ഗുഡ് മോണിങ് അയച്ചാല്‍ 'ഗുഡ് മോണിങ് മക്കളെ' എന്ന് തിരിച്ചയക്കുന്നത് ആ സൂപ്പര്‍സ്റ്റാര്‍ മാത്രം: അനുശ്രീ
Malayalam Cinema
ഗുഡ് മോണിങ് അയച്ചാല്‍ 'ഗുഡ് മോണിങ് മക്കളെ' എന്ന് തിരിച്ചയക്കുന്നത് ആ സൂപ്പര്‍സ്റ്റാര്‍ മാത്രം: അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd July 2025, 9:27 am

മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടി അനുശ്രീ. ഒപ്പം, ട്വല്‍ത്ത് മാന്‍ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിനോടൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിനോടൊപ്പവും മമ്മൂട്ടിയുടെ കൂടെയും അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

താന്‍ എന്നും ഗുഡ് മോര്‍ണിങ് അയക്കുന്ന ഒരാളാണ് മോഹന്‍ലാല്‍ എന്നും അപ്പോള്‍ അദ്ദേഹം തനിക്ക് ‘ഗുഡ് മോര്‍ക്കിങ് മക്കളെ’ എന്ന് പറഞ്ഞ് മറുപടി നല്‍കുമെന്നും അനുശ്രീ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ലാലേട്ടനും ഞാനും ഒന്നിച്ച് ഒപ്പം ചെയ്തു, ട്വല്‍ത്ത് മാന്‍ ചെയ്തു. എല്ലാരുടെയും ആഗ്രഹങ്ങളില്‍ ഒന്നാണെന്നല്ലോ ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ അഭിനയിക്കുക എന്നുള്ളത്. എനിക്ക് ദൈവ ഭാഗ്യം കൊണ്ട് രണ്ട് പേരുടെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു.

ഒപ്പത്തിലെല്ലാം അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്നും അറിയില്ല. ലാലേട്ടന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും കൂടെ ഉള്ള സിനിമ പലരുടെയും സ്വപ്നമാണല്ലോ. അവരുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ഒന്നും അറിയാത്ത കുട്ടിയായിരുന്നു ഞാന്‍. കടല്‍ക്കരയില്‍ നില്‍ക്കുന്ന കുട്ടി എന്നൊക്കെ പറയില്ലേ, അതുപോലെ. എനിക്കന്ന് അത്രക്ക് എക്‌സ്പീരിയന്‍സ് ഒന്നും ആയിട്ടില്ല.

അന്ന് ഇന്നസെന്റ് ചേട്ടനും നെടുമുടി വേണു ചേട്ടനൊക്കെയുണ്ട്. ഇവരുടെകൂടെ ഇരുന്ന് ഓരോ കഥ കേള്‍ക്കുകയാണ് എന്റെ പണി. പറയുന്നതില്‍ ചിലതെല്ലാം കള്ളം ആയിരിക്കും. നമ്മളെ പറ്റിക്കാന്‍ വേണ്ടിയുള്ളതൊക്കെ ഉണ്ടാകും. എന്നാലും അതൊന്നും നമുക്ക് മനസിലാകില്ല.

അതുപോലെ കൊറോണ കഴിഞ്ഞ് ചെയ്ത സിനിമയായിരുന്നു ട്വല്‍ത്ത് മാന്‍. ഒരു റിസോര്‍ട്ടിലായിരുന്നു ഷൂട്ട്. ഷൂട്ട് കഴിയുന്നതുവരെ അങ്ങോട്ടേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. ആര്‍ക്കും പുറത്തോട്ടും പോകാന്‍ കഴിഞ്ഞില്ല. റേഞ്ച് കിട്ടാത്ത സ്ഥലം ആയിരുന്നു അത്. അതുകൊണ്ടുതന്നെ അതില്‍ അഭിനയിച്ച എല്ലാവരുമായും നല്ലൊരു ബന്ധം ഉണ്ടായിരുന്നു. എന്നും ഞാന്‍ ഗുഡ് മോര്‍ണിങ് അയച്ചാല്‍ ‘ഗുഡ് മോണിങ് മക്കളെ’ എന്ന് ലാലേട്ടന്‍ തിരിച്ചയക്കും,’ അനുശ്രീ പറയുന്നു.

Content Highlight: Anusree Talks About Mohanlal