ഫയാസിനെ വില്ലനാക്കേണ്ട യാതൊരു ആവശ്യവുമില്ല, അയാളുടെ ഭാഗത്താണല്ലോ ന്യായം; മോളിവുഡ് ടൈംസിലെ അപ്പുണ്ണി ശശി നല്ലവനെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
ഫയാസിനെ വില്ലനാക്കേണ്ട യാതൊരു ആവശ്യവുമില്ല, അയാളുടെ ഭാഗത്താണല്ലോ ന്യായം; മോളിവുഡ് ടൈംസിലെ അപ്പുണ്ണി ശശി നല്ലവനെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Monday, 6th July 2026, 10:12 pm

തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം സ്വന്തമാക്കുകയും തരക്കേടില്ലാത്ത കളക്ഷന്‍ നേടുകയും ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായക് അണിയിച്ചൊരുക്കിയ മോളിവുഡ് ടൈംസ് കഴിഞ്ഞദിവസം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു.

ചിത്രത്തിലെ പല സീനുകളും ഡയലോഗുകളും സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്. നസ്‌ലെന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് മോളിവുഡ് ടൈംസിലേതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സിനിമാമോഹവുമായി നടക്കുന്ന ഏതൊരാള്‍ക്കും വിനീത് മാധവന്‍ എന്ന കഥാപാത്രം കണക്ടാകുമെന്നാണ് കമന്റുകള്‍. എന്നാല്‍ ചിത്രത്തിലെ ചില സീനുകളോടുള്ള വിയോജിപ്പും പലരും രേഖപ്പെടുത്തുന്നുണ്ട്.

അപ്പുണ്ണി ശശി Photo: Jio Hotstar

അത്തരത്തിലൊന്നാണ് അപ്പുണ്ണി ശശി അവതരിപ്പിച്ച ഫയാസ് എന്ന കഥാപാത്രം. ഷോര്‍ട്ട് ഫിലിമുകള്‍ മാത്രം ചെയ്ത് പരിചയമുള്ള വിനീത് മാധവന് ആദ്യസിനിമ ചെയ്യാന്‍ അവസരം നല്‍കുന്നത് ഫയാസാണ്. എന്നാല്‍ സിനിമയുടെ രണ്ടാം പകുതിയില്‍ ഈ കഥാപാത്രത്തെ വില്ലനാക്കി ചിത്രീകരിച്ചത് ഒട്ടും ദഹിച്ചില്ലെന്നാണ് പലരുടെയും കമന്റുകള്‍.

തന്റെ ആദ്യസിനിമയായ മനുഷ്യന്റെ റിലീസിന് മുമ്പ് അതിലെ നായകന്‍ മരിക്കുന്നതും അത് മാര്‍ക്കറ്റ് ചെയ്ത് സിനിമ ഹിറ്റാക്കാന്‍ ഫയാസ് തീരുമാനിക്കുന്നതും വിനീതിന് സ്വീകാര്യമാകുന്നില്ല. വിനീതിന്റെ രണ്ടാമത്തെ സിനിമ അവന്‍ പറയുന്ന ബജറ്റിലും രീതിയിലും ചെയ്തുതരാമെന്ന് പറഞ്ഞിട്ടും വിനീത് തയാറാകുന്നില്ല.

മോളിവുഡ് ടൈംസ് Photo: Jio Hotstar

ഒടുവില്‍ ഫയാസിനെ ധിക്കരിച്ച് വിനീത് തന്റെ ആദ്യസിനിമയുടെ കോപ്പി നശിപ്പിക്കുകയാണ്. ഇതിന് ശേഷം ഫയാസിനെ വെറും വില്ലനായിട്ട് സംവിധായകന്‍ ചിത്രീകരിച്ചത് ശരിയായില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഒരു എക്‌സ്പീരിയന്‍സുമില്ലാത്ത വിനീത് മാധവനെ വിശ്വസിച്ച് മൂന്നരക്കോടി ചെലവാക്കി സിനിമ ചെയ്തയാളാണ് ഫയാസെന്നും അയാളുടെ സിനിമ നശിപ്പിച്ചത് ഒട്ടും ന്യായീകരിക്കാനാകില്ലെന്നും കമന്റുകളുണ്ട്. തനിക്ക് കിട്ടേണ്ട കോടികള്‍ ഇല്ലാതാക്കിയ വിനീതിന് പണികൊടുക്കാന്‍ അയാള്‍ നടത്തുന്ന മാര്‍ഗങ്ങള്‍ അത്ര മോശമല്ലെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

അപ്പുണ്ണി ശശി Photo: Jio Hotstar

സിനിമ എന്നത് ആത്യന്തികമായി സംവിധായകന്റെ മാത്രം കലയാണെന്ന് പറഞ്ഞുവെക്കാന്‍ മറ്റുള്ളവരെ വില്ലന്മാരാക്കുകയാണ് അഭിനവ് സുന്ദര്‍ ചെയ്തതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിനീതിന്റെ ശൈലി അടിച്ചുമാറ്റിയ അര്‍ജുന്‍ ഹരിദാസും അവനെ വളരാന്‍ അനുവദിക്കാത്ത സച്ചിന്‍ ഡേവിഡും വില്ലന്മാരാണെന്നും എന്നാല്‍ ഫയാസിനെ ആ ലിസ്റ്റില്‍ പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് പലരുടെയും കമന്റുകള്‍.

Content Highlight: Appunni Sasi’s character in Mollywood Times discussing after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം