കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലും പുറത്തും വലിയ വിവാദമായ വിഷയമാണ് കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍. സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത് 2023 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിദ്വേഷമായിരുന്നു കേരളത്തിലെ ജനങ്ങള്‍ക്കെതിരെയും മുസ്‌ലിം മതവിഭാഗത്തിനെതിരെയും സൃഷ്ടിച്ചത്. ഫെബ്രുവരി 27 ന് റിലീസ് ചെയ്യാനിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലറില്‍ ഹിന്ദു പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളായ അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന 70ാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം.
‘കേരള സ്റ്റോറി ഒരു ബുള്‍ ഷിറ്റ് പ്രൊപഗണ്ടയാണ്, ആളുകള്‍ ബീഫ് പോയിട്ട് കിച്ചടി പോലും ഇത്തരത്തില്‍ ആരുടെയും വായിലേക്ക് കുത്തികയറ്റില്ല. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാര്‍ത്തിയോടെ വരുന്ന ചിത്രമാണത്. അവര്‍ക്ക് കുറച്ച് പേരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ആളുകളെ ഭിന്നിപ്പിക്കുകയാണ്,’ അനുരാഗ് കശ്യപ് പറഞ്ഞു.
കാമാഖ്യ നാരായണ്‍ സിങ് സംവിധാനം ചെയ്യുന്ന ദി കേരള സ്റ്റോറി 2 വിന്റെ ട്രെയ്‌ലറില്‍ ലവ് ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം, തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് തുടങ്ങി സമൂഹത്തില്‍ വര്‍ഗീയത ലക്ഷ്യം വെച്ചുള്ള ഉള്ളടക്കമാണുള്ളത്. നോര്‍ത്ത് ഇന്ത്യയിലെ തീവ്ര വലതുപക്ഷ ശക്തികളെ പ്രീണിപ്പിക്കാനായി കേരളത്തെ താറടിച്ചുകാണിക്കുയാണ് സംവിധായകനെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനം ചിത്രത്തിനെതിരെ ഉയരുന്നുണ്ട്.
അതേസമയം ദ കേരള സ്റ്റോറി 2 വിന്റെ ട്രെയ്‌ലറിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച ഹരജിയില്‍ കേരള ഹൈക്കോടതി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഇനി ഞങ്ങള്‍ സഹിക്കില്ലെന്നും തിരിച്ച് യുദ്ധം ചെയ്യുമെന്നുമാണ്. ഇത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കലാപം സൃഷ്ടിക്കുമെന്നും ഹരജിക്കാരന്‍ വാദിച്ചു.
Content Highlight: Anurag Kashyap The kerala story 2 as a propaganda fim
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.