ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
സൂരറൈ പോട്രു എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കരയുടെ വലിയ ആരാധികയാണ് താനെന്നും ഡബ്ബ് ചെയ്യുന്ന സമയം വരെ തന്റെ കഥാപാത്രം എങ്ങനെയുണ്ടാകും എന്നൊക്കെ ആലോചിച്ചിട്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും അപര്‍ണ പറയുന്നു.
ടെറസിലെ സീനില്‍ ബൊമ്മിയും മാരനും തമ്മില്‍ വഴക്കു കൂടുന്ന സീനും കല്യാണം വേണ്ടെന്ന് ബൊമ്മി പറയുന്നത് മുതല്‍ ആദ്യത്തെ പാട്ടു വരെയുള്ള രംഗങ്ങള്‍ വരെയും തനിക്ക് ഏറെ പ്രിയപ്പെട്ട സീനുകളാണെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു.
‘സുധ കൊങ്കര എന്ന സംവിധായിക. സൂര്യ എന്ന നടന്‍ ഇവര്‍ ഒന്നിക്കുന്ന സിനിമയാണെന്നതാണ് ഏറ്റവും ആവേശം കൊള്ളിച്ചത്. ‘ഇരുതി സുട്ര്’ എന്ന സിനിമ കണ്ടപ്പോള്‍ തൊട്ട് ഞാന്‍ സുധകൊങ്കര എന്ന സംവിധായികയുടെ വലിയ ഫാന്‍ ആണ്. സൂര്യ എന്ന നടനെ ഏറെ ഇഷ്ടമാണ്. ഇവര്‍ രണ്ടു പേരും ചേരുമ്പോള്‍ എന്താകും എന്ന ആകാംഷയുണ്ടായിരുന്നു.
ഡബ്ബ് ചെയ്യുന്ന സമയം വരെ എങ്ങനെയുണ്ടാകും എന്റെ കഥാപാത്രം ഡബ്ബിങ് ശരിയാകുമോ എന്നൊക്കെ ആലോചിച്ചിട്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ, സ്‌ക്രീനില്‍ കണ്ടപ്പോള്‍ ബൊമ്മി വളരെയധികം റിഫൈന്‍ഡ് ആയി തോന്നി. കാരണം ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഔട്ട്പുട്ടും സൂര്യയെ പോലൊരു നടന്റെ കുടെയുള്ള സ്‌ക്രീന്‍ സ്പേസും വളരെ ആഹ്ലാദിപ്പിക്കുന്നതായിരുന്നു.
ടെറസിലെ സീനില്‍ ബൊമ്മിയും മാരനും തമ്മില്‍ വഴക്കു കൂടുന്നത് വളരെയധികം ഇഷ്ടമായി. പിന്നെ, തുടക്കത്തിലെ പെണ്ണു കാണല്‍ സീന്‍. അവര്‍ തമ്മില്‍ ആദ്യം കാണുന്നത്, ബൊമ്മി തിരിഞ്ഞു നോക്കി നടക്കുന്നത്. ആ കല്യാണം വേണ്ടെന്ന് ബൊമ്മി പറയുന്നത് മുതല്‍ ആദ്യത്തെ പാട്ടു വരെയുള്ള രംഗങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്,’ അപര്‍ണ ബാലമുരളി പറയുന്നു.