ന്യൂദല്‍ഹി: ബഡ്ജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭയില്‍ ബഹളം. മുന്‍കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പുകളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചതാണ് ബഹളത്തിന് കാരണമായത്.
രാഹുല്‍ ഉന്നയിച്ച കാര്യങ്ങള്‍ ആധികാരികത ഇല്ലാത്തതാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ആരോപിച്ചു. തുടര്‍ന്ന് സഭയില്‍ തര്‍ക്കങ്ങളും മുദ്രാവാക്യങ്ങളും മുഴങ്ങി.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു രാഹുല്‍ മുന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓര്‍മക്കുറിപ്പുകളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ വായിച്ചത്.
ദോക്‌ലാം വിഷയവും ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറിയ സംഭവത്തിലെ കേന്ദ്രത്തിന്റെ വീഴ്ചയും സംബന്ധിച്ച ഓര്‍മക്കുറിപ്പുകളിലെ ഭാഗങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. എന്നാല്‍ ഈ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ചോദ്യം ചെയ്തു. സഭാ ചട്ടങ്ങള്‍ രാഹുല്‍ ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു.
രാഹുല്‍ പരാമര്‍ശിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ ആ പുസ്തകം ലോക്‌സഭയില്‍ അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
മാസികകളിലെയും പ്രസിദ്ധീകരണങ്ങളിലെയും ഉദ്ധരണികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കരുതെന്നും അത് സ്പീക്കറുടെ റൂളിങ്ങിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗികമായി പ്രസിദ്ധീകരിച്ച വിഷയങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. സഭയിലെ നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തന്റെ വാക്കുകളെ ഭരണപക്ഷം ഇത്രയേറെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദ്യം ചെയ്തു. അവര്‍ക്ക് ഭയമില്ലെങ്കില്‍ തനിക്ക് ഓര്‍മക്കുറിപ്പുകള്‍ വായിക്കാന്‍ അനുമതി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.