സ്ഥിരം ബോളിവുഡ് സിനിമകളെ പൊളിച്ചെഴുതിയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. ഇതുവരെ കാണാത്ത തരത്തിലുള്ള കഥപറച്ചില്‍ കൊണ്ട് ബോളിവുഡിലെ മുന്‍നിര സംവിധായകനായി മാറാന്‍ കശ്യപിന് സാധിച്ചു. ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍, ദേവ് ഡി, നോ സ്‌മോക്കിങ്, രാമന്‍ രാഘവ് 2.0 എന്നീ സിനിമകള്‍ ബോളിവുഡിലെ വന്‍ ചര്‍ച്ചാവിഷയമായ സിനിമകളായിരുന്നു. നിരവധി സിനിമകളില്‍ അഭിനേതാവായും അനുരാഗ് കഴിവ് തെളിയിച്ചു.

എന്നാല്‍ ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി അനുരാഗ് രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് പേര്‍ സിനിമയെപ്പറ്റി സംസാരിക്കാന്‍ തന്നെ സമീപിക്കാറുണ്ടെന്നും, എന്നാല്‍ അവരോട് സംസാരിച്ച ശേഷം സമയം കളഞ്ഞുവെന്ന് തോന്നാറുണെന്നും ഇനിമുതല്‍ അങ്ങനെയുണ്ടാകാതിരിക്കാന്‍ പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണെന്നും കശ്യപ് പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.