പ്രേമത്തിന് ശേഷം എനിക്ക് വാശിയായി; വിഷമവും വാശിയും കാരണമാണ് ഞാനത് ചെയ്തത്: അനുപമ പരമേശ്വരന്‍
Entertainment
പ്രേമത്തിന് ശേഷം എനിക്ക് വാശിയായി; വിഷമവും വാശിയും കാരണമാണ് ഞാനത് ചെയ്തത്: അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 11:03 am

2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് അനുപമ പരമേശ്വരന്‍. മേരി എന്ന കഥാപാത്രമായിട്ടായിരുന്നു നടി പ്രേമത്തില്‍ അഭിനയിച്ചത്.

ജെയിംസ് ആന്‍ഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ മലയാള സിനിമകളിലും അനുപമ പിന്നീട് അഭിനയിച്ചു. ഒപ്പം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിമിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ മലയാളത്തിനേക്കാള്‍ കൂടുതല്‍ അനുപമ പരമേശ്വരന്‍ വര്‍ക്ക് ചെയ്തത് തെലുങ്കിലാണ്. സമാന്ത – നിതിന്‍ എന്നിവര്‍ ഒന്നിച്ച A Aa എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കില്‍ എത്തിയത്. പിന്നീട് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിരവധി സിനിമകള്‍ നടിയെ തേടിയെത്തി.

ഒപ്പം തമിഴ്, കന്നഡ ഭാഷകളിലും അനുപമ അഭിനയിച്ചു. ഇപ്പോള്‍ ‘കുറേകൂടി നെപ്പോട്ടിസം നിലനില്‍ക്കുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയായിരുന്നു?’ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനുപമ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നടി.

‘തെലുങ്ക് സിനിമയില്‍ നെപ്പോട്ടിസം കൊണ്ട് നിലനില്‍ക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരാളുടെ ടാലന്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരു നെപ്പോ കിഡ് ആണെങ്കില്‍ പോലും ടാലന്റ് ഉണ്ടെങ്കില്‍ മാത്രമേ ആളുകള്‍ അംഗീകരിക്കുകയുള്ളൂ. അതില്‍ സംശയമൊന്നും വേണ്ട.

ഒരു സിനിമ ചെയ്തത് കൊണ്ടൊന്നും കാര്യമില്ലല്ലോ. ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാനും ആവണ്ടേ. നെപ്പോ കിഡ് ആയത് കൊണ്ട് മാത്രം ഒരു ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

എനിക്ക് സത്യത്തില്‍ നല്ല വാശി ഉണ്ടായിരുന്നു. ആദ്യ സിനിമക്ക് (പ്രേമം) ശേഷം വാശിയും വിഷമവും വന്നിരുന്നു. ആ വാശി കൊണ്ടും വിഷമം കൊണ്ടും ഞാന്‍ മുറിയില്‍ അടച്ചിരിക്കാതെ എന്റെ അടുത്തേക്ക് വന്ന തെലുങ്ക് സിനിമകള്‍ ഞാന്‍ ചെയ്തു.

ഞാന്‍ തന്നെ തനിയെ ആ ഭാഷ പഠിച്ചെടുത്തു. എന്റെ ആദ്യ തെലുങ്ക് സിനിമയില്‍ ഞാന്‍ തന്നെ ഡബ്ബ് ചെയ്തു. അത് വലിയൊരു മാറ്റമായിരുന്നു. ആദ്യ സിനിമക്ക് ശേഷം നല്ലത് എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ വന്നു.

തെലുങ്കില്‍ ഞാന്‍ ആദ്യമായി ചെയ്ത A Aa എന്ന സിനിമയില്‍ വളരെ ചെറിയ ഒരു കഥാപാത്രമായിരുന്നു ചെയ്തത്. സമാന്തയും നിതിനും അഭിനയിച്ച ആ സിനിമയില്‍ അഞ്ചോ ആറോ മിനിട്ട് മാത്രമായിരുന്നു എന്റെ കഥാപാത്രം വരുന്നത്.

പക്ഷെ ഇന്നും ആളുകള്‍ ആ സിനിമ ഓര്‍ക്കുന്നുണ്ട്. ഞാന്‍ എവിടെ പോയാലും ആളുകള്‍ ആ സിനിമയിലെ ഡയലോഗ് എന്നോട് പറയാന്‍ പറയാറുണ്ട്. ആ അഞ്ചോ ആറ് മിനിട്ടില്‍ വന്നുപോയ എന്റെ ആ കഥാപാത്രമാണ് എനിക്ക് തെലുങ്കില്‍ ബാക്കി സിനിമകള്‍ തന്നത്.

അതുകൊണ്ടാണ് ടാലന്റാണ് ഏറ്റവും പ്രധാനമെന്ന് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ചെയ്യുന്ന റോള്‍ ഒരു മിനിട്ട് ആണെങ്കിലും പത്ത് മിനിട്ടാണെങ്കിലും നന്നായി ചെയ്താല്‍ ആളുകള്‍ അതിനെ പ്രശംസിക്കും. അതില്‍ ഞാന്‍ ഭാഗ്യവതിയാണ്,’ അനുപമ പരമേശ്വരന്‍ പറയുന്നു.


Content Highlight: Anupama Parameswaran Talks About Telugu Films