ബോളിവുഡിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. ഗ്യാങ്‌സ് ഓഫ് വസേപൂര്‍, നോ സ്‌മോക്കിങ്, ദേവ് ഡി തുടങ്ങി മികച്ച ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ബോളിവുഡിലെ പല വമ്പന്മാരുടെയും അപ്രമാദിത്വത്തിനെതിരെ അനുരാഗ് കശ്യപ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
അടുത്തിടെ താനിനി ബോളിവുഡില്‍ സിനിമകള്‍ ചെയ്യില്ലെന്നും സൗത്ത് ഇന്ത്യയിലാണ് പൂര്‍ണമായും ശ്രദ്ധ നല്‍കുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംവിധാനത്തോടൊപ്പം അഭിനയവും മുന്നോട്ടുകൊണ്ടുപോവുകയാണ് അനുരാഗ് കശ്യപ് ഇപ്പോള്‍. അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ ചിത്രമായ നിശാഞ്ചിയുടെ പ്രീമിയര്‍ കഴിഞ്ഞദിവസം മുംബൈയില്‍ നടന്നിരുന്നു.
പ്രീമിയറിനിടെ ബോളിവുഡിനെ അദ്ദേഹം തന്റേതായ ശൈലിയില്‍ വിമര്‍ശിച്ചതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. ബോളിവുഡില്‍ ആരും പുതിയ ഐഡിയയുമായി വരുന്നില്ലെന്നായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്. മറ്റ് ഇന്‍ഡസ്ട്രികളെ കോപ്പിയടിക്കാനാണ് ബോളിവുഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഇപ്പോള്‍ ഇന്ത്യയില്‍ പലയിടത്തും ട്രെന്‍ഡായി മാറിയ ഡീമണ്‍ സ്ലേയറിനെക്കുറിച്ച് ബോളിവുഡിന് ഒരു ഐഡിയയുമില്ല. അവര്‍ ഒരിക്കലും അത്തരം പ്രൊജക്ടുകള്‍ ചിന്തിക്കുകയോ അതിനായി പണം ചെലവാക്കുകയോ ചെയ്യില്ല. ഈ സമയം കൊണ്ട് ലോകഃയുടെ 100 ചീപ്പ് കോപ്പികള്‍ അവര്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. ഒറിജിനല്‍ ഐഡിയക്ക് ഇവിടെ വിലയില്ല,’ അനുരാഗ് കശ്യപ് പറയുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ നിശാഞ്ചിയെക്കുറിച്ചും അനുരാഗ് കശ്യപ് സംസാരിച്ചു. പഴയകാല സലിം- ജാവേദ് ചിത്രങ്ങളുടെ പാറ്റേണിലാണ് താന്‍ നിശാഞ്ചി ഒരുക്കിയതെന്നും അവര്‍ക്കുള്ള തന്റെ ട്രിബ്യൂട്ടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സ്റ്റൈലില്‍ ഒരു സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും അനുരാഗ് കശ്യപ് പറയുന്നു.
‘ഇനിയൊരിക്കലും വലിയ താരങ്ങളെ വെച്ച് ഞാന്‍ മാസ് സിനിമ ചെയ്യില്ല. എന്റേതായ രീതിയില്‍ സിനിമകള്‍ ചെയ്യാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കുന്നുണ്ട്. പല സംവിധായകര്‍ക്കും അതിന് സാധിക്കുന്നില്ല. കാരണം അവരെല്ലാം താരങ്ങളെ ആശ്രയിച്ച് കഴിയുന്നവരാണ്. ഞാന്‍ ചെയ്യുന്ന സിനിമകള്‍ക്ക് എത്ര ചെലവാകുമെന്ന് പോലും അവര്‍ക്ക് അറിയില്ല,’ അനുരാഗ് കശ്യപ് പറഞ്ഞു.
Content Highlight: Anurag Kashyap saying Bollywood will make minimum 100 copies of Lokah movie