കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നന്ദിയറിയിച്ച് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ. ആര്‍. സുഭാഷ് ചന്ദ്രന്‍. നിമിഷപ്രിയയ്ക്കായി നിലകൊണ്ടതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന എല്ലാ പഴികള്‍ക്കും കാന്തപുരത്തിനോട് മാപ്പ് ചോദിക്കുന്നതായി സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതാണ് ജീവന്‍. അതുകൊണ്ടു തന്നെ അറിഞ്ഞു കൊണ്ടു കൊലക്കു കൊടുക്കുന്നതിന് എന്നും എതിരാണ്. വധശിക്ഷ പ്രാകൃതമാണെന്നും പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതാണെന്നും വിശ്വസിക്കുന്നു.
എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും യെമനിലെ നീതി നിര്‍വഹണ സംവിധാനം നിമിഷ പ്രിയയെ കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചതാണ്. ശരിഅ നിയമത്തിലെ ദയാധനം എന്ന മാര്‍ഗം ഉപയോഗിച്ച് നിമിഷയെ കൊലമരത്തില്‍ നിന്നും രക്ഷിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്.
നിമിഷയുടെ വധശിക്ഷ റദ്ദാക്കപ്പെട്ടിരിക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ ഷെയ്ഖ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഹൃദയത്തില്‍ നിന്നുമൊരു ലാല്‍സലാം. അവിശ്വാസിയായ തനിക്ക് വിശ്വാസികളുടെ സുല്‍ത്താനില്‍ ഒരിക്കല്‍ പോലും അവിശ്വാസം നേരിടാത്ത ദിനരാത്രങ്ങളാണ് കടന്ന് പോയതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. അത്രമേല്‍ ആത്മവിശ്വാസത്തോടെ നടത്തിയ ഇടപെടലുകളായിരുന്നു കാന്തപുരത്തിന്റേത്.
94ആം വയസിന്റെ പരിക്ഷീണമൊന്നും അലട്ടാതെ, അര്‍പ്പിതബോധത്തോടെ നേര്‍വഴിക്കു ഞങ്ങളെ നയിച്ച, ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഉസ്താദിനും ടീം മര്‍കസിനും ഒരായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.
ഇനി നിമിഷയുടെ ജയില്‍ മോചനമെന്ന കടമ്പ കടക്കാനുണ്ട്.
സര്‍ക്കാരുകളും നിരവധി വ്യക്തികളും സംഘടനകളുമൊക്കെ അതിനായി സജീവമായി രംഗത്തുണ്ട്. അതും ഉടന്‍ സാധ്യമാക്കാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിനൊപ്പം തങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരോടും നന്ദിയുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
Content Highlight: Apologize for all the criticism had to hear for standing up for Nimisha: Subhash Chandran to Kanthapuram