ലോകഃ യുടെ വിജയത്തില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് നടി അനുപമ പരമേശ്വരന്‍. എന്നാല്‍ അങ്ങനെയുള്ള സിനിമകള്‍ നടക്കണമെങ്കില്‍ ദുല്‍ഖറിനെ പോലുള്ള നിര്‍മാതാക്കള്‍ തന്നെ വേണമെന്നും അനുപമ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയെ, ആ കഥാപാത്രത്തെ വിശ്വസിച്ച് പണം മുടക്കാന്‍ സിനിമ പാഷനായി കൊണ്ട് നടക്കുന്ന ഒരാള്‍ക്കേ സാധിക്കൂ. വളരെയധികം ധൈര്യവും വേണം.
അത് ദുല്‍ഖറി നെപ്പോലുള്ളവര്‍ക്കേ സാധിക്കുള്ളൂ. ആദ്യം പാഷന്‍, പിന്നെ ലാഭം എന്ന് ചിന്തിക്കുന്ന നിര്‍മാതാക്കളാവണം. അല്ലെങ്കില്‍ ഒരു നായികയ്ക്ക് വേണ്ടി ഇത്രയും പണം ആര് ചെലവാക്കും? നടിമാരെ തരം താഴ്ത്തി പറയുന്നതല്ല, അത്തരം ചില അനുഭവങ്ങളിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്,’ അനുപമ പരമേശ്വരന്‍ പറയുന്നു.
നമുക്ക് ചെയ്യാന്‍ താത്പര്യമുള്ള നല്ല കഥാപാത്രങ്ങള്‍ വരുമെന്നും പക്ഷേ നിര്‍മാതാവിലേക്ക് കഥയെത്തുമ്പോള്‍ അതൊരു നടനിലേക്ക് വഴിമാറുമെന്നും നടി പറയുന്നു. അത് ആരുടെയും തെറ്റല്ല. എന്തൊക്കെ പറഞ്ഞാലും സിനിമ ഒരു ബിസിനസ് ആണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.