Administrator
Administrator
അടുത്ത ബെല്ലോടുകൂടി….
Administrator
Thursday 14th July 2011 6:05pm

മാറ്റിനി/ എം. അബ്ദുല്‍ റഷീദ്

സിനിമ: ഫിലിം സ്റ്റാര്‍

ബാനര്‍: വൈഡ് സ്‌ക്രീന്‍ സിനിമ

അഭിനേതാക്കള്‍: കലാഭവന്‍ മണി, ദിലീപ്, തലയ് വാസല്‍ വിജയ്, മുക്ത, രംഭ

സംവിധാനം: സഞ്ജീവ് രാജ്

പ്രൊഡക്ഷന്‍: ജോസഫ് തോമസ്

സംഗീതം: ബെന്നി ജോണ്‍സണ്‍, വിജയന്‍ പൂഞ്ഞാര്‍

കുട്ടിക്കാലത്തെ വലിയ കൗതുകങ്ങളിലൊന്ന്, നാട്ടിലെ ദേവീ ക്ഷേത്ര ഉല്‍സവ ദിവസം അരങ്ങേറിയിരുന്ന നാടകമാണ്. ഉത്സവപറമ്പിലെ സ്‌റ്റേജില്‍ നാടകം തുടങ്ങുമ്പോള്‍ പാതിര കഴിയും. ഉറക്കം തൂങ്ങുന്ന കണ്‍പോളകള്‍ ബദ്ധപ്പെട്ടു തുറന്നുപിടിച്ച് നാടകം കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ മുന്‍നിരയില്‍ മണലില്‍ ചമ്രംപടഞ്ഞിരിക്കും.

എല്ലാ കൊല്ലവും നാടകത്തിന് ഏതാണ്ട് ഒരേ കഥയായിരിക്കും. ധീരനായ നായകന്‍, ക്രൂരനായ നാട്ടുപ്രമാണി, ഗ്രാമത്തിലെ പട്ടിണിപാവങ്ങള്‍. നായകന്റെ അച്ഛനെ നാട്ടുപ്രമാണി കൊല്ലും, പട്ടിണിക്കോലമായി നായകന്‍ നാടുവിടും, പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം കരുത്തനായി മടങ്ങിവരും.

ഗ്രാമത്തിലെ ഒട്ടനവധി വരുന്ന പാവം പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യാനായി മാത്രം അപ്പോഴും ജീവിച്ചിരിക്കുന്ന പ്രമാണിയെ നായകന്‍ എതിര്‍ത്തുതോല്‍പ്പിക്കും, കുട്ടിക്കാലത്ത് ഒരുമിച്ച് തുമ്പിപിടിച്ചു നടന്ന കൂട്ടുകാരിയെ പ്രേമിച്ചു കെട്ടും.

നമ്മുടെ ഉല്‍സവപറമ്പുകളില്‍ പത്തുകൊല്ലം മുമ്പു വരെ ഈ കഥയുള്ള നാടകങ്ങള്‍ ധാരാളമായി അരങ്ങേറിയിരുന്നു. ജനങ്ങള്‍ക്കു മാത്രമല്ല, നാടക ട്രൂപ്പുകള്‍ക്കു തന്നെ മടുത്തതോടെ അത്തരം നാടകങ്ങള്‍ കുറഞ്ഞു. തട്ടുതകര്‍പ്പന്‍ ഡയലോഗുകളും മുട്ടിനു മുട്ടിനു സെന്റിമെന്റ്‌സും ഫ്‌ളാഷ്ബാക്കും നിറഞ്ഞ ഉല്‍സവപറമ്പു നാടകം ഇഷ്ടപ്പെടുന്ന ഏതെങ്കിലും പുരാതന ജീവികള്‍ ഇന്ന് ഉണ്ടെങ്കില്‍ അവര്‍ക്കായി സഞ്ജീവ്‌രാജ് എന്ന യുവപ്രതിഭ ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘ദി ഫിലിംസ്റ്റാര്‍’.

ദിലീപ് സര്‍വംസഹനും കലാഭവന്‍മണി ധീരശൂരനും ദേവന്‍ നാട്ടുപ്രമാണിയും മുക്ത നായകന്റെ പാവം പെങ്ങളും ആയി വേഷംകെട്ടി അവതരിപ്പിച്ച ഉല്‍സവപറമ്പു നാടകം മൂവികാമറയില്‍ ഷൂട്ട്‌ചെയ്ത് തിയറ്റുകളില്‍ എത്തിച്ചിരിക്കുകയാണ് ‘ഫിലിംസ്റ്റാറി’ലൂടെ സഞ്ജീവ്‌രാജ്. കാണാന്‍ ആഗ്രഹമുള്ളവര്‍ അതിവേഗം പോയി കാണണം, സിനിമ അധികനാള്‍ തിയറ്ററില്‍ ഉണ്ടാവാന്‍ ഇടയില്ല.

ക്ഷേത്രമുറ്റത്ത് പാതിരകഴിഞ്ഞു കര്‍ട്ടനുയരുന്ന നാടകം കണ്ടിരിക്കുമ്പോള്‍ ബാധിക്കുന്ന അതേ ഉറക്കം ഈ സിനിമ കാണുമ്പോഴും നമുക്ക് അനുഭവപ്പെടും. കാരണം നൂറ്റൊന്നാവര്‍ത്തി കണ്ടുമടുത്തതല്ലാത്ത ഒറ്റ സീനും വാക്കും ഈ സിനിമയിലില്ല. വിപ്ലവം, കമ്യൂണിസം, തൊഴിലാളി ഐക്യം, കുടിയൊഴിപ്പിക്കല്‍, രാഷ്ട്രീയം, ആത്മഹത്യ, സിനിമക്കുള്ളിലെ സിനിമ, പ്രതികാരം തുടങ്ങി ഒട്ടുമുക്കാല്‍ പരമ്പരാഗത വിഷയങ്ങളും വിട്ടുപോകാതെ തിരക്കഥയില്‍ എസ്. സുരേഷ്ബാബു ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പറഞ്ഞുവന്നപ്പോള്‍ വാലുംതലയുമുള്ള ഒരു കഥ മാത്രം മറന്നുപോയി!

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവുംവലിയ ശത്രു ഫാഷിസവും മുതലാളിത്തവുമല്ല, ഈ സിനിമക്കാരാണ്

സിനിമയുടെ കഥ ഏതാണ്ട് ഇങ്ങനെയാണ്: (കഥ വായിച്ചെന്നു കരുതി സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്ന പേടി വേണ്ട. കാരണം ഈ സിനിമയുടെ കഥ വായിച്ചില്ലേലും ബുദ്ധിയുള്ള ആര്‍ക്കും ആദ്യ സീനില്‍തന്നെ മനസിലാവും) ഫാക്ടറിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമവാസികളില്‍ ഒരാളായ നന്ദഗോപന്‍ (ദിലീപ്) തന്റെ നാടിന്റെ കഥ തിരക്കഥയാക്കി. പിന്നെ ചെന്നൈയിലെത്തി സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണിനെ (കലാഭവന്‍ മണി) വളരെ ത്യാഗം സഹിച്ച് കണ്ട് തിരക്കഥ നല്‍കി. നന്ദഗോപന്റെ കാല്‍ വില്ലന്‍മാര്‍ പണ്ടേ വെട്ടിയെടുത്തതാണ്. സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണും സംഘവും ഷൂട്ടിങ്ങിനായി കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമത്തിലെത്തിയതോടെ നമ്മുടെ സ്ഥിരം വില്ലന്‍ മന്ത്രി (ദേവന്‍) സിനിമ മുടക്കാന്‍ ശ്രമം തുടങ്ങി.

ഈ തിരക്കഥ സിനിമയാക്കാന്‍ വലിയ താല്‍പര്യമെടുത്ത് സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണ്‍ എന്തിനാണ് ഗ്രാമത്തില്‍ വന്നതെന്ന് അറിയാമോ? ആ ഭയങ്കര സസ്‌പെന്‍സ് നമ്മെ ഞെട്ടിച്ചു കളയും. സൂപ്പര്‍സ്റ്റാറിന്റെ അച്ഛനെ പണ്ടു കൊന്നതും അമ്മയും പെങ്ങളും ആത്മഹത്യ ചെയ്യാനിടയാക്കിയതും ഇതേ വില്ലന്‍മാര്‍ ആണത്രെ. സൂപ്പര്‍സ്റ്റാര്‍ ജനിച്ചതും ഇതേ ഗ്രാമത്തില്‍ ആയിരുന്നത്രെ. ഹോ, ഭയങ്കരം! (ഭയങ്കരമെന്നു പറഞ്ഞത് തിരക്കഥാകാരന്റെ തൊലിക്കട്ടിയെക്കുറിച്ചാണ്).

ബാക്കി പറയേണ്ടല്ലോ, എവിടെ നിന്നെന്നില്ലാതെ വില്ലന്‍മാര്‍, വിപ്ലവം, ഫ്‌ളാഷ്ബ്ലാക്ക്, ചതി, നെടുങ്കന്‍ ഡയലോഗുകള്‍, ഉജ്വല സംഘട്ടനങ്ങള്‍, അവസാനം പ്രതികാരം. ഒടുവില്‍ ജീവച്ഛവമായ പ്രേക്ഷകര്‍ക്കു മുന്നില്‍ കമ്യൂണിസം ജയിക്കട്ടെ എന്ന ആഹ്വാനത്തില്‍ സിനിമ തീരുന്നു. സത്യത്തില്‍ ഈ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവുംവലിയ ശത്രു ഫാഷിസവും മുതലാളിത്തവുമൊന്നുമല്ല, ഈ സിനിമക്കാരാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നൊക്കെ കേട്ടിട്ടുള്ള ഒരു പരിചയംമാത്രം വെച്ച് അവര്‍ വിപ്ലവ സിനിമ എടുത്തുകളയും!

ഇതൊക്കെയാണെങ്കിലും ‘ഫിലിംസ്റ്റാര്‍’ എന്ന ഈ സിനിമയില്‍ വലിയ രണ്ട് സമാശ്വാസ സമ്മാനങ്ങള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒന്ന്: സുരാജ് വെഞ്ഞാറമ്മൂട് രണ്ടേ രണ്ടു സീനിലേ ഉള്ളൂ. വെറും പത്തു മിനിറ്റ് അദ്ദേഹത്തിന്റെ കോമഡി നമ്മള്‍ സഹിച്ചാല്‍ മതി. (പത്തു മിനിറ്റേ ഉള്ളൂ എങ്കിലും ഒരു പത്തു കൊല്ലം പിടിച്ച് ജയിലില്‍ അടക്കാനുള്ള പക നമുക്ക് വെഞ്ഞാറമ്മൂടിനോടു തോന്നും. അത്ര അസഹനീയമാണ് ഹാസ്യം.)

രണ്ടാമത്തെ ആശ്വാസം: ഈ സിനിമയില്‍ പ്രേമമില്ല. കുട്ടിക്കാലത്ത് ഒരുമിച്ച് തുമ്പിപിടിച്ചു നടന്ന കൂട്ടുകാരി, കാത്തിരുന്ന് ഒടുവില്‍ തിരിച്ചുവരുന്ന നായകനെ പ്രേമിച്ച് കെട്ടുന്ന ആ നാടക രംഗം തിരക്കഥയില്‍ ചേര്‍ക്കാന്‍ മറന്നുപോയി. സാരമില്ല, ഈ പോരായ്മ അവസാനഘട്ടത്തില്‍ ബോധ്യപ്പെട്ട തിരക്കഥാകൃത്തും സംവിധായകനും സമാശ്വാസമായി രംഭയും കലാഭവന്‍ മണിയും ചേര്‍ന്നുള്ള ഒരു ഗാനരംഗം ചിത്രീകരിച്ച് സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്.

കഥയില്‍ ഒരാവശ്യവുമില്ലാത്ത ഒരു ഗാനരംഗം. (സോറി, ‘ആവശ്യമില്ലാത്ത ഗാനരംഗം’ എന്ന പ്രയോഗം പിന്‍വലിക്കുന്നു. കാരണം, അങ്ങനെ നോക്കിയാല്‍ ഈ സിനിമതന്നെ വലിയൊരു അനാവശ്യമാണ്.) പ്രേക്ഷകര്‍ സിനിമക്കാരോളം വിഢികള്‍ അല്ലാത്തതിനാല്‍ തിയറ്ററില്‍ ഈ ഗാനരംഗത്തിന് സാമാന്യം നല്ല കൂവലാണ്.

സിനിമയോ നാടകമോ നോവലോ എന്തായാലും, പറയുന്ന വിഷയം എന്തായാലും, എത്ര വിപ്ലവാത്മകമായാലും അതില്‍ ജീവിതത്തിന്റെ അംശം വേണം. ജീവിതാനുഭവങ്ങളും ഉള്‍ക്കാഴ്ചയുമുള്ള രചയിതാവിനേ അനുവാചകന്റെ മനസിനെ സ്പര്‍ശിക്കുന്ന രംഗം എഴുതാനാവൂ. ചലച്ചിത്രകലയെപ്പറ്റി ഉത്തമബോധ്യമുള്ള സംവിധായകനേ നല്ലൊരു വിനോദസിനിമപോലും സൃഷ്ടിക്കാന്‍ കഴിയൂ. ഇതൊന്നുമില്ലാത്തവര്‍ സിനിമയെടുക്കാന്‍ കാമറയും തൂക്കി ഇറങ്ങിയാല്‍ ‘ദി ഫിലിംസ്റ്റാര്‍’ ആയിരിക്കും ഫലം!

ഫസ്റ്റ് ഒപ്പീനിയന്‍: കണ്ടാല്‍ അനുഭവിക്കും!

Advertisement