തന്നെ വിഷമിപ്പിച്ച മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. ബ്ലെസ്സിയും മോഹന്‍ലാലും ഒന്നിച്ച തന്മാത്രയാണ് തന്നെ തിയേറ്ററില്‍ നിന്നും കരയിപ്പിച്ച ആദ്യ ചിത്രമെന്ന് അപര്‍ണ പറയുന്നു. സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്‍മ നശിച്ച് കൊച്ചുകുട്ടിയെപ്പോലെയാകുന്ന മോഹന്‍ലാലിന്റെ രമേശന്‍ നായര്‍ എന്ന നായകവേഷം തന്റെ ഉറക്കം കെടുത്തിയെന്നും അപര്‍ണ പറഞ്ഞു.
അതുപോലെ തന്റെ ഉറക്കംകെടുത്തിയ സിനിമയായിരുന്നു 22 ഫീമെയില്‍ കോട്ടയം എന്നും നിരന്തരമായ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ തനിക്ക് താങ്ങാവുന്നതിനപ്പുറത്തായിരുന്നുവെന്നും ആ ചിത്രത്തിന്റെ ഇടവേളയ്ക്ക് തിയേറ്ററില്‍നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചിട്ടുണ്ടെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
തന്നെ പൊട്ടി കരയിച്ച ചിത്രം മായാനദിയായിരുന്നുവെന്നും നായകന്‍ മരിച്ച നായികയുടെ ഒറ്റപ്പെടലിന്റെ സങ്കടം സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നുവെന്നും അപര്‍ണ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ ബാലമുരളി.
‘ബ്ലെസി സാറും ലാലേട്ടനും ഒന്നിച്ച തന്മാത്രയാണ് എന്നെ തിയേറ്ററില്‍ കരയിച്ച ആദ്യചിത്രം. സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്‍മ നശിച്ച് കൊച്ചുകുട്ടിയെപ്പോലെയാകുന്ന ലാലേട്ടന്റെ രമേശന്‍ നായര്‍ എന്ന നായകവേഷം എന്റെ ഉറക്കംകെടുത്തി. പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഒരിക്കലും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഓര്‍മ നശിക്കുന്നത് സ്വപ്നം കണ്ട് പല രാത്രികളിലും ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്.
അതുപോലെ എന്റെ ഉറക്കംകെടുത്തിയ സിനിമയായിരുന്നു 22 ഫീമെയില്‍ കോട്ടയം. നിരന്തരമായ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ താങ്ങാവുന്നതിനപ്പുറത്തായിരുന്നു. ആ ചിത്രത്തിന്റെ ഇടവേളയ്ക്ക് തിയേറ്ററില്‍നിന്ന് ഇറങ്ങി ഓടിയാലോ എന്ന് ഞാന്‍
വിചാരിച്ചിട്ടുണ്ട്.
പിന്നെ എന്നെ പൊട്ടി കരയിച്ച ചിത്രം മായാനദിയായിരുന്നു. ചിത്രത്തിന്റെ അവസാനം കാമുകനായ നായകന്‍ വെടിയേറ്റുവീണപ്പോള്‍ നായിക ഒറ്റയ്ക്ക് അനന്തതയിലേക്ക് നടന്നുനീങ്ങുന്ന സീനുണ്ട്. ആ ഒറ്റപ്പെടലിന്റെ സങ്കടം സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു. ചിത്രം കണ്ട് ഐശ്വര്യയോടും ടൊവിനോയോടും സംസാരിച്ചതിനുശേഷമാണ് ആ സങ്കടം അല്പമെങ്കിലും ശമിച്ചത്,’ അപര്‍ണ ബാലമുരളി പറയുന്നു.