മലയാളത്തിലെയും തെലുങ്കിലെയും തമിഴിലെയും അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന ചിത്രത്തില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.
പ്രേമം ഇറങ്ങിയതിന് ശേഷം തൊട്ടടുത്ത വര്‍ഷം തന്നെ മലയാളത്തിലും തമിഴിലുമായി ഓരോ ചിത്രത്തിലും തെലുങ്കില്‍ രണ്ട് സിനിമകളിലും അഭിനയിച്ച് മുന്‍നിരയിലേക്ക് ഉയരാന്‍ അനുപമക്കായി. തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടികൂടിയാണ് അനുപമ ഇപ്പോള്‍.
അനുപമ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം ആയിരുന്നു ഫ്രീഡം അറ്റ് മിഡ്നെറ്റ്. ആര്‍.ജെ ഷാന്‍ സംവിധാനം ചെയ്ത ആ ഷോര്‍ട്ട് ഫിലിമാണ് തന്റെ കരിയര്‍ മാറ്റിയതെന്ന് അനുപമ പറയുന്നു. കുറേകൂടി ഹെവിയായ കഥാപാത്രം ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത് ഫ്രീഡം അറ്റ് മിഡ്നെറ്റിന് ശേഷമാണെന്നും നടി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരന്‍.
‘ഫ്രീഡം അറ്റ് മിഡ്നെറ്റാണ് എന്റെ കരിയര്‍ വലിയരീതിയില്‍ മാറ്റിയത്. അതിന് ഞാന്‍ ഷാന്‍ ചേട്ടനോട് എന്നും നന്ദിയുള്ളവളായിരിക്കും. പ്രേമം എന്റെ ജീവിതം മാറ്റിയപ്പോള്‍ ആ ഒരു ഷോര്‍ട്ട് ഫിലിമാണ് എന്റെ കരിയര്‍ മാറ്റിയത്.
ഇത്രയും ഹിറ്റാകുമെന്നൊന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. നല്ല ഒരു സാധനം ചെയ്യണം എന്നുണ്ടായിരുന്നു, അത് ഞങ്ങള്‍ ചെയ്തു. ഹെവി റോളുകള്‍ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് ആ ഷോര്‍ട്ട് ഫിലിം കണ്ടതിന് ശേഷമാണ്,’ അനുപമ പരമേശ്വരന്‍ പറയുന്നു.