പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ മറികടന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാറിന് ശബരിമലയില്‍ വി.ഐ.പി പരിഗണന ലഭിച്ചതായി റിപ്പോര്‍ട്ട്. എം.ആര്‍. അജിത്ത് കുമാര്‍ നിയമവിരുദ്ധമായി ട്രാക്ടറില്‍ എത്തിയതിന് പുറമെയാണ് ഹരിവരാസന സമയത്ത് മറ്റ് ഭക്തരുടെ ദര്‍ശനസമയം തടസ്സപ്പെടുത്തി അജിത്ത് കുമാറിന് പ്രത്യേക പരിഗണന നല്‍കിയത്.
അജിത്ത് കുമാറിന് ദര്‍ശനം അനുവദിക്കുന്നതിനായി മറ്റ് ഭക്തരെ പൊലീസ് പിടിച്ച് മാറ്റുന്നതായും അവിടെ നില്‍ക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടര്‍ ടി.വി പുറത്ത് വിട്ട വീഡിയോയിലുണ്ട്. ഏകദേശം ആറ് മിനുട്ടോളമാണ് അജിത്ത് കുമാര്‍ ഇപ്രകാരം പ്രത്യേക പരിഗണനയോടെ നടയ്ക്ക് മുന്നില്‍ നിന്നത്.
അജിത് കുമാറിന്റെ ശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്ര വിവാദത്തിലായതിന് പുറമെയാണിത്. ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് എ.ഡി.ജി.പി ട്രാക്ടറിലെത്തിയത്.
ചരക്കുനീക്കത്തിന് മാത്രമായിരിക്കണം ട്രാക്ടര്‍ ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശം മറികടന്നാണ് അജിത്ത് കുമാര്‍ ട്രാക്ടറില്‍ ശബരിമിലയില്‍ എത്തിയത്. ക്യാമറയില്ലാത്ത ഭാഗത്ത് വെച്ച് ട്രാക്ടറില്‍ കയറിയ എ.ഡി.ജി.പി സന്നിധാനം വരെയാണ് ട്രാക്ടറില്‍ യാത്ര ചെയ്തത്.
ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ട്രാക്ടറില്‍ ആളുകളെ കൊണ്ട് പോവരുതെന്ന് കര്‍ശന നിര്‍ദേശം നിലനില്‍ക്കവെയാണ് ശബരിമലയിലേക്കും തിരിച്ചും ഇദ്ദേഹം ട്രാക്ടറിലെത്തിയത്. ഈ സംഭവത്തില്‍ മറ്റൊരു പൊലീസുകാരനെ പ്രതിയാക്കി കേസ് എടുത്തിരുന്നു. എന്നാല്‍ കാല്‍ വേദനിച്ചപ്പോള്‍ ട്രാക്ടറില്‍ കയറിയെന്നായിരുന്നു പൊലീസ് മേധാവിക്ക് അജിത്ത് കുമാര്‍ നല്‍കിയ വിശദീകരണം
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന് ദിലീപിന് ഉത്തരത്തില്‍ വി.ഐ.പി പരിഗണന നല്‍കിയതില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. അന്ന് ദിലീപിന്റെ വി.ഐ. പി ദര്‍ശനം ഗൗരവകരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും ചോദിക്കുകയുണ്ടായി. മറ്റ് ഭക്തരെ തടഞ്ഞുകൊണ്ടായിരുന്നു ദിലീപിന് ദര്‍ശനം അനുവദിച്ചത്. ഇത്തരക്കാരെ അനുവദിക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് അന്ന് കോടതി ചോദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ ദിലീപിന് പൊലീസുകാര്‍ പ്രത്യേക പരിഗണന നല്‍കിയത്. അന്ന് സോപാനത്തിന് സമീപം ഹരിവരാസനം ചൊല്ലി തീരുന്നത് വരെ ദിലീപിന് നടയില്‍ ദര്‍ശനം ഒരുക്കുകയായിരുന്നു. ദിലീപിന്റെ ദര്‍ശന സമയത്ത് ആദ്യത്തെ നിരയില്‍ ഒരുപാട് പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവരെ തടഞ്ഞാണ് ദിലീപിനെ അനുവദിച്ചത്.
Content Highlight: Apart from arriving in a tractor, M.R. Ajith Kumar received VIP treatment at Sabarimala