ഒരു സുപ്രഭാതത്തില്‍ ചിലര്‍ എന്നെ വര്‍ഗീയവാദിയാക്കി മാറ്റി, അതില്‍ സങ്കടമുണ്ട്: അനുശ്രീ
Entertainment
ഒരു സുപ്രഭാതത്തില്‍ ചിലര്‍ എന്നെ വര്‍ഗീയവാദിയാക്കി മാറ്റി, അതില്‍ സങ്കടമുണ്ട്: അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 11:33 am

രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടി അനുശ്രീ. തന്നെ ഏറെ വിഷമിപ്പിച്ച കാര്യമാണ് അതെന്നും ശ്രീകൃഷ്ണജയന്തിക്ക് ഭാരതാംബ ആയതുമുതല്‍ തുടങ്ങിയതാണ് അതെന്നും ഒരു സുപ്രഭാതത്തില്‍ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കിയെന്നും അനുശ്രീ പറയുന്നു.

താന്‍ ഘോഷയാത്രയ്ക്ക് പോകുകയും ഭാരതാംബയുടെ വേഷം കെട്ടുകയുമായിരുന്നുവെന്നും അതൊരു സാധാരണ സംഭവമാണെന്നും അതിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് സങ്കടപ്പെടുത്തുന്ന കാര്യമാണെന്നും അനുശ്രീ പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രീ.

‘ഏറെ വിഷമിപ്പിച്ചിട്ടുള്ള കാര്യമാണ്. ഒരുവര്‍ഷം ശ്രീകൃഷ്ണജയന്തിക്ക് ഭാരതാംബ ആയതുമുതല്‍ തുടങ്ങിയതാണ്. ഒരു സുപ്രഭാതത്തില്‍ ഞൊടിയിടയിലാണ് എന്നെ ചിലര്‍ വര്‍ഗീയവാദിയാക്കി മാറ്റിയത്. ഭാരതാംബയായി വേഷംകെട്ടിയ അന്ന് രാത്രി ഒരു സ്റ്റേജ് ഷോ പരിപാടിക്കായി ഞാന്‍ അമേരിക്കയിലേക്ക് പോയി.

അവിടെയെത്തി സോഷ്യല്‍മീഡിയ തുറന്നുനോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി. എന്റെ മുകളില്‍ വര്‍ഗീയവാദി എന്ന ലേബല്‍ ചിലര്‍ കരുതിക്കൂട്ടി ചാര്‍ത്തിവയ്ക്കുന്നു. എന്ത് പോസ്റ്റിട്ടാലും അതിന് താഴെവന്ന് അധിക്ഷേപിക്കും. എന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. ഞാന്‍ അമ്പലത്തിന്റെ മുറ്റത്ത് ജനിച്ചുവളര്‍ന്ന ആളാണ്. വീടിന് തൊട്ടരികിലാണ് ക്ഷേത്രം. ആ ക്ഷേത്രത്തിലെ ജയന്തി ആഘോഷം ചെറുപ്പം തൊട്ടേ ഞങ്ങളൊക്കെയാണ് നടത്തുന്നത്. അതിനെ ഒരുപാര്‍ട്ടി പരിപാടിയായിട്ടല്ല കാണുന്നത്.

സിനിമയില്‍ എത്തിയ ശേഷം കുറച്ചുവര്‍ഷം തിരക്കുകള്‍ കാരണം എനിക്കതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ശ്രീകൃഷ്ണജയന്തി ദിവസം നാട്ടിലുണ്ടായ ഒരുവര്‍ഷം പതിവുപോലെ ഞാന്‍ ഘോഷയാത്രയ്ക്ക് പോകുകയും ഭാരതാംബയുടെ വേഷം കെട്ടുകയുമായിരുന്നു. അതൊരു സാധാരണ സംഭവമാണ്. അതിന്റെ പേരില്‍ ഇങ്ങനെ അധിക്ഷേപിക്കുന്നത് സങ്കടപ്പെടുത്തുന്ന കാര്യമാണ്.

ഞാനൊരു ദൈവവിശ്വാസിയാണ്. ഒരിക്കലും മറ്റ് മതങ്ങളെയോ വിശ്വാസത്തെയോ തള്ളിപ്പറയുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. നാട്ടിലെ അമ്പലത്തില്‍ ദൈവത്തിന് മാലകെട്ടുന്നതുപോലെ വെട്ടുകാട് പള്ളിയില്‍ പോയി നൂലും കെട്ടാറുണ്ട്. അതൊന്നും അറിയാതെ ചിലര്‍ നമ്മളെ വിചാരിക്കാത്ത രീതിയില്‍ ചിത്രീകരിക്കുമ്പോള്‍ വിഷമം തോന്നില്ലേ?

ഞാന്‍ ഇവര്‍ ആരോപിക്കുന്ന രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകയോ അതിലെ അംഗമോ ഒന്നും അല്ല. അവരെ പിന്തുണച്ച് എവിടെയും സംസാരിച്ചിട്ടില്ല. ഞാന്‍ അതല്ല എന്ന് നൂറുതവണ പറയുമ്പോള്‍ എന്തിനാണ് നിങ്ങള്‍ അതുതന്നെയാണ് എന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത്,’ അനുശ്രീ പറയുന്നു.

Content Highlight: Anusree Says One morning some people turned her into a racist, and she is sad about that.