അറബിയും ഒട്ടകവും പിന്നെ ഭാവനയും
Dool Talk
അറബിയും ഒട്ടകവും പിന്നെ ഭാവനയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th November 2011, 3:39 pm

കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലാണ് ഭാവന. അറബിയും ഒട്ടകവും എന്ന ചിത്രത്തിലൂടെ മോഹന്‍ ലാലിന്റെ നായികയായി ഭാവന വീണ്ടും മലയാളത്തില്‍ എത്തുകയാണ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവന ഇന്ന് സൗത്ത്  ഇന്ത്യയിലെത്തന്നെ തിരക്കുളള നടിമാരില്‍ ഒരാളാണ്. ഭാവനയുടെ സിനിമാ വിശേഷങ്ങളിലൂടെ …….

മലയാളത്തില്‍ കൂടുതലായി കാണുന്നില്ലല്ലോ ? റോളുകളുടെ കാര്യത്തില്‍ ഭാവന സെലക്ടീവാണോ ?

മലയാളത്തില്‍ ഒരുപാട് ചിത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം എനിക്കില്ല. എന്നെ സ്വാധീനിക്കുന്ന ചില കഥയും കഥാപാത്രങ്ങളും ആണെങ്കില്‍ മാത്രമേ ഞാന്‍ സിനിമകള്‍ ചെയ്യാറുള്ളൂ. അത്തരം ഒരു ചിത്രമാണ് ഇപ്പോള്‍ ചെയ്ത അറബിയും ഒട്ടകവും. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരുന്ന ഈ ചിത്രത്തിന്റെ ഒരു ഭാഗമാവാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.


കുടുംബശ്രീ ട്രാവല്‍സ്, മെട്രോ തുടങ്ങിയ ഭാവനയുടെ ചില ചിത്രങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ ?

നിലവാരമുള്ള തിരക്കഥ തന്നെയായിരുന്നു കുടുംബശ്രീ ട്രാവല്‍സ്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചതും. പക്ഷേ തിരക്കഥ സിനിമയായി വന്നപ്പോള്‍ ആ ഒരു നിലവാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അതു തന്നെയാണ് ചിത്രം വേണ്ടത്ര വിജയിക്കാതിരുന്നതും.

മെട്രോ നിര്‍മ്മിച്ചത് എന്റെ അടുത്ത സുഹൃത്ത് കൂടിയായ ദിലീപാണ്. ചിത്രത്തില്‍ അതിഥി താരത്തിന്റെ വേഷമാണ് എനിയ്ക്ക് ചെയ്യാനുണ്ടായിരുന്നത്. കൂറച്ച് സീനുകള്‍ മാത്രമേ ആ ചിത്രത്തില്‍ എനിയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

അവസാനം പുറത്തിറങ്ങിയ ഡോക്ടര്‍ ലൗ വ്യത്യസ്ത പ്രതികരണമാണല്ലോ ഉണ്ടാക്കിയത് ?

ഞാന്‍ ഇതുവരെ ഒരു മുഴുനീള ക്യാമ്പസ് ചിത്രത്തില്‍ അഭിനയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ യുവതാരങ്ങളുടെ കൂടെ ഞാന്‍ വളരെ ആസ്വദിച്ചാണ് ഇതില്‍ അഭിനയിച്ചത്. ചിത്രത്തെ കുറിച്ചും അതിലെ എന്റെ കഥാപാത്രത്തെക്കുറിച്ചും നല്ല അഭിപ്രായമാണ് ലഭിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

അറബിയും ഒട്ടകവും എന്ന ചിത്രത്തിലെ കഥാപാത്രം എങ്ങനെയാണ്…?

എന്റെ കഥാപാത്രത്തിന്റെ പേര് ഇലിയന. വളരെ സ്മാര്‍ട്ടായ ഒരു കുട്ടിയാണ് അവള്‍. നമ്മുടെ ജീവിതത്തില്‍ പണത്തിനുള്ള പ്രാധാന്യവും അതിനായി കഷ്ടപ്പെടുന്ന മൂന്ന് കഥാപാത്രങ്ങളെയാണ് മോഹന്‍ലാലും മുകേഷും ഞാനും ചെയ്യുന്നത്. അവര്‍ രണ്ടുപേരും വലിയ താരങ്ങളാണ് അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം എത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

എങ്ങനെയുണ്ടായിരുന്നു ചിത്രീകരണം, പ്രത്യേകിച്ചും പ്രിയദര്‍ശനെപ്പോലുള്ള സീനിയര്‍ സംവിധായകനൊപ്പം ?

ഞാന്‍ ആദ്യമായാണ് അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുന്നത്. വളരെ സൗഹൃദത്തോടെയുള്ള പെരുമാറ്റമാണ്.അതുകൊണ്ട് തന്നെ സെറ്റില്‍ എനിയ്ക്ക് ടെന്‍ഷനില്ലായിരുന്നു. പിന്നെ ലാലേട്ടന്റെ കൂടെ ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി, നരന്‍ എന്നീ ചിത്രത്തിലും മുകേഷേട്ടന്റെ കൂടെ ക്രോണിക് ബാച്‌ലറിലും അഭിനയിച്ചതുകൊണ്ട് ആ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല.

ബോളിവുഡില്‍ ഇമ്രാന്‍ ഹഷ്മിയുടെ കൂടെ അഭിനയിക്കാന്‍ വിളിച്ചെന്ന് കേട്ടു..?

ആ വാര്‍ത്ത ശരിയാണ്.വളരെ ഗാമറസായ റോളായിരുന്നു അത്. അതുകൊണ്ട് തന്നെ വേണ്ടെന്നുവെച്ചു.

കന്നഡ, തെലുങ്ക് തുടങ്ങിയ അന്യ ഭാഷാ ചിത്രങ്ങളില്‍ ഭാവന സജീവമാണല്ലോ ?

പുനീത് രാജ്കുമാറിന്റെ ജാക്കി എന്ന സിനിമ ചെയ്തു.അത് അവിടെ ഹിറ്റായിരുന്നു.ഇപ്പോള്‍ റോമിയോ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്.പിന്നെ തെലുങ്കില്‍ ഓന്‍തരി, ഹീറോ, മഹാത്മ എന്നീ ചിത്രങ്ങളും ചെയ്യുന്നുണ്ട്.

ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ച ഭാവന ദീപാവലി, ജയംകൊണ്ടേന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മുന്‍നിരയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നു തോന്നുന്നുണ്ടോ ?

തീര്‍ച്ചയായും. അതിന്റെ ഒരു കാരണം എനിയ്ക്ക് വേണ്ടത്ര ഉപദേശങ്ങള്‍ ലഭിച്ചിരുന്നില്ല എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ നല്ല ചില കഥാപാത്രങ്ങളെ എനിയ്ക്ക് ഒഴിവാക്കേണ്ടി വന്നു. എന്നെ സംബന്ധിച്ച് ഇനിയും സമയം മുന്നിലുണ്ട്. നല്ല കഥാപാത്രങ്ങള്‍ ഇനിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കടപ്പൊട്: ദി ഹിന്ദു ദിനപത്രം

മൊഴിമാറ്റം: ആര്യ പി രാജന്‍

ഇതെന്റെ സ്വപ്‌നസാഫല്യം: ഭാവന

arabiyum ottakavum p madhavan nairum, bhavana, malayalam interview