ഹിജാബില്ലാതെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ ദയയില്ലാതെ വിചാരണ ചെയ്യും; ഭീഷണിയുമായി ഇറാന്‍ ചീഫ് ജസ്റ്റിസ്
World News
ഹിജാബില്ലാതെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ ദയയില്ലാതെ വിചാരണ ചെയ്യും; ഭീഷണിയുമായി ഇറാന്‍ ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 11:23 pm

ടെഹ്‌റാന്‍: പൊതു ഇടങ്ങളില്‍ ഹിജാബില്ലാതെ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ ദയയില്ലാതെ വിചാരണ ചെയ്യുമെന്ന ഭീഷണിയുമായി ഇറാന്‍ ചീഫ് ജസ്റ്റിസ് ഗൊലാംഹൊസൈന്‍ മൊഹ്‌സെനി ഇജെ. നിര്‍ബന്ധിത ഡ്രസ് കോഡ് ലംഘിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഹിജാബ് നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ ഭീഷണി.

അനാവരണം ചെയ്യുന്നത് നമ്മുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും അത്തരം പ്രവണത ആരെങ്കിലും കാണിക്കുകയാണെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘മത നിയമത്തിന് വിരുദ്ധമായി പൊതുസ്ഥലത്ത് സംഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ നിയമപാലകര്‍ ബാധ്യസ്ഥരാണ്,’ ഇജെ പറഞ്ഞു.

അതേസമയം രണ്ട് സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതിനാല്‍ ഒരു കടയുടമ അവര്‍ക്ക് നേരെ യോഗര്‍ട്ട് വലിച്ചെറിയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹിജാബ് ധരിക്കണമെന്നത് ഇറാനിലെ നിയമമാണെന്നാണ് സംഭവത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞത്.

‘ചിലര്‍ പറയുന്നു അവര്‍ക്ക് ഹിജാബില്‍ വിശ്വാസമില്ലെന്ന്. അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. പക്ഷേ പ്രധാനകാര്യം എന്താണെന്ന് വെച്ചാല്‍ ഇവിടെ നിയമമുണ്ട്. ഹിജാബ് ധാരണം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്,’ റെയ്‌സി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് മതകാര്യ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് മഹ്‌സ അമിനി മരണപ്പെട്ടതിലെ പ്രതിഷേധത്തില്‍ നിരവധി സ്ത്രീകള്‍ ഹിജാബ് ധരിക്കാതെ പ്രതിഷേധിച്ചിരുന്നു. വിദ്യാര്‍ത്ഥികളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം അണിനിരന്ന സമരത്തില്‍ സ്ത്രീകള്‍ ഹിജാബുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധിച്ചിരുന്നത്.

‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആയിരക്കണക്കിന് പേര്‍ തെരുവുകളിലിറങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രതിഷേധങ്ങളിലൊന്നിനാണ് പിന്നീട് ഇറാന്‍ സാക്ഷ്യം വഹിച്ചത്.

നിരവധി പേരെ പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഒടുവില്‍ ഇറാന്‍ ഭരണകൂടത്തിന് മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കേണ്ടി വന്നു.

CONTENT HIGHLIGHT: Appearing in public without hijab will be prosecuted mercilessly; Chief Justice of Iran with threats