'നാളെ അവർ എന്നെയും പിണറായിയെയും സ്റ്റാലിനെയും സിദ്ധരാമയ്യയെയും ജയിലിലിടാം, സർക്കാരിനെ അട്ടിമറിക്കാം'
national news
'നാളെ അവർ എന്നെയും പിണറായിയെയും സ്റ്റാലിനെയും സിദ്ധരാമയ്യയെയും ജയിലിലിടാം, സർക്കാരിനെ അട്ടിമറിക്കാം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2024, 3:19 pm

ന്യൂദൽഹി: കേസ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഹേമന്ത് സോറനെ ജയിലിൽ അടച്ച പോലെ നാളെ അവർ തന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും സിദ്ധരാമയ്യയും ജയിലിൽ അയക്കാമെന്നും സർക്കാരിനെ അട്ടിമറിക്കാമെന്നും ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

കേന്ദ്ര അവഗണനക്കെതിരെ ദൽഹിയിലെ ജന്തർ മന്തറിൽ കേരളം നടത്തുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രം യുദ്ധം ചെയ്യുകയാണെന്നും പ്രതിപക്ഷ സർക്കാരുകളെ ദ്രോഹിക്കാൻ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെച്ചും ഗവർണർമാരെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് രാജ്യത്തെ 70 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ സംസ്ഥാനങ്ങളെ ഉപദ്രവിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇ.ഡിയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ പുതിയ ആയുധമെന്നും കുറ്റക്കാരൻ എന്ന് കണ്ടാൽ മാത്രം ആളുകളെ ജയിലിൽ അടച്ചിടുന്ന സ്ഥാനത്ത് ഇപ്പോൾ ആരെയാണ് ജയിലിലേക്ക് അയക്കേണ്ടതെന്നാണ് അവർ ആലോചിക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു.

കെജരിവാളിന് പുറമേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മന്നും നാഷണൽ കോൺഗ്രസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയും രാജ്യസഭാ എം.പി കപിൽ സിബലും തമിഴ്നാട് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജനും കേരളത്തിന്റെ സമരത്തിൽ പങ്കെടുത്തിരുന്നു.

Content Highlight: Aravindh Kejriwal says he, Pinarayi Vijayan, Stalin and Sidharamaiah may get arrested tomorrow