ചണ്ഡീഗഡ്: പഞ്ചാബില്‍ 500 കോടി രൂപ നല്‍കുന്നവര്‍ക്ക് മുഖ്യമന്ത്രി കസേര എന്ന രീതിയാണ് നിലനില്‍ക്കുന്നതെന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദുവിന്റെ പങ്കാളി നവ്‌ജോത് കൗര്‍ സിദ്ദു.
കോണ്‍ഗ്രസ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ദുവിനെ പ്രഖ്യാപിച്ചാല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്നും നവ്‌ജോത് കൗര്‍ പറഞ്ഞു.
ഒരു പാര്‍ട്ടിക്കും മുഖ്യമന്ത്രി സ്ഥാനത്തിനായി നല്‍കാന്‍ തങ്ങളുടെ കൈവശം പണമില്ല. എന്നാല്‍ പഞ്ചാബിനെ ഒരു സുവര്‍ണ സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പഞ്ചാബിനും പഞ്ചാബ് സ്വത്വത്തിനും വേണ്ടിയാണ് സംസാരിക്കുന്നതെന്നും നവ്‌ജോത് കൗര്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ടിക്കറ്റിനായി ആരെങ്കിലും പണം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഇതുവരെ ആരും പണം ചോദിച്ചിട്ടില്ലെന്നും എന്നാല്‍, ഇവിടെ 500 കോടിയുടെ സ്യൂട്ട്‌കേസ് നല്‍കുന്നയാള്‍ മുഖ്യമന്ത്രിയാകുന്ന രീതിയാണുള്ളതെന്നും നവ്‌ജോത് പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നവ്‌ജോത് കൗര്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും അവര്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന അഞ്ച് നേതാക്കള്‍ നിലവില്‍ കോണ്‍ഗ്രസിലുണ്ടെന്നും അവരാണ് സിദ്ദുവിനെ മുന്നോട്ട് വരാന്‍ അനുവദിക്കാത്തതെന്നും കൗര്‍ ആരോപിച്ചു.
പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് കാരണം സിദ്ദുവിനെ വളരാന്‍ അനുവദിക്കുന്നില്ല. അഞ്ച് നേതാക്കള്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സിദ്ദു വീണ്ടും ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തെ കുറിച്ച് അഭിപ്രായം പറയാന്‍ താനാളല്ല എന്നായിരുന്നു നവ്‌ജോത് കൗറിന്റെ മറുപടി.