‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നുണ്ട്. ഇഷ്‌കിന് ശേഷം അനുരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്.
ഇഷ്‌ക് എന്ന സിനിമക്ക് കഴിഞ്ഞ് ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അനുരാജ് മറ്റൊരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോള്‍ തമിഴ് പാട്ടുകള്‍ മലയാളത്തില്‍ അനാവശ്യമായി ഉപയോഗിക്കുന്ന പ്രവണത മലയാള സിനിമകളില്‍ ഉണ്ടെന്നും ഒന്നോ രണ്ടോ സിനിമകളില്‍ ഇത്തരത്തിലുള്ള ട്രെന്‍ഡ് വിജയിച്ചാല്‍ അത് അനുകരിക്കാനുള്ള ശ്രമമുണ്ടെന്നും അനുരാജ് മനോഹര്‍ പറയുന്നു.
അത്തരം ട്രെന്‍ഡുകള്‍ക്ക് വഴങ്ങി കൊടുക്കില്ല എന്ന തീരുമാനം എടുത്താല്‍ മറ്റൊരു സിനിമക്ക് വേണ്ടി ആറ് വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുരാജ് മനോഹര്‍.
‘ഇപ്പോള്‍ ഉള്ളൊരു ട്രെന്‍ഡ് തമിഴ് പാട്ട് എങ്ങനെയെങ്കിലും സിനിമയില്‍ തിരുകി കയറ്റാന്‍ പറ്റുമോ എന്ന് നോക്കുന്നതാണ്. ഏതെങ്കിലും തമിഴ് പാട്ടുകള്‍ കൊണ്ടുവരുന്നത് ഇപ്പോള്‍ ഭയങ്കര ഹിറ്റാണെത്രെ! മഞ്ഞുമ്മലിലും മറ്റ് രണ്ട് സിനിമകളിലുമൊക്കെ ഉണ്ടായിരുന്നു.
അതിന്റെ കുഴപ്പം ഇതാണ്, എന്തെങ്കിലും ഒന്ന് വിജയിച്ചാല്‍ അതിനെ അനുകരിക്കാനുള്ള ശ്രമമാണ്. നമ്മള്‍ അതിന് വഴങ്ങി കൊടുക്കില്ല എന്നത് നമ്മുടെ തീരുമാനം ആണെങ്കില്‍ മറ്റൊരു സിനിമക്ക് വേണ്ടി ആറ് വര്‍ഷമെല്ലാം കാത്തിരിക്കേണ്ടി വരും,’ അനുരാജ് മനോഹര്‍ പറയുന്നു.