‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നുണ്ട്. ഇഷ്‌കിന് ശേഷം അനുരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്.
സ്‌ക്രീനില്‍ ഏറ്റവും ആത്മാര്‍ത്ഥമായി അഭിനയിച്ചവരാണ് ആദിവാസികളെന്ന് അനുരാജ് പറയുന്നു. രാവിലെ കാപ്പിക്കുരു പറിക്കാന്‍ പോകുന്ന അതേ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ സിനിമയില്‍ അഭിനയിച്ചതെന്നും നമ്മള്‍ എന്ത് ചെയ്യാന്‍ പറഞ്ഞാലും അത് വളരെ ആത്മാര്‍ത്ഥമായി അവര്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ക്യാമറയെ അവര്‍ക്ക് പേടിയില്ലെന്നും അത് തന്നെയാണ് ഒരു അഭിനേതാവിനെ മികച്ച നടനാക്കുന്നതെന്നും അനുരാജ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദിവാസികളെ സംബദ്ധിച്ചിടത്തോളം അവരെങ്ങനെയാണോ രാവിലെ കാപ്പിക്കുരു പറിക്കാന്‍ പോകുന്നത് അതുപോലെയാണ് സിനിമയില്‍ അഭിനയിക്കാന്‍ വന്നിരിക്കുന്നത്. ആത്മാര്‍ത്ഥമായി കാപ്പിക്കുരു പറിക്കുക എന്ന് പറഞ്ഞപ്പോലെ. അത്രയും ആത്മാര്‍ത്ഥമായിട്ടാണ് അവര്‍ സിനിമയില്‍ അഭിനയിക്കുന്നത്.
നമ്മള്‍ കരയാന്‍ പറയുമ്പോള്‍ കരയുന്നു. ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്നു. അടിക്കാന്‍ പറയുമ്പോള്‍ അടിക്കുന്നു. ഇങ്ങനെ വളരെ ജെന്യുവിനായിട്ടാണ് അവര്‍ ചെയ്യുക. അവര്‍ക്ക് ക്യാമറ കണ്‍സേണ്‍സ് ഇല്ല. അങ്ങനെയൊരു കാര്യം ക്രാക്ക് ചെയ്താല്‍ തന്നെ മികച്ച നടനായി എന്നതാണ്. ക്യാമറ അവിടെ ഇല്ല എന്ന കണ്‍സേണ്‍ നമുക്ക് വന്നു കഴിഞ്ഞാല്‍ തന്നെ നമ്മള്‍ മികച്ച നടനായി,’ അനുരാജ് മനോഹര്‍ പറയുന്നു.
Content highlight: Anuraj Manohar says that the Tribal have acted the most sincerely on screen.