്നിരുന്നു. ഇപ്പോള്‍ മാര്‍ട്ടിനസ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തുകൊണ്ട് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അൾജീരിയക്കെതിരെ മാര്‍ട്ടിനസ് കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഗോള്‍ പോസ്റ്റിന്റെ മുന്നില്‍ മാര്‍ട്ടിനസ് നടത്തുന്ന പോരാട്ടം അര്ജന്റീന ആരാധകര്‍ക്ക് വലിയ ഊര്‍ജമാണ് നല്‍കുന്നത്.

എമിലിയാനോ മാർട്ടിനസ്

2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് നിലവിലെ ചാമ്പ്യന്മാര്‍ 2026 ലോകകപ്പിനൊരുങ്ങുന്നത്. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് അര്‍ജന്റീന. അള്‍ജീരിയക്ക് പുറമെ ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് കിരീടത്തിനായി അര്‍ജന്റീനക്കൊപ്പം മാറ്റുരക്കുന്നത്.

2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുള്ളത്.

1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം അര്‍ജന്റൈന്‍ ടീമിന് ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനിക്കും ഇറ്റലിക്കുമൊപ്പമെത്താനും മെസിക്കും സംഘത്തിനും സാധിക്കും.

2022 ലോകകപ്പുമായി അർജന്റീന ടീം.

2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുല്ലി, ജുവാന്‍ മുസോ

ഡിഫന്‍ഡര്‍മാര്‍: ലിയോനാര്‍ഡോ ബലേര്‍ഡി, ഗോണ്‍സാലോ മോണ്ടിയേല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാകുണ്ടോ മദീന, നഹുവല്‍ മൊലിന.

മിഡ്ഫീല്‍ഡര്‍മാര്‍: ലിയാന്‍ഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍കോ, ജിയോവാനി ലോ സെല്‍സോ, എക്സിക്വല്‍ പലാസിയോസ്, അലക്സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്.

ഫോര്‍വേഡുകള്‍: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജിയുലിയാനോ സിമിയോണി, നിക്കോളാസ് പാസ്, ജോസ് മാനുവല്‍ ലോപ്പസ്, ലൗട്ടാരോ മാര്‍ട്ടിനെസ്.

 

Content Highlight: Argentina goal keeper Emiliano Martinez will play 2026 World Cup

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.