തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ടൊവിനോ നായകനായെത്തിയ നരിവേട്ട. ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ദിവസം കൊണ്ട് നാല് കോടിയോളം സ്വന്തമാക്കി കഴിഞ്ഞു. സിനിമയില്‍ ചേരനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. തമിഴ് ചലച്ചിത്രമേഖലയില്‍ ശ്രദ്ധേയനായ സംവിധായകനും നടനുമാണ് ചേരന്‍.
ഇപ്പോള്‍ നരിവേട്ട സിനിമയിലേക്ക് ചേരനെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും തന്റെ വരാന്‍ പോകുന്ന പുതിയ പ്രൊജക്റ്റുകളെ പറ്റിയും സംസാരിക്കുകയാണ് അനുരാജ് മനോഹര്‍.
സിനിമയിലെ കേശവദാസ് എന്ന കഥാപാത്രത്തിനായി ഒരുപാട് ആളുകളെ നോക്കിയെന്നും പൊക്കിഷം സിനിമയിലെ ഗാനം കേട്ടപ്പോഴാണ് ചേരന്‍ തന്റെ മനസിലേക്ക് വന്നതെന്നും അനുരാജ് പറയുന്നു. ടൊവിനോയോട് പറഞ്ഞപ്പോള്‍ നല്ല ചോയ്‌സാണെന്ന് അദ്ദേഹം പറഞ്ഞുവെന്നും അങ്ങനെ ഒരു മണിക്കൂറോളം നീണ്ട ഫോണ്‍ കോളിന് ശേഷമാണ് ചേരന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും അനുരാജ് കൂട്ടിച്ചേര്‍ത്തു.
തന്റെ പുതിയ സിനിമ പൃഥ്വിരാജിന്റ കൂടെയാണെന്നും അദ്ദേഹത്തിന്റെ തിരക്കിനനുസരിച്ച് ചിത്രീകരണത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറയുന്നു. നിവിന്‍ പോളിയുടെ കൂടെയുള്ള ശേഖരവര്‍മ രാജാവിന്റെ ചിത്രീകരണം തുടങ്ങിയതാണെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ ഷൂട്ടിങ് മുടങ്ങിയെന്നും അനുരാജ് വ്യക്തമാക്കി. ദേശാഭിമാനി ദിനപത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേശവദാസ് എന്ന കഥാപാത്രത്തിനായി ഒരുപാട് പേരെ നോക്കി. ഒരു ദിവസം പൊക്കിഷം സിനിമയിലെ പാട്ട് കേള്‍ക്കുമ്പോഴാണ് ചേരന്‍ മനസ്സിലേക്ക് വരുന്നത്. ടൊവിനോയോട് സംസാരിച്ചപ്പോള്‍ നല്ല ചോയ്സാണെന്ന് പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട ഫോണ്‍ കോളിനുശേഷമാണ് ചേരന്‍ സമ്മതിച്ചത്.
അടുത്തത് പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ്. അബിന്‍ ജോസഫ് തന്നെയാണ് എഴുതുന്നത്. പൃഥ്വിയുടെ തിരക്കിനനുസരിച്ച് ചിത്രീകരണമടക്കമുള്ളകാര്യങ്ങളിലേക്ക് കടക്കും. നിവിന്‍ പോളി നായകനായ ശേഖരവര്‍മ രാജാവിന്റെ ചിത്രീകരണം തുടങ്ങിയതാണ്. ആക്ഷേപഹാസ്യമാണ് ചിത്രം. സിനിമ യുടെ ചിത്രീകരണം മുടങ്ങി. അത് പൂര്‍ണമായും നിര്‍മാതാക്കളുമായി ബന്ധപ്പെട്ട വിഷയമാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും ചിത്രീകരണം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ,’ അനുരാജ് മനോഹര്‍ പറയുന്നു.
Content Highlight: Anuraj Manohar talks about casting Cheran in the film Narivetta and his upcoming new projects.