ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അഞ്ച് താരങ്ങൾക്ക് വിലക്ക്, അർജന്റീനക്ക് കനത്ത തിരിച്ചടി
Football
ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അഞ്ച് താരങ്ങൾക്ക് വിലക്ക്, അർജന്റീനക്ക് കനത്ത തിരിച്ചടി
സുദേവ് എ
Friday, 21st August 2026, 10:12 pm

2026 ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷം സ്പെയിൻ താരങ്ങളുമായി നടന്ന സംഘർഷത്തിൽ അർജന്റീനക്കെതിരെ നടപടിയുമായി ഫിഫ. സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന് മൂന്ന് കോടി രൂപയുടെ പിഴയാണ് ഫിഫ ചുമത്തിയത്. അർജന്റൈൻ താരം ലിയനാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. നഹുവേൽ മൊളീനക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് നേരിടേണ്ടി വരും. ഇരുവരും 86 ലക്ഷം രൂപയാണ് പിഴ നൽകേണ്ടത്.

റോബർട്ടോ അയാളക്ക് മൂന്ന് മത്സരങ്ങളിലും തിയാഗോ അൽമാഡക്കും സ്പാനിഷ് താരം ഗാവിക്കും ഓരോ മത്സരത്തിലും വിലക്ക് ഏർപ്പെടുത്തി. മൂവരും 29 ലക്ഷം രൂപ പിഴ നൽകണം. ഫിഫ ഡിസിപ്ലിനറി കോഡ് ആർട്ടിക്കിൾ 69 പ്രകാരം എല്ലാ താരങ്ങളുടെയും വിലക്ക് ദേശീയ ടീമിന്റെ അടുത്ത മത്സരങ്ങൾ മുതലാണ് പ്രാബല്യത്തിൽ വരുക.

താരങ്ങൾക്കെതിരെയുള്ള നടപടികൾക്ക് പുറമേ അർജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളിൽ സ്റ്റേഡിയത്തിന്റെ 50 ശതമാനം സീറ്റുകളിൽ മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന നിർദേശവും അർജന്റീന ഫുട്ബോൾ അസോസിയേഷന് ഫിഫ നൽകിയിട്ടുണ്ട്.

2026 ലോകകപ്പ് ഫൈനലിൽ അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെയായിരുന്നു അർജന്റീന താരങ്ങൾ മൈതാനത്ത് ആക്രമണ സംഭവങ്ങൾ നടത്തിയത്. പരേഡസ് സ്പെയ്ൻ യുവതാരം ഗാവിയെ തള്ളിയതോടെയാണ് മൈതാനം സംഘർഷഭരിതമായി മാറിയത്.

പിന്നാലെ അർജന്റീനയുടെ അസിസ്റ്റന്റ് പരിശീലകൻ റോബർട്ടോ അയാള സ്പാനിഷ് താരം ഡാനി ഓൽമോയെ ആക്രമിക്കുകയും മൊളീന സ്പാനിഷ് നായകൻ റോഡ്രിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഗ്രൗണ്ടിലെ സംഘർഷത്തിനിടയിൽ ഗാവിയെ തടഞ്ഞു നിർത്താൻ തിയാഗോ അൽമാഡ ശ്രമിച്ചപ്പോൾ ഗാവി എറിക് ഗാർഷ്യയെ തള്ളിയിടുകയും ചെയ്തു. ഈ സംഭവങ്ങൾക്കാണ് ഇപ്പോൾ അർജന്റീന കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

അതേസമയം ലോകകപ്പിന്റെ സെമി ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായി കാലങ്ങളായി നിലനിൽക്കുന്ന ഫോക്ക്ലാൻഡ് ദീപുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കം അർജന്റീന ലോകകപ്പ് വേദിയിലേക്ക് കൊണ്ടുവന്ന സംഭവവും വിവാദമായിരുന്നു. മത്സരശേഷം ഗാലറിയിൽ നിന്നും കൈമാറിയ ബാനർ അർജന്റൈൻ താരങ്ങളായ നിക്കോളാസ് ഒട്ടമെൻഡിയും ജിയോവാനി ലോ സെൽസോയും മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.

 

ലാസ് മാൽവിനാസ് സൺ അർജന്റീനാസ് എന്ന് സ്പാനിഷിൽ എഴുതിയ ബാനറാനാണ് അർജന്റൈൻ താരങ്ങൾ ഉയർത്തിയത്. ഫോക്ക്‌ലാൻഡ് ദീപുകൾ അർജന്റീനയുടേതാണ് എന്നാണ് ബാനറിലെ വാചകത്തിന്റെ അർത്ഥം. ഫിഫയുടെ നിയമപ്രകാരം താരങ്ങളുടെ ജേഴ്സിയിലോ മറ്റുള്ള വസ്തുക്കളിലോ രാഷ്ട്രീയവും മതപരവുമായ മുദ്രാവാക്യങ്ങളോ ചിത്രങ്ങളോ പ്രസ്താവനകളോ ഉണ്ടാവാൻ പാടില്ല.

അർജന്റീനയുടെ കിഴക്കൻ തീരത്ത് നിന്നും 480 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദീപ സമൂഹമാണ് ഫോക്ക്‌ലാൻഡ്. ഇപ്പോൾ ഈ ദീപ് ബ്രിട്ടണിന്റെ നേതൃത്തിലാണ്. ഈ ദീപുകളുടെ അവകാശത്തെ ചൊല്ലി അർജന്റീനയും ബ്രിട്ടണും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തർക്കം നിലനിൽക്കുന്നുണ്ട്.

1982ൽ അർജന്റീനയിലെ സൈനിക ഭരണകൂടം ഫോക്ക്‌ലാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ ഫോക്ക്‌ലാൻഡ് യുദ്ധം നടന്നിരുന്നു. 74 ദിവസത്തോളം നീണ്ടു നിന്ന യുദ്ധത്തിൽ അർജന്റീന പരാജയപ്പെടുകയും 649 അർജന്റീന സൈനികരും 255 ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ തർക്കത്തിന്റെ സ്വാധീനമാണ് അർജന്റീന-ഇംഗ്ലണ്ട് മത്സരത്തിലും എത്തിയത്.

 

Content Highlight: Argentina football team suffers another setback after defeat in 2026 FIFA World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.