ഓസ്‌കാര്‍ വേദിയില്‍ നടന്നത് പോലെയുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം; വില്‍ സ്മിത്തിനെ പിന്തുണച്ച് എ.ആര്‍. റഹ്മാന്‍
Entertainment news
ഓസ്‌കാര്‍ വേദിയില്‍ നടന്നത് പോലെയുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം; വില്‍ സ്മിത്തിനെ പിന്തുണച്ച് എ.ആര്‍. റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd May 2022, 12:08 pm

94ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകനും അമേരിക്കന്‍ കൊമേഡിയനുമായ ക്രിസ് റോക്കിനെ തല്ലിയ ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്മിത്തിന്റെ നടപടിയെ പിന്തുണച്ച് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍.

ബോളിവുഡിലെ ‘ദ കപില്‍ ശര്‍മ ഷോ’യില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ക്രിസ് റോക്കിന്റെ മുഖത്തടിച്ച വില്‍ സ്മിത്തിനെ റഹ്മാന്‍ പിന്തുണച്ചത്.

ടൈഗര്‍ ഷ്രോഫ് നായകനായ ഹീറോപാന്തിയുടെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷന് വേണ്ടിയായിരുന്നു റഹ്മാന്‍ കപില്‍ ശര്‍മ ഷോയിലെത്തിയത്. ഇതിനിടെ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ചും വില്‍ സ്മിത്തിനെ നേരിട്ട് കണ്ടതിന്റെ അനുഭവവും റഹ്മാന്‍ പങ്കുവെച്ചു.

ഒരു നല്ല ഹൃദയമുള്ളയാളാണ് വില്‍ സ്മിത് (He is a sweethetar, He is a nice person) എന്ന് പറഞ്ഞ റഹ്മാന്‍ സ്മിത് ക്രിസ് റോക്കിനെ അടിച്ചതിനെക്കുറിച്ച്, ‘ചിലപ്പോള്‍ അത്തരം കാര്യങ്ങളും സംഭവിച്ചേക്കും’ (Sometimes such things happen) എന്നായിരുന്നു പ്രതികരിച്ചത്.

വില്‍ സ്മിത്തും റഹ്മാനും ഒന്നിച്ചിരിക്കുന്ന 2018ലെ ഒരു പഴയ ഫോട്ടോ ഷോയ്ക്കിടെ അവതാരകന്‍ കപില്‍ ശര്‍മ കാണിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു സ്മിത്തിനെക്കുറിച്ച് റഹ്മാന്‍ പറഞ്ഞു.

ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ ക്ഷോഭിച്ചായിരുന്നു വില്‍ സ്മിത് ക്രിസ് റോക്കിനെ തല്ലിയത്.

ജേഡ പിങ്കെറ്റ് സ്മിത്തിനെയും അവരുടെ തലമുടി ഷേവ് ചെയ്ത ലുക്കിനെയും കളിയാക്കുന്ന തരത്തില്‍ റോക്ക് സംസാരിച്ചതാണ് സ്മിത്തിനെ ചൊടിപ്പിച്ചത്.

ഓസ്‌കാര്‍ ചടങ്ങിന് പിന്നാലെ തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ സ്മിത് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ അക്കാദമി 10 വര്‍ഷത്തേക്ക് സ്മിത്തിനെ വിലക്കിയിരിക്കുകയാണ്.

അലൊപീഷ്യ എന്ന അസുഖത്തെത്തെുടര്‍ന്നാണ് താന്‍ മുടി ഷേവ് ചെയ്ത് കളഞ്ഞതെന്ന് നേരത്തെ ജേഡ പിങ്കെറ്റ് സ്മിത് പറഞ്ഞിരുന്നു. ജേഡയും ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ സന്നിഹിതയായിരുന്നു.

ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ വെച്ച് നടന്ന ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് വില്‍ സ്മിത്തായിരുന്നു.

ടെന്നീസ് താരങ്ങളായ സെറീന വില്യംസ് വീനസ് വില്യംസ് എന്നിവരുടെ ജീവിതകഥ പറഞ്ഞ കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്തിന് അവാര്‍ഡ് ലഭിച്ചത്. ഇരുവരുടെയും പിതാവായ റിച്ചാര്‍ഡ് വില്യംസിനെയാണ് വില്‍ സ്മിത് വെള്ളിത്തിരയിലെത്തിച്ചത്.

Content Highlight: AR Rahman defends and supports Will Smith for his Oscar stage behavior, on The Kapil Sharma Show